മണിമല: സ്വർണം പണയത്തിൽനിന്ന് തിരിച്ചെടുത്ത് മറിച്ചു വിൽക്കാമെന്ന് വിശ്വസിപ്പിച്ച് 4.17 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടാം പ്രതിയെ മണിമല പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി കറിക്കാട്ടൂർ കുന്നേൽ വിനീത് കെ.എസ്. എന്ന കുഞ്ഞയിയെ ആണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറഞ്ഞതിങ്ങനെ: കഴിഞ്ഞ 30ന് ഉച്ചയ്ക്ക് 12 മണിയോടെ, കാഞ്ഞിരപ്പള്ളി എഎം ഗോൾഡിൽ ജോലി ചെയ്യുന്ന പരാതിക്കാരനെ പ്രതികൾ സ്വർണം പണയം വച്ച മണിമലയിലെ അക്ഷയ ഫിനാൻസിലേക്ക് വിളിച്ചുവരുത്തി.
പണയ സ്വർണം തിരിച്ചെടുക്കുന്നതിന് പണം നൽകിയാൽ അത് മറിച്ച് വിൽക്കാമെന്ന് പറഞ്ഞ് ഒന്നാം പ്രതി പരാതിക്കാരനിൽ നിന്ന് 4,17,000 പണമായി കൈപ്പറ്റി. തുടർന്ന് 40 ഗ്രാം തൂക്കമുള്ള മുക്കുപണ്ടത്തിന്റെ മാല നൽകി പരാതിക്കാരനെ കബളിപ്പിക്കുകയായിരുന്നു.
എസ്.ഐ. ശശി, എഎസ്ഐ സാജു, ജോഷി, എസ്സിപിഒമാരായ സെൽവരാജ്, പ്രജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കാഞ്ഞിരപ്പള്ളി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 ൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒന്നാം പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുന്നു.
