മെഡിക്കല്‍ കോളജില്‍ മരണപ്പെട്ട കോവിഡ് രോഗിയുടെ സ്വര്‍ണമോതിരം കാണാനില്ല ! പരാതിയുയര്‍ന്നപ്പോള്‍ പറയുന്നതിങ്ങനെ…

കോവിഡ് ബാധിച്ച് മരണപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ചയാളുടെ സ്വര്‍ണ്ണമോതിരം കാണാതായെന്ന് പരാതി.

മരിച്ചയാളുടെ മകന്റെ പരാതിയില്‍ മൃതദേഹം പൊതിഞ്ഞു കെട്ടിയ ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു.

വീഴ്ച കണ്ടെത്തിയാല്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കമ്മിഷന്‍ ഉത്തരവ് നല്‍കി. ചെമ്പഴന്തി സ്വദേശി കെ. അശോക് കുമാറിന്റെ പരാതിയിലാണ് നടപടി.

മരിച്ചയാളുടെ കൈയില്‍ നിന്ന് മോതിരം ഊരിയെടുക്കാന്‍ കഴിയാത്തതിനാല്‍ മോതിരം ഉള്‍പ്പെടെ മൃതദേഹം പൊതിഞ്ഞു കെട്ടിയതായാണ് മെഡിക്കല്‍ കോളേജ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ഇക്കാര്യം പരാതിക്കാരനെ അറിയിക്കുന്നതിലും മൃതദേഹത്തോടൊപ്പം മോതിരം സൂക്ഷിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നതിലും ജീവനക്കാര്‍ വീഴ്ച വരുത്തി.

കോവിഡായതിനാല്‍ ആശുപത്രി ജീവനക്കാര്‍ക്കൊഴികെ മറ്റാര്‍ക്കും മൃതദേഹം കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്നില്ല. മോഷണം നടന്നതിന് തെളിവില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

തെളിവില്ലാത്ത സാഹചര്യത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ കേസെടുക്കുന്നത് അവരുടെ മനോവീര്യം തകര്‍ക്കുമെന്നും അപമാനത്തിന് കാരണമാകുമെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

മോഷണം നടന്നതായി വ്യക്തമായിട്ടും നീതി ലഭ്യമാകാത്തത് സാമാന്യ നീതി നിഷേധമാണെന്ന് പരാതിക്കാരന്‍ പറഞ്ഞു.

Related posts

Leave a Comment