പാടം പരീക്ഷണശാലയായി; ഗോപിക പിറന്നു

ഉരുണ്ട മട്ട അരി. പാലക്കാടൻ മട്ടയോടു ചേർത്തുവയ്ക്കാം. രോഗപ്രതിരോധ ശേഷി കൂടുതൽ, വർഷം മൂന്നു വിളവുവരെയെടുക്കാം. തണ്ടിനു ബലമുള്ളതായതിനാൽ കാറ്റു പിടിക്കില്ല. സ്വാദേറിയ അരി. കരനെൽകൃഷിയായും വെള്ളമുള്ള പാടങ്ങളിലും ഒരുപോലെ ഉപയോഗിക്കാം. വരണ്ടഭൂപ്രദേശങ്ങൾക്കും അനുയോജ്യം. 120-130 ദിവസം മൂപ്പ്.

മലപ്പുറം പുലാമന്തോൾ ചോലപ്പറന്പത്ത് സി. ശശിധരൻ എന്ന കർഷകൻ വികസിപ്പിച്ചെടുത്ത ഗോപിക എന്ന നെല്ലിന്‍റെ സവിശേഷതകളാണിവയെല്ലാം. ഇതുകൊണ്ടും തീർന്നില്ല. തണ്ടിന് ഒരു മീറ്റർ വരെ നീളമുണ്ട്.

പാലക്കാട്ട് ഒരു ഹെക്ടറിന് എട്ടു ടണ്‍ വിളവുകിട്ടി. കേരളത്തിലെ 12 ജില്ലകളിലും മംഗലാപുരത്തും ഗോപിക കൃഷിചെയ്യുന്ന കർഷകർ ഹാപ്പി. ഒരേക്കർ കൃഷി ചെയ്യാൻ 28 കിലോ വിത്തെന്നാണ് കണക്ക്. ജൈവരീതിയിലും രാസരീതിയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഐശ്വര്യ- ജ്യോതി ഇനങ്ങളുടെ സങ്കര ഇനമാണ് ഗോപിക. ഇന്ന് ശശിധരന്‍റെ പാടംകണ്ട് കൃഷിപഠിക്കാൻ നിരവധിപേരെത്തുന്നു.

കൈക്കുന്പിളിൽ നിന്ന് കൈയെത്താ ദൂരത്തേക്ക്

2002 ൽ തന്‍റെ പാടത്തിന്‍റെ 30 സെന്‍റിലാണ് ശശിധരന്‍റെ പരീക്ഷണങ്ങൾക്കു തുടക്കം. പരന്പരാഗതമായി കിട്ടിയ കാർഷിക പാരന്പര്യവും ശാസ്ത്രമനസുമായിരുന്നു മൂലധനം. ഐശ്വര്യ- ജ്യോതി നെല്ലിനങ്ങൾ കൂട്ടിവിതച്ചു. രാവിലെ ആറുമുതൽ കൃത്രിമപരാഗണം നടത്തുന്നതിനായി പാടത്തു തനിച്ചിരിക്കുന്ന ശശിധരന്‍റെ തലയ്ക്ക് അസുഖമാണെന്നു പരിഹസിച്ചവരും അനവധി.

എന്നാൽ ഈ കമന്‍റുകളിലൊന്നും തളരാതെ സ്വന്തം ലക്ഷ്യം മുന്നിൽകണ്ട് മുന്നേറുകയായിരുന്നു ശശിധരൻ. കൃഷിവിജ്ഞാന കേന്ദ്രത്തിന്‍റെ ക്ലാസുകളും ശരിധരന്‍റെ പ്രയാണത്തിന് ഉൗർജം പകർന്നു. ഒരു കൈക്കുന്പിൾ നെല്ലാണ് ആദ്യം ലഭിച്ചത്. ഇത് 16 തവണ ആവർത്തന കൃഷി ചെയ്ത് വിത്തെണ്ണം വർധിപ്പിച്ചു. 2010-ൽ തനതു ജനിതക ഗുണമുള്ള വിത്തുകൾ ലഭിച്ചു. പീന്നിട് മുന്നര വർഷമെടുത്ത് ഏഴു കൃഷികൾകൂടി നടത്തി ഗോപികയെ സ്വന്തം വ്യക്തിത്വമുള്ള നെല്ലിനമാക്കി മാറ്റുകയായിരുന്നു.

ശാസ്ത്രവഴിയേ

പുതിയ നെല്ലിനമെന്ന് വെറുതേ പറഞ്ഞിട്ടു കാര്യമില്ലെന്നു ശശിധരനറിയാം. അതിന് ശാസ്ത്രീയ അടിത്തറവേണം. ഇതിനായി 2013 ൽ നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷന് അപേക്ഷനൽകി. കർഷകരുടെ കണ്ടുപിടിത്തങ്ങൾക്ക് അംഗീകാരം നൽകുന്ന ദേശീയ ഏജൻസിയാണിത്. ഇവരുടെ നിർദ്ദേശപ്രകാരം കേരള കാർഷിക സർവകലാശാലയുടെ പട്ടാന്പി നെല്ലുഗവേഷണ കേന്ദ്രത്തിൽ നെൽവിത്ത് പരിശോധനയ്ക്കു നൽകി.

മൂന്നു വർഷം ഇവരുടെ മേൽനോട്ടത്തിൽ മറ്റുനെല്ലിനങ്ങൾ കൂടി ഉൾപ്പെടുത്തി കൃഷി നടത്തി. മറ്റുനെല്ലിനങ്ങളും ഗോപികയും തമ്മിലുള്ള താരതമ്യത്തിനായിരുന്നു ഇത്. ഐശ്വര്യ, ജ്യോതി, ജയ, നാടൻ ഇനമായ ചേറ്റാടി, മഹാമായ, ഉമ, തമിഴ്നാട് കാർഷിക സർവകലാശാലയുടെ സിഒആർഎച്ച്-4,5, സഹ്യാദ്രി എന്നീ നെല്ലിനങ്ങളും ഗോപികയും ഒരേ പാടത്ത് പല സെക്ടറുകളിലായി കൃഷി ചെയ്തു. ഒരു ചുവട്ടിൽ നിന്നും 40-80 ചിനപ്പുകളും ഒരു കതിരിൽ 120 നെൽമണികളും കതിരിന് 15 സെന്‍റീമീറ്റർ നീളവുമൊക്കെയായി ഗോപിക മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ച് പരീക്ഷ പാസായി. 100 നെൽമണികൾക്ക് 26.31 ഗ്രാം തൂക്കവും ലഭിച്ചു.

അടിവളമായി ജൈവവളം

ജൈവരീതിയിലും രാസരീതിയിലും ഗോപിക കൃഷിചെയ്ത് പരീക്ഷിച്ചെങ്കിലും വിത്തുണ്ടാക്കാനായി ശശിധരൻ ജൈവരീതിയിലാണ് നെല്ല് കൃഷി ചെയ്യുന്നത്. ചാണകപ്പൊടി, കോിവളം എന്നിവ ഹെക്ടറിന് 100 കിലോ അടിവളമായി നൽകി. ചാണകപ്പൊടിയും ഗോമൂത്രവും കലക്കി തളിക്കുന്നു. ഒപ്പം 10 ലിറ്റർ വെള്ളത്തിൽ 2.5 ഗ്രാം യൂറിയ ലയിപ്പിച്ച് ഇലയിൽ തളിക്കുന്നു.

വിത്തുമുളയ്ക്കാൻ ഉപ്പും പുളിയും

വിത്തു വേഗം മുളയ്ക്കുന്നതി ന് വിതയ്ക്കുന്നതിനു മുന്പ് ഉപ്പു കലക്കിയ ലായനിയിലോ മോരു കലക്കിയ വെള്ളത്തിലോ മുക്കി കുതിർത്തശേഷം നടുന്നതു നല്ലതാണെന്നാണ് ശശിയുടെ കൃഷിപാഠം. നെൽവിത്ത് വിളവെടുത്തശേഷം വെയിലും മഞ്ഞുമേൽക്കാൻ പ്ലാസ്റ്റിക്ക് ഷീറ്റിൽ എട്ടു ദിവസത്തോളം പാടത്തുതന്നെയിടും. ഉച്ചവെയിലേൽക്കാതിരിക്കാൻ ഈ സമയങ്ങളിൽ മൂടിയിടുകയും ചെയ്യും.

പാടത്തു വിളപരിക്രമം

ഒരു വിളതന്നെ തുടർച്ചയായി ചെയ്യുന്ന രീതിയല്ല ശശിധരന്േ‍റത്. തന്‍റെ മൂന്നര ഏക്കറിൽ ജൂണിൽ തുടങ്ങുന്ന ഒന്നാം കൃഷിയും സെപ്റ്റംബറിൽ തുടങ്ങുന്ന രണ്ടാം കൃഷിയും നെല്ലുതന്നെ. ഇതിനിടയിൽ അച്ചിങ്ങ, നാടൻകൂവ, ചെറുപയർ, ഉഴുന്ന് എന്നിവയെല്ലാം കൃഷി ചെയ്യുന്നു. നാടൻ കൂവ പൊടിയാക്കി കിലോ 1000 രൂപയ്ക്ക് വിൽക്കുന്നു. എണ്ണയാട്ടുന്ന മില്ലിൽ ചതച്ചാണ് കൂവപ്പൊടി നിർമിക്കുന്നത്.

പാടത്ത് ഒരേക്കറിൽ സൂര്യകാന്തി കൃഷിചെയ്ത് എണ്ണയാക്കി വിൽക്കുകയും ചെയ്തു. ഒരേക്കറിലെ സൂര്യകാന്തികൃഷിയിൽ നിന്നും 40 കിലോ എണ്ണയുണ്ടാക്കി. എള്ളാട്ടുന്ന മെഷീനിലാണ് സൂര്യകാന്തിയും എണ്ണയായത്. ഒരുകിലോ വിത്താട്ടിയാൽ 400-450 മില്ലിലിറ്റർ എണ്ണ ലഭിക്കും. പൂ വെട്ടിയെടുത്ത് ഉണക്കി വടികൊണ്ട് തല്ലിയാണ് വിത്ത് വേർപെടുത്തുന്നത്. വേർപെടുത്തിയ വിത്തുകൾ ഒരു ദിവസം കൂടി വെയിലുകൊള്ളിച്ച ശേഷം ആട്ടാം. ഒരു പൂവിൽ 150 ഗ്രാം വിത്തുണ്ടാകും.

ഇനവൈവിധ്യമുള്ള അടുക്കളത്തോട്ടം

പാവൽ, വഴുതന, ചീര, പച്ചച്ചീര തുടങ്ങിയ പച്ചക്കറികളെല്ലാം വിളവൈവിധ്യമൊരുക്കുന്ന പച്ചക്കറിത്തോട്ടവും ശശിധരൻ പരിപാലിക്കുന്നു. നാടൻ മാവിനങ്ങൾ, കൂർക്ക, തെങ്ങ്, കാന്താരി, നാടൻ മുളകിനങ്ങൾ, നാടൻ കോഴി, കാസർഗോഡ് ഡ്വാർഫ് പശുക്കൾ, വാഴ എന്നിവയെല്ലാം വീട്ടിലുണ്ട്.

പട്ടാന്പി നെല്ലുഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഡോ. എം.സി. നാരായണൻകുട്ടി, പ്ലാന്‍റ് ബ്രീഡർ ഡോ. ഫസീല, നെല്ല് സ്പെഷലിസ്റ്റ് ഡോ. ഇളങ്കോവൻ, ഡോ. മൂസ, ഡോ. രാജേന്ദ്രൻ, പ്രഫ. രഞ്ചൻ, അസോസിയേറ്റ് പ്രഫസർ ഇസ്രായേൽ തോമസ്, കൃഷി ഓഫീസർമാരായ കെ. പ്രശാന്തി, എ. ഉണ്ണികൃഷ്ണൻ, കൃഷി അസിസ്റ്റന്‍റ് പി.വി. സുരാജ് എന്നിവരുടെയെല്ലാം ശാസ്ത്രീയ മാർഗനിർദ്ദേശങ്ങൾ നന്ദിയോടെയാണ് ശശിധരൻ ഓർക്കുന്നത്.

മികച്ച ഇനം: പട്ടാന്പി നെല്ലു ഗവേഷണകേന്ദ്രം

പട്ടാന്പി നെല്ലു ഗവേഷണകേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ഗോപിക മികച്ച പ്രകടനം കാഴ്ചവച്ചെന്ന് അസോസിയേറ്റ് ഡയറക്ടർ ഡോ. എം.സി. നാരായണൻകുട്ടി. ഒരു കർഷകന്‍റെ നല്ലശ്രമമാണിത്. ഐശ്വര്യ- ജ്യോതി ഇനങ്ങൾക്ക് തുല്യമായ വിളവു കിട്ടുന്നുണ്ട് ഗോപികയ്ക്ക്. കർഷകർക്ക് കൃഷിചെയ്യാനായി ഇതുപയോഗിക്കുന്നതിൽ തെറ്റില്ല. കാണാൻ നല്ലഭംഗിയുള്ള നെല്ലാണിതെന്നും അദ്ദേഹം പറഞ്ഞു.

ടോം ജോർജ്
ഫോണ്‍: 93495 99023.
ഫോണ്‍: ശശിധരൻ- 94953 44237.

Related posts