ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസത്തിനായി നല്‍കാന്‍ വിസമ്മതിക്കുന്നവര്‍ അറിയാന്‍! 1924 ല്‍ പോലും സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങളുടെ ശമ്പളം സംഭാവന നല്‍കിയതിന്റെ അപൂര്‍വ രേഖകള്‍ പുറത്ത്

ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നതില്‍ പല വിധത്തിലുള്ള തടസങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ സംഘടനകള്‍ തങ്ങളുടെ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തയാറല്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയുമാണ്. തയാറല്ലാത്തവര്‍ എഴുതി നല്‍കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ തുടരുന്ന സമയത്ത് ഇതിന് മുമ്പ് കേരളം കണ്ട ഏറ്റവും വലിയ പ്രളയ കാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്തിരുന്നു എന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

1924ലെ വെള്ളപ്പൊക്കത്തെതുടര്‍ന്നുള്ള ദുരിതാശ്വാസത്തിനാണ് ജീവനക്കാര്‍ ശമ്പളം സംഭാവന നല്‍കിയത്. തിരുവിതാംകൂര്‍ ദിവാന് നായര്‍ ബ്രിഗേഡ് കമാന്‍ഡന്റ് അയച്ച കത്തിലാണ് ദുരിതാശ്വാസത്തിന് ശമ്പളം നല്‍കാന്‍ സന്നദ്ധമാണെന്ന് വ്യക്തമാക്കുന്നത്. പുരാരേഖാവകുപ്പാസ്ഥാനത്ത് അമൂല്യമായ ചരിത്രരേഖകള്‍ക്ക് ഒപ്പം സൂക്ഷിച്ചിരിക്കുന്ന കത്താണിത്.

സംസ്ഥാനം നിലവില്‍ നേരിടുന്ന പ്രളയക്കെടുതിയില്‍നിന്ന് കരകയറാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതിനോട് ചിലര്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുമ്പോള്‍ 1924ലെ നല്ല മാതൃക മുന്നില്‍ നില്‍ക്കുകയാണ്.

1924 ഓഗസ്റ്റ് ഒന്നിനാണ് കമാന്‍ഡന്റ് ദിവാന് കത്തയച്ചത്. തിരുവിതാംകൂര്‍ പ്രളയദുരിതാശ്വാസ സമിതിയിലേക്ക് ഒരുദിവസത്തെ ശമ്പളം നല്‍കാന്‍ സന്തോഷത്തോടെ സമ്മതം അറിയിക്കുന്നതാണ് കത്ത്. നായര്‍ ബ്രിഗേഡിലെ വിവിധ റാങ്കിലുള്ളവര്‍, മഹാരാജാവിന്റെ അംഗരക്ഷകര്‍, മറ്റു ജീവനക്കാര്‍ എന്നിവരില്‍നിന്ന് ഒരുദിവസത്തെ ശമ്പളമായി ഏകദേശം 750 രൂപ പിടിക്കാമെന്നും കത്തിലുണ്ട്.

എന്നാല്‍, അടിയന്തര സാഹചര്യം കണക്കിലെടുത്ത് അടുത്ത ശമ്പളദിനംവരെ ഇതിനായി കാത്തിരിക്കേണ്ടെന്നും പകരം 750 രൂപയുടെ ചെക്ക് അനുവദിക്കാന്‍ അക്കൗണ്ട് ഓഫീസറെ ചുമതലപ്പെടുത്തണമെന്നും ശമ്പളത്തില്‍നിന്ന് പിന്നീട് തിരികെ പിടിക്കാനും അഭ്യര്‍ഥിച്ചാണ് കത്ത് അവസാനിക്കുന്നത്.

ഒന്നാം തീയതി അയച്ച കത്ത് രണ്ടിന് ദിവാന്‍ ഓഫീസില്‍ ലഭിച്ചു. ടി രാഘവയ്യ ആയിരുന്നു ദിവാന്‍. രാജാവ് ശ്രീമൂലം തിരുനാളും. തദ്ദേശ സ്ഥാപനങ്ങളും 1924ലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കാളികളായിരുന്നെന്നും രേഖകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം മുനിസിപ്പല്‍ കൗണ്‍സില്‍ 501 രൂപയാണ് സംഭാവന നല്‍കിയത്.

പ്രളയാനന്തരമുള്ള തീവെട്ടിക്കൊള്ള തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം മുനിസിപ്പല്‍ ഓഫീസ് അയച്ച കത്തും സൂക്ഷിച്ചിട്ടുണ്ട്. കല്‍ക്കരി ദൗര്‍ലഭ്യത്തെതുടര്‍ന്ന് കൊല്ലത്തിനും തിരുവനന്തപുരത്തിനും ഇടയിലുള്ള ട്രെയിന്‍സര്‍വീസിന്റെ എണ്ണം ദിവസം ഒന്നായി ചുരുക്കിയതും, വീട് തകര്‍ന്നവര്‍ക്ക് പുനര്‍നിര്‍മിക്കാന്‍ സൗജന്യമായി മുള അനുവദിച്ചുള്ള ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉത്തരവുമെല്ലാം തങ്ങളുടെ പിന്‍ഗാമികള്‍ക്ക് മാതൃകയായി ഇപ്പോഴും നിലനില്‍ക്കുന്നു.

Related posts