ടെഹ്റാൻ/വാഷിംഗ്ടൺ: ഇറാൻ പരമോന്നത നേതാവ് ഖമനയ്യുടെ കൊലയ്ക്കു പിന്നാലെ പശ്ചിമേഷ്യ അതീവ ഗുരുതരമായ യുദ്ധസാഹചര്യത്തിലേക്ക് നീങ്ങുന്നു. യുഎഇ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ ഇറാൻ ശക്തമായ മിസൈൽ ആക്രമണങ്ങൾ നടത്തി. ഇതോടെ മേഖലയിൽ പൂർണ തോതിലുള്ള യുദ്ധമുണ്ടാകുമെന്ന ആശങ്ക വർധച്ചിരിക്കുകയാണ്.
അതേസമയം, ഇറാനെതിരെയുള്ള ബോംബാക്രമണം തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.സംഘർഷം ലെബനനിലേക്കുംഇറാന്റെ സഖ്യശക്തിയായ ഹിസ്ബുള്ള കൂടി രംഗത്തിറങ്ങിയതോടെ സംഘർഷം ലെബനനിലേക്കും വ്യാപിച്ചു. വടക്കൻ ഇസ്രയേലിലെ ഹൈഫയ്ക്ക് സമീപമുള്ള സൈനിക താവളത്തിനെതിരേ ഹിസ്ബുള്ള റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങൾ നടത്തി.
തങ്ങളുടെ നേതാക്കളെയും ജനങ്ങളെയും ലക്ഷ്യമിടുന്ന ഇസ്രയേൽ ആക്രമണത്തിനെതിരേ പ്രതികരിക്കാൻ അവകാശമുണ്ടെന്ന് ഹിസ്ബുള്ള പ്രസ്താവനയിൽ പറഞ്ഞു.ഹിസ്ബുള്ളയ്ക്കു മറുപടിയായി ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ ബോംബാക്രമണം നടത്തി. 2024 നവംബറിൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാറാണ് ഇതോടെ ലംഘിക്കപ്പെട്ടത്. ഇതിനു പുറമെ, ചെങ്കടലിലെ കപ്പലുകൾക്കെതിരേ വീണ്ടും ആക്രമണം നടത്തുമെന്ന് യെമനിലെ ഹൂത്തി വിമതരും പ്രഖ്യാപിച്ചിട്ടുണ്ട്.
മരണസംഖ്യ ഉയരുന്നു
മേഖലയിലുടനീളം മരണസംഖ്യ കുതിച്ചുയരുകയാണ്. ഇറാനിൽ മാത്രം ഇതുവരെ 201ലേറെ പേർ കൊല്ലപ്പെടുകയും 700ലേറെ പേർക്കു പരിക്കേൽക്കുകയും ചെയ്തതായി റെഡ് ക്രസന്റ് അറിയിച്ചു. ഇഇറാൻ നടത്തിയ തിരിച്ചടിയിൽ മൂന്ന് അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.
ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നടന്ന ആക്രമണത്തിൽ പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളായ ഓരോരുത്തർ വീതം കൊല്ലപ്പെട്ടു. ഇസ്രയേലിൽ ഒമ്പത് പേരും ഇറാഖിൽ രണ്ടു പേരും കുവൈറ്റിൽ ഒരാളും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
