എന്റെ മകള്‍ പറയുന്നത് സത്യമാണ്, അവള്‍ കള്ളിയല്ല! കുഞ്ഞിലേ തുടങ്ങിയതാണ് അവളുടെ ദുരിതം; ജീവിതം തനിക്കും മക്കള്‍ക്കും നല്‍കിയ തിരിച്ചടികളെക്കുറിച്ച് ഹനാന്റെ അമ്മ സുഹറാ ബീവി പറയുന്നതിങ്ങനെ

മകള്‍ പറയുന്നത് സത്യമാണെന്നും ദയവുചെയ്ത് അവളെ ഉപദ്രവിക്കരുതെന്നും അപേക്ഷിച്ച് സോഷ്യല്‍മീഡിയയുടെ ആക്രമണത്തിനിരയായ ഹനാന്റെ അമ്മ സുഹറാ ബീവി രംഗത്ത്. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് മകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അമ്മ പറഞ്ഞത്. അവരുടെ വാക്കുകള്‍ ഇങ്ങനെ…

‘ എന്റെ മകള്‍ പറയുന്നത് സത്യമാണ്. അവള്‍ കള്ളിയല്ല. കൊച്ചുന്നാള്‍ മുതല്‍ അവള്‍ കഷ്ടപ്പെട്ടാണ് എന്നെ നോക്കുന്നത്. കുഞ്ഞിലേ തുടങ്ങിയതാണ് അവളുടെ ദുരിതം. ആരൊക്കെയോ ചേര്‍ന്ന് ഇല്ലാതാക്കാന്‍ നോക്കുകയാണ്, അവളാണെനിക്കെല്ലാം. എന്നെ നോക്കുന്നതും എനിക്ക് ഉണ്ണാനും ഉടുക്കാനും തരുന്നതെല്ലാം അവള്‍ കഷ്ടപ്പെട്ടാണ്. വീട്ടില്‍ നിന്ന് ഒരിടത്തും പോകരുതെന്ന് പറഞ്ഞാണ് അവള്‍ എന്നെ ഇവിടെ ആക്കിയിട്ടുള്ളത്.

അവള്‍ ചെയ്യാത്ത പണികളൊന്നുമില്ല. മീന്‍ വിറ്റത് ആണോ ഇപ്പോ പ്രശ്നം. പിന്നെ അവളെന്ത് ചെയ്യണം? അവള്‍ക്ക് പാട്ടും ഡാന്‍സും ഒക്കെ ഇഷ്ടമാണ്. സ്‌കൂളീന്നൊക്കെ സമ്മാനം കിട്ടാറുണ്ട്. കേച്ചേരിയില്‍ ആയിരുന്നു അവള്‍. അവിടെ നിന്നാണ് പഠിച്ചത്. പള്ളിക്കാരാണ് പഠിപ്പിച്ചത്. പഠിക്കാന്‍ പോകുന്നതിനിടയിലും അവള്‍ വേറെ കുട്ടികളെ പഠിപ്പിച്ചു. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും അവള്‍ ജീവിച്ചോളും. ആരും ഉപദ്രവിക്കരുത്’. കണ്ണീരോടെ ഹനാന്റെ വയ്യാത്ത ഉമ്മ പറയുന്നു.

മദ്യലഹരിയില്‍ ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ് മാനസികാരോഗ്യം നഷ്ടപ്പെട്ട ഉമ്മയെ ഹനാനാണ് കഷ്ടപ്പെട്ട് നോക്കുന്നത്. ഉമ്മയെ ഒപ്പം നിര്‍ത്താനാണ് ഹനാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അവരുടെ മാനസികാവസ്ഥ അതിന് അനുവദിക്കുന്നില്ല. ഇത്തരം അവസ്ഥകളെയെല്ലാം തരണം ചെയ്യാന്‍ പാടുപെടുന്ന പെണ്‍കുട്ടിയെയാണ് സോഷ്യല്‍മീഡിയ വഴി സാക്ഷരകേരളം കള്ളി എന്ന് വിളിച്ച് അധിക്ഷേപിച്ചതെന്നോര്‍ത്ത് തലകുനിക്കേണ്ടിയിരിക്കുന്നു.

Related posts