ലണ്ടൻ: “ഹിസ് മജസ്റ്റി കിംഗ് ചാൾസ് മൂന്നാമൻ അന്തരിച്ചു” എന്ന് ഔദ്യോഗിക അനൗൺസ്മെന്റ് പുറത്തുവന്നതിന് പിന്നാലെ ‘റേഡിയോ കാരലൈൻ’ പൂർണമായും നിശബ്ദമായി. ഇതോടെയാണ് അബദ്ധം മനസിലായത്. അധികൃതർ ഉടൻ തന്നെ സംപ്രേഷണം പുനഃസ്ഥാപിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ് അന്തരിച്ചെന്ന തെറ്റായ വാർത്ത അബദ്ധത്തിൽ സംപ്രേഷണം ചെയ്ത സംഭവത്തിൽ മാപ്പപേക്ഷയുമായി പ്രമുഖ ബ്രിട്ടീഷ് റേഡിയോ സ്റ്റേഷനായ ‘റേഡിയോ കാരലൈൻ’. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം സ്റ്റേഷനിലെ കമ്പ്യൂട്ടറിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്നാണ് ബ്രിട്ടനിലെ രാജാവിന്റെ മരണസമയത്ത് മാത്രം പ്രവർത്തിപ്പിക്കുന്ന അടിയന്തിര പ്രോട്ടോക്കോൾ അബദ്ധത്തിൽ സജീവമായത്. ” രാജാവും രാജ്ഞി കാമിലയും വടക്കൻ അയർലൻഡിൽ ഔദ്യോഗിക സന്ദർശനം നടത്തിക്കൊണ്ടിരിക്കെയായിരുന്നു ഈ സംഭവം.
ബ്രിട്ടനിലെ എല്ലാ റേഡിയോ സ്റ്റേഷനുകളും ഇത്തരം അടിയന്തിര സാഹചര്യങ്ങൾക്കായി ഈ പ്രോട്ടോക്കോൾ തയാറാക്കി വയ്ക്കാറുണ്ടെന്നും, കമ്പ്യൂട്ടർ പിഴവ് മൂലം ഇത് അബദ്ധത്തിൽ പ്ലേ ആയതാണെന്നും സ്റ്റേഷൻ മാനേജർ പീറ്റർ മൂർ വ്യക്തമാക്കി. രാജാവിനും ശ്രോതാക്കൾക്കും ഉണ്ടായ വിഷമത്തിൽ സ്റ്റേഷൻ ഔദ്യോഗികമായി മാപ്പ് ചോദിച്ചു. 1964-ൽ ആരംഭിച്ച റേഡിയോ കാരലൈൻ ബ്രിട്ടനിലെ ഏറ്റവും പ്രശസ്തമായ സ്വതന്ത്ര റേഡിയോ സ്റ്റേഷനുകളിൽ ഒന്നാണ്.
