എന്തോ അപകടമുണ്ടല്ലോ എന്നു കരുതി ഡോക്ടറെ സമീപിച്ചെങ്കിലും ചില പരിശോധനകള്‍ നടത്താനുണ്ടെന്നു മാത്രമായിരുന്നു മറുപടി! എന്റെ കുഞ്ഞിനോട് ഞാനെന്ത് മറുപടി പറയും? ആര്‍സിസിയില്‍ നിന്ന് എച്ച്‌ഐവി ബാധിച്ച കുട്ടിയുടെ അച്ഛന്‍ ചോദിക്കുന്നു

റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയ്ക്ക്, രക്തം മാറി കുത്തിവച്ച് എച്ച്‌ഐവി ബാധിച്ചെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഏവരും കേട്ടത്. അച്ഛനെന്ന നിലയില്‍ എന്റെ കുഞ്ഞിനോട് ഞാന്‍ എന്ത് പറയുമെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് ചോദിക്കുന്നത്. നീറുന്ന അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ…അക്കാര്യം ഞങ്ങളെ അറിയിക്കാനുള്ള സൗമനസ്യം പോലും ആ ഡോക്ടര്‍ കാട്ടിയില്ല. ഒട്ടേറെപ്പേര്‍ക്ക് ഇവിടെ വിദഗ്ധ ചികിത്സ ലഭിക്കുന്നുണ്ടെന്നറിയാം. പക്ഷേ, ചില ഡോക്ടര്‍മാര്‍ രോഗവിവരങ്ങള്‍ വിശദീകരിക്കാറില്ല. രേഖകള്‍ നല്‍കാറുമില്ല.

നാലാം കീമോ തെറാപ്പി കഴിഞ്ഞശേഷം രക്തപരിശോധനയുടെ ഫയല്‍ അബദ്ധവശാല്‍ ഭാര്യയുടെ കയ്യില്‍ കിട്ടി. ഓടിച്ചുനോക്കിയപ്പോള്‍ എച്ച്‌ഐവി എന്ന ഭാഗത്ത് ഒന്നും എഴുതിയിട്ടില്ലെന്നു കണ്ടു. അടുത്തദിവസം ഡ്രിപ് കൊടുക്കുന്ന കാനുലയില്‍നിന്നു രണ്ടു തുള്ളി രക്തം കിടക്കയില്‍ വീണു. ആ സമയം നഴ്‌സ് വന്നു ബെഡ്ഷീറ്റ് കഴുകിത്തരണമെന്നും നിങ്ങള്‍ പ്രത്യേക ബക്കറ്റ് ഉപയോഗിക്കണമെന്നും നിര്‍ദേശിച്ചു. എന്തോ അപകടമുണ്ടല്ലോ എന്നു കരുതി ഡോക്ടറെ സമീപിച്ചെങ്കിലും ചില പരിശോധനകള്‍ നടത്താനുണ്ടെന്നു മാത്രമായിരുന്നു മറുപടി. അതും വ്യക്തതയില്ലാതെ. തുടര്‍ന്നാണു മന്ത്രിക്കു പരാതി നല്‍കിയത്.

അതുകഴിഞ്ഞു കാര്യങ്ങള്‍ സംസാരിക്കാന്‍ വിളിച്ച ഡോക്ടറുടെ ആദ്യചോദ്യം എന്റെ വിദ്യാഭ്യാസ യോഗ്യതയാണ്. തികച്ചും ലാഘവത്തോടെയാണു മറ്റൊരാളുടെ ജീവനെക്കുറിച്ചു സംസാരിച്ചത്. അങ്ങനെ പറ്റിപ്പോയി, പരിശോധിക്കാന്‍ വേണ്ട സൗകര്യമില്ല, ഞങ്ങളുടെ കുറ്റമല്ല എന്നൊക്കെയായിരുന്നു വിശദീകരണം. ഒരാള്‍ക്കും ഈ ഗതി വരരുതെന്നാണ് എന്റെ പ്രാര്‍ത്ഥന. കീമോ കഴിയുന്നതു കാത്തിരിക്കുകയാണ് എന്റെ കുഞ്ഞ്. അവളോടു ഞാനെന്തു പറയും?” ഇത് ഒരു പിതാവിന്റെ മാത്രം ആകുലതയല്ല. എന്ത് വിശ്വസിച്ച് ആശുപത്രിയില്‍ പോകും ചികിത്സ തേടും? മുഴുവന്‍ ജനങ്ങളുടെയും ആകുലതയാണ്. ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കാതെ ഇത്തരം ദുരന്തങ്ങള്‍ കുറയ്ക്കാനാവില്ല.

 

Related posts