ഹണി ട്രാപ്പിൽ അകപ്പെടുന്ന ഒരുപാട് ആളുകളുടെ വാർത്തകൾ ദിവസവും വരാറുണ്ടെങ്കിലും അതൊന്നും കാര്യമായി ആരും ഗൗനിക്കാറില്ല. അതിനാൽത്തന്നെ ഇത്തരം ചതിക്കുഴിയിൽ അറിയാതെ ചെന്ന് വീഴുകയും ചെയ്യും. സ്നേഹം നടിച്ചും പ്രേമം നടിച്ചുമൊക്കെ ആളുകളെ വലയിലാക്കാനുള്ള വിരുതൻമാരും വിരുതികളുമൊക്കെ കഴുകൻ കണ്ണുകളുമായി ചുറ്റിലുമുണ്ട്. സൂക്ഷിച്ചാൽ ദുഖിക്കേണ്ടി വരില്ലന്നാണ് പറയുന്നത്.
ഹണിട്രാപ് കേസിൽ യുവതിയും ഭർത്താവിന്റെ സുഹൃത്തും അറസ്റ്റിലായ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. പൊന്നാനിയിലാണ് സംഭവം. പൊന്നാനി സ്വദേശികളായ നസീമ (44), ഭർത്താവിന്റെ സുഹൃത്ത് കളത്തിൽ വളപ്പിൽ അലി(55) എന്നിവരാണ് അറസ്റ്റിലായത്.
തിരൂർ സ്വദേശിയെയാണ് ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയത്. മൊബൈൽ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചു യുവാവിനെ വീടിലേക്ക് വിളിച്ചു വരുത്തിയാണ് തട്ടിപ്പ് നടത്തിയത്.
നസീമയുടെ പൊന്നാനിയിലുള്ള വാടക വീട്ടിലേക്കാണ് യുവാവിനെ വിളിച്ചുവരുത്തിയത്. ഇതിന് ശേഷം ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ആദ്യം 25,000 രൂപ പ്രതികൾ യുവാവിൽ നിന്ന് തട്ടിയെടുത്തു.
യുവാവിനെ അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുകയായിരുന്നു. വീണ്ടും ഭീഷണി തുടർന്നതോടെയാണ് യുവാവ് പോലീസിനെ സമീപിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പോലീസ് പിടിയിലായത്. പൊന്നാനി പോലീസ് ആണ് പ്രതികളെ പിടികൂടിയത്. കേസിൽ ഒരാൾ കൂടി അറസ്റ്റിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.
