ദുരഭിമാനക്കൊലയുടെ ഇര ശങ്കറിന്റെ ഭാര്യയ്ക്ക് ഇനി പുതുജീവിതം ! കൗസല്യ ‘ശക്തി’യുമായൊന്നിച്ചത് ‘സ്വാഭിമാന’ വിവാഹത്തിലൂടെ; മാറ്റത്തിന്റെ ശംഖൊലി മുഴങ്ങുമ്പോള്‍…

രാജ്യത്തെ ഞെട്ടിച്ച ദുരഭിമാനക്കൊലയുടെ ഇര ശങ്കറിന്റെ ഭാര്യയ്ക്ക് ഇനി പുതുജീവിതം. ജാതിവെറിയുടെ പകമൂലം ശങ്കറിനെ വെട്ടിവീഴ്ത്തി രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്ന് രണ്ടു വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ശങ്കറിന്റെ ഭാര്യ കൗസല്യ വീണ്ടും വിവാഹിതയായത്. നിമിര്‍വ് കലൈയകം എന്ന കലാ സംഘടനയുടെ ഓര്‍ഗനൈസറായ കോയമ്പത്തൂര്‍ സ്വദേശി ശക്തി( പറൈശക്തി) ആണ് വരന്‍. ഇതര ജാതിയില്‍െപ്പട്ട പറ ഇശയ് കലാകാരനാണ് 27 വയസുള്ള ശക്തി. വിവാഹം കോയമ്പത്തൂറ പെരിയാര്‍ ദ്രാവിഡ കഴകം( ടിപിഡികെ) ഓഫീസില്‍ വെച്ച് ലളിതമായ ചടങ്ങുകളോടെയാണ് ഞായറാഴ്ച നടന്നത്.

2016 മാര്‍ച്ചില്‍ തമിഴ്നാട്ടിലെ ഉദുമല്‍പെട്ടില്‍വെച്ച് പട്ടാപ്പകലാണ് താഴ്ന്ന ജാതിയില്‍പ്പെട്ട ശങ്കറുമായുള്ള കൗസല്യയുടെ വിവാഹത്തിന്റെ പേരില്‍ ശങ്കറിനെ(22) വെട്ടിവീഴ്ത്തിയത്. മാതാപിതാക്കളുടെ ആഗ്രഹത്തിനെതിരായി കൗസല്യ ശങ്കറിനെ വിവാഹം കഴിച്ചതിനെത്തുടര്‍ന്നായിരുന്നു ദുരഭിമാനക്കൊല നടന്നത്. കൗസല്യയുടെ മാതാപിതാക്കളടക്കമുള്ള ബന്ധുക്കളുടെയും ക്വട്ടേഷന്‍ സംഘത്തിന്റെയും നേതൃത്വത്തിലാണ് കൊല നടന്നത്. കൂടെ ഉണ്ടായിരുന്ന കൗസല്യയെ വെട്ടി പരിക്കേല്‍പ്പിച്ചുവെങ്കിലും പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് പ്രത്യേക കോടതിയില്‍ നടന്ന വിചാരണയില്‍ കൗസല്യയുടെ അച്ഛന്‍ ചിന്നത്തമ്പി അടക്കം ആറു പേര്‍ക്ക് വധശിക്ഷ ലഭിച്ചു. ശങ്കറിന്റെ മരണശേഷം കൗസല്യ നിമിര്‍വ് കലൈയകം എന്ന ട്രസ്റ്റ് നടത്തിവരുകയായിരുന്നു. അടിച്ചമര്‍ത്തപ്പെട്ട ജാതിയിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി ശങ്കറിന്റെ ഓര്‍മ്മയ്ക്കായുള്ള സംഘടനയിലൂടെ കൗസല്യ പ്രവര്‍ത്തിക്കുന്നു. ജാതിയുടെ പേരിലുണ്ടാകുന്ന ദാരുണ സംഭവങ്ങളെയും ദുരഭമാനക്കൊലകള്‍ക്കുമെതിരെ കൗസല്യ പ്രവര്‍ത്തിച്ചുവരികയാണ്. സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് കൗസല്യ ഡ്രം ആര്‍ട്ടിസ്ററായ ശക്തിയെ കണ്ടുമുട്ടുന്നത്. വിഷ്യല്‍ കമ്മ്യണിക്കേഷനില്‍ ബിരുദധാരിയാണ് ശക്തി. എഞ്ചിനീയറിംഗ് പഠനത്തിനിടെയായിരുന്നു കൗസല്യയുടെ വിവാഹം. ശങ്കറിന്റെ മരണത്തോടെ കൗസല്യയുടെ പഠനവും അവസാനിച്ചു.

അടുത്ത സുഹൃത്തുക്കളുടെയും സംഘടനാ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഞായറാഴ്ച രാവിലെ 11 നാണ് വിവാഹിതരായത്. കൊളത്തൂര്‍ മണി, കെ.രാമകൃഷ്ണന്‍, എവിഡന്‍സ് കതിര്‍, വന്നി അരശ്, എന്നീ സംഘടനാ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. ജാതിവിവേചനം അവസാനിപ്പിക്കാനും, സ്ത്രീകളുടെ ഉന്നമനത്തിനായും പ്രവര്‍ത്തിക്കുമെന്ന വാഗ്ദാനം ചെയ്ത ഇരുവരും സമൂഹത്തില്‍ നിന്നോ, മറ്റെവിടങ്ങളില്‍ നിന്നോ എതിര്‍പ്പ് നേരിടുന്ന സ്നേഹിക്കുന്നവര്‍ക്കായി തങ്ങളുടെ വീട് തുറന്നു കൊടുക്കുമെന്നും ഇവര്‍ വ്യക്തമാക്കി. സമൂഹത്തില്‍ മാറ്റത്തിന്റെ ശംഖൊലിയാണ് ഈ വിവാഹമെന്ന് സോഷ്യല്‍ മീഡിയയിലൂടെ പലരും അഭിപ്രായപ്പെട്ടു.

Related posts