മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന വീട് ! വിദ്യാഭ്യാസം ഒമ്പതാംക്ലാസ് ആണെങ്കിലും വായിക്കുന്നത് അഞ്ചു പത്രങ്ങള്‍; ഐഎഎസ് നേടാന്‍ ശ്രീധന്യയ്ക്ക് താങ്ങും തണലുമായി നിന്ന പിതാവ് സുരേഷിന് ഇനി അഭിമാനിക്കാം…

സിവില്‍ സര്‍വീസ് നേടിയ ശ്രീധന്യയുടെ നേട്ടം കേരളീയര്‍ ആഘോഷിക്കുമ്പോള്‍ ആ നേട്ടത്തിനു താങ്ങും തണലുമായി നിന്ന അച്ഛന്‍ ഇടിയംവയല്‍ അമ്പലക്കൊല്ലി കോളനിയിലെ സുരേഷി(56)ന് ഇത് ജന്മസാഫല്യം. ഒന്‍പതാം ക്ലാസ് വിദ്യാഭ്യാസവുമായി കൂലിപ്പണിയെടുത്ത് കുടുംബം പോറ്റുന്ന ഒരു സാധാരണക്കാരന്‍ മാത്രമല്ല സുരേഷ്. നിത്യവും വായിക്കുന്ന അഞ്ചു ദിനപത്രങ്ങളില്‍നിന്നു ലഭിച്ച ലോകവിവരമാണു മകളെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ അദ്ദേഹത്തിനു വഴികാട്ടിയായത്. ഉയര്‍ന്ന സാമ്പത്തികശേഷിയുള്ളവര്‍ക്കുപോലും കൈവരിക്കാനാകാത്ത സ്വപ്‌നതുല്യമായ നേട്ടത്തിലേക്കാണു മകളെ സുരേഷ് കൈപിടിച്ചുയര്‍ത്തിയത്.

മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന വീട്, ചുവരുകളില്‍നിന്നു മണ്ണ് അടര്‍ന്നു വീഴുന്നു, വാതിലുകള്‍ ദ്രവിച്ച് തീരാറായി. ജനലുകള്‍ പ്ലാസ്റ്റിക് ഷീറ്റിട്ടാണ് മറച്ചിരിക്കുന്നത്. സിവില്‍ സര്‍വീസിനു പഠിക്കുന്ന മകള്‍ക്കു പുസ്തകം സൂക്ഷിക്കാനോ വായിക്കാനോ മേശയോ കസേരയോ അലമാരയോ ഇല്ല. 11 വര്‍ഷം മുമ്പു സര്‍ക്കാര്‍ നല്‍കിയ പണി പൂര്‍ത്തിയാകാത്ത വീട്ടിലാണു മാതാപിതാക്കള്‍ക്കും ഇളയസഹോദരനുമൊപ്പം ശ്രീധന്യ താമസിക്കുന്നത്.

സുരേഷ് കുലിപ്പണിയ്ക്കു പോകുമ്പോള്‍ ഭാര്യ കമല തൊഴിലുറപ്പ് പണിക്ക് പോകും. കൂലിപ്പണി കഴിഞ്ഞെത്തിയാല്‍ പോലും സുരേഷ് വിശ്രമിക്കാറില്ല. വീടിനോടു ചേര്‍ന്ന പുല്‍ക്കുടിലില്‍ കരകൗശലവസ്തുക്കള്‍ നിര്‍മിച്ചു വില്‍ക്കും. മകളുടെ പഠനത്തിനു തടസമാകാതിരിക്കാനാണു വീടിനു പുറത്ത് ഷെഡ് നിര്‍മിച്ച് രാത്രി പണിയെടുക്കുന്നത്. മൂത്തമകള്‍ പാലക്കാട് കോടതിയില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയാണ്. എട്ടുവയസുള്ള, അര്‍ബുദരോഗിയായ മകന്റെ ചികിത്സയ്ക്കും അവര്‍ക്കു പണം കണ്ടെത്തണം.

കഴിഞ്ഞ പ്രളയകാലത്തു വീട്ടില്‍ വെള്ളം നിറഞ്ഞ് ദിവസങ്ങളോളം ദുരിതത്തിലായിട്ടും യാതൊരു ആനുകൂല്യവും ലഭിച്ചില്ലെന്നു സുരേഷ് പറയുന്നു. ജൈവവൈവിധ്യസംരക്ഷണത്തില്‍ താത്പര്യമുള്ളതിനാലാണു മകളെ സുവോളജിയില്‍ പി.ജിയെടുപ്പിച്ചത്. പിഎച്ച്.ഡിക്കു വിടമെന്ന് ആഗ്രഹിച്ചെങ്കിലും മകള്‍ക്ക് താല്‍പര്യം സിവില്‍ സര്‍വീസാണെന്ന് അറിഞ്ഞതോടെ അനുവദിച്ചു. ആദ്യവര്‍ഷം ജില്ലാപഞ്ചായത്തിന്റെ സാമ്പത്തികസഹായം ലഭിച്ചെങ്കിലും രണ്ടാംവര്‍ഷം സ്വകാര്യസ്ഥാപനത്തിലായതിനാല്‍ സഹായം ലഭിച്ചില്ല. സന്മനസുള്ള ചില ഉദ്യോഗസ്ഥരുടെ സഹായവും കടം വാങ്ങിയ ഒന്നരലക്ഷത്തോളം രൂപയുമായാണു മകളുടെ പരിശീലനം പൂര്‍ത്തിയാക്കിയത്.ഇന്നു രാവിലെ നാട്ടിലെത്തുന്ന ശ്രീധന്യയ്ക്കു വിവിധ സംഘടനകളും നാട്ടുകാരും സ്വീകരണം നല്‍കും. സഹോദരന്‍ ശ്രീരാഗ് സുരേഷ് മീനങ്ങാടി പോളിടെക്‌നിക്കില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്.

Related posts