ന​ഴ്സു​മാ​ർ​ക്ക് സ​ന്തോ​ഷ​വാ​ർ​ത്ത: യു​കെ​യി​ൽ ഐ​ഇ​എ​ൽ​ടി​എ​സ് സ്‌​കോ​ർ കു​റ​ച്ചേ​ക്കും

ലണ്ടൻ: യുകെയിലേക്ക് വരാൻ കാത്തിരിക്കുന്ന നഴ്സുമാർക്ക് ആശ്വാസമായി ഐഇഎൽടിഎസ് സ്‌കോറിൽ മാറ്റം വരുത്താനുള്ള ശിപാർശയുമായി യുകെയിലെ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി). പുതിയ ശിപാർശ അനുസരിച്ചു ഓവറോൾ ആയി ലഭിക്കുന്ന ഏഴ്‌ സ്‌കോറിൽ റൈറ്റിംഗ് മോഡ്യൂളിന് 6 .5 മതിയാകും. എന്നാൽ റീഡിംഗ് , സ്‌പീക്കിംഗ്, ലിസനിംഗ്‌ മൊഡ്യൂളുകൾക്കു ഏഴു തന്നെ സ്‌കോർ ആയി വേണം. അടുത്ത ആഴ്ച നടക്കുന്ന നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ മീറ്റിംഗിൽ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

നിലവിൽ യുകെയിലെ എൻഎച്എസ് ആശുപത്രികളിൽ ഉൾപ്പടെ നഴ്സുമാരുടെ രൂക്ഷമായ ക്ഷാമം ആണ് നേരിടുന്നത്. ഐഇഎൽടിഎസ് സ്‌കോറിൽ ഇളവ് വരുന്നതോടെ മിടുക്കരായ കൂടുതൽ നഴ്സ്മാരെ ഇന്ത്യയിൽ നിന്നുൾപ്പെടെ യുകെയിൽ എത്തിക്കാമെന്നാണ് എൻഎംസി പ്രതീക്ഷിക്കുന്നത്. ദീർഘകാലം നീണ്ടുനിന്ന അനേകം കൺസൾട്ടേഷനുകൾക്കു ശേഷമാണ് ഐഇഎൽടിഎസ് സ്‌കോറിൽ കുറവ് വരുത്താനുള്ള ശിപാർശയിലേക്ക് എൻഎംസി എത്തിച്ചേർന്നത്.

നിലവിൽ ഉള്ളതുപോലെ തന്നെ റൈറ്റിംഗ് ഒഴികെ ഉള്ള മൊഡ്യൂളുകൾക്കു മിനിമം ഏഴും, ഓവർ ഓൾ സ്‌കോർ ഏഴും ആയിരിക്കുകയും ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഐഇഎൽടിഎസ് പാസായി എന്നതുകൊണ്ട് മാത്രം നിലവിലെ നിയമം അനുസരിച്ചു യുകെ യിൽ ജോലി ലഭിക്കുകയില്ല.

എൻഎംസി രജിസ്ട്രേഷൻ നടത്തുന്നതിന് വേണ്ട മിനിമം യോഗ്യത ആണ് ഐഇഎൽടിഎസ്. നാട്ടിൽ വച്ച് തന്നെ നടത്തുന്ന ഒരു പരീക്ഷയിൽ പങ്കെടുത്തു (ഓൺലൈൻ) വിജയിക്കുകയും തുടർന്ന് യുകെയിൽ എത്തിയ ശേഷം ഒരു പ്രാക്ടിക്കൽ ടെസ്റ്റ് കൂടി പാസായാൽ മാത്രമേ പിൻ നമ്പർ ലഭിച്ചു രജിസ്റ്റേർഡ് നഴ്സ് ആയി ജോലി ചെയ്യാൻ സാധിക്കു.

ഈ പരീക്ഷകൾ എല്ലാം പാസായാൽ തുടർന്ന് ബ്രിട്ടനിൽ തുടരാനും ആശുപത്രികളിലും, നഴ്സിംഗ് ഹോമുകളിലും ഒക്കെ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യാൻ സാധിക്കുകയും ചെയ്യും. നിലവിൽ ഇത്രയും കടമ്പകൾ പാസായാൽ മാത്രമേ യുകെയിൽ എത്താൻ സാധിക്കു എന്ന കാര്യം ഓർത്തിരിക്കുന്നത് നല്ലതാണ് . ബ്രിട്ടനിൽ പോകാൻ ഐഇഎൽടിഎസ് ആറര മാത്രം മതി എന്ന നിലയിൽ ഉള്ള വ്യാജ പ്രചാരണങ്ങളിൽ ഉദ്യോഗാർഥികളായ നഴ്സുമാർ വീണ് പോകാതിരിക്കാൻ ശ്രദ്ധിക്കണം.

നിലവിൽ പേപ്പർ വർക്കുകൾ ചെയ്യുന്നതിനോ, യുകെയിലേക്ക് വരുന്നതിനോ നാട്ടിലുള്ള ഏജൻസികൾക്കു പണം നൽകേണ്ട കാര്യവും ഇല്ല സൗജന്യമായാണ് മിക്കവാറും എല്ലാ ഏജൻസികളും ഇവ ചെയ്യുന്നത്. സർക്കാർ സ്ഥാപനമായ ഒഡെപക് മുഖേന ഈ അടുത്ത് തന്നെ സൗജന്യ റിക്രൂട്ട്മെന്‍റ് നടത്തുന്നുണ്ട് .

ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാൻ എൻഎംസി വെബ്‌സൈറ്റ് സന്ദർശിക്കുക

ഷൈമോൻ തോട്ടുങ്കൽ

Related posts