മൃഗശാലയിലെത്തുമ്പോള്‍ സിംഹം കൂട് തുറന്ന് പുറത്ത് ചാടിയാല്‍ എന്തു ചെയ്യും ? മൃഗശാലാജീവനക്കാരന്റെ പ്രവൃത്തികണ്ട് ‘താനെന്ത് തേങ്ങയാടോ കാണിക്കുന്നത്’ എന്ന മുഖഭാവവുമായി സിംഹങ്ങള്‍;വീഡിയോ വൈറലാവുന്നു…

ജപ്പാനിലെ ഒരു മൃഗശാലയില്‍ നടന്ന മോക്ഡ്രില്ലാണ് ഇപ്പോള്‍ സംസാരവിഷയം. മൃഗശാലയില്‍ നിന്ന് സിംഹം പുറത്തു ചാടുന്ന അവസ്ഥ ഉണ്ടായാല്‍ എങ്ങനെ അതിനെ നേരിടണം എന്നും, എന്ത് തയ്യാറെടുപ്പുകളാണ് നടത്തേണ്ടതെന്നും മനസിലാക്കാനായിരുന്നു മോക് ഡ്രില്‍. എന്നാല്‍ മോക് ഡ്രില്ലിന് വേണ്ടി സിംഹത്തെ കൂട് തുറന്ന് പുറത്തിറക്കാന്‍ കഴിയാത്ത് കൊണ്ട് ഒരു മനുഷ്യനെ സിംഹത്തിന്റെ പോലെയുളള വസ്ത്രം ധരിപ്പിക്കുകയായിരുന്നു ചെയ്തത്.

ഒരു പ്രാദേശിക ചാനല്‍ പകര്‍ത്തിയ ഈ മോക് ഡ്രില്ലിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.മൃഗശാലയ്ക്ക് ചുറ്റും സിംഹത്തിന്റെ വസ്ത്രം അണിഞ്ഞ് മൃശാലയിലെ ജീവനക്കാരനാണ് ഓടുന്നത്. ശനിയാഴ്ച ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്ത വീഡിയോ 50 ലക്ഷത്തോളം പേരാണ് ഇതുവരെ കണ്ടത്. വീഡിയോ ഇത്രയും പേരെ രസിപ്പിക്കാന്‍ കാരണം മറ്റൊന്നുമല്ല, മൃഗശാലയിലെ ജീവനക്കാര്‍ ചുറ്റിലും ഓടുന്ന സമയം ഇതിന് കാഴ്ചക്കാരായി നില്‍ക്കുകയാണ് രണ്ട് സിംഹങ്ങള്‍.

‘ഇയാളെന്താ ഈ കാണിക്കുന്നേ’ എന്ന മട്ടിലുളള സിംഹങ്ങളുടെ ഇരിപ്പ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി. സിംഹത്തിന്റെ പോലെ വസ്ത്രം ധരിച്ചയാള്‍ മൃഗശാലയിലൂടെ ഓടുമ്പോള്‍ സുരക്ഷാ ജീവനക്കാര്‍ വല വിരിക്കുന്നുണ്ട്. ഒരുവേള ‘മനുഷ്യ സിംഹം’ തള്ളുമ്പോള്‍ ഒരു സുരക്ഷാ ജീവനക്കാരന്‍ താഴെ വീഴുന്നതായും അഭിനയിക്കുന്നു. ഇതിന് ശേഷം സിംഹത്തെ മയക്കുവെടി വച്ച് പിടിക്കാനാണ് ശ്രമിക്കുന്നത്. ഒരു വാനില്‍ കയറിയാണ് സിംഹത്തെ പിന്തുടരുന്നത്.

ഇതിന് ശേഷമാണ് ‘മനുഷ്യ സിംഹം’ മയങ്ങിയത് പോലെ താഴെ വീഴുന്നതും ജീവനക്കാര്‍ വണ്ടിയില്‍ കയറ്റി കൊണ്ട് പോകുന്നതും. ഈ സമയമത്രയും മൃഗശാലയിലെ രണ്ട് സിംഹങ്ങളും മോക് ഡ്രില്‍ നിരീക്ഷിക്കുകയായിരുന്നു. ഈ സിംഹങ്ങള്‍ എന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. പലരും രസകരമായ അടിക്കുറിപ്പുകളോടെയാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്. എന്തായാലും ഉപ്പോളം വരുമോ ഉപ്പിലിട്ടത്. എന്തായാലും യഥാര്‍ഥത്തില്‍ സിംഹം പുറത്തു ചാടിയാല്‍ മനുഷ്യന്‍ ചിന്തിക്കുന്നതു പോലെ പെരുമാറുമെന്നു കരുതുക വയ്യ.

Related posts