ന്യൂഡൽഹി: തോഷഖാന അഴിമതിക്കേസിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റയ്ക്കും 17 വർഷം തടവുശിക്ഷ വിധിച്ചെതിനെതിരേ പാക്കിസ്ഥാനിൽ വ്യാപകപ്രതിഷേധം.
73കാരനായ ഇമ്രാൻ 2023 ഓഗസ്റ്റ് മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ്. ശനിയാഴ്ചയാണ് ഇമ്രാനെതിരേ പ്രത്യേക കോടതി വിധി പ്രഖ്യാപിച്ചത്. വിധി വന്നതിനു തൊട്ടുപിന്നാലെ ഇമ്രാൻ ഖാന്റെ എക്സ് അക്കൗണ്ടിൽ രാജ്യവ്യാപകമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രസ്താവന പ്രത്യക്ഷപ്പെട്ടിരുന്നു.
ഇമ്രാൻ അനുകൂലികളുടെ കനത്ത പ്രതിഷേധം റാവൽപിണ്ടിയിൽ ഇന്നു നടക്കുമെന്ന് പിടിഐ പാർട്ടി നേതൃത്വം അറിയിച്ചിരുന്നു. ഇതേത്തുടർന്ന് കനത്തസുരക്ഷയാണ് റാവൽപിണ്ടിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ആയിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്.
പ്രതിഷേധം കലാപമായി പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്നതും റാവൽപിണ്ടിയിലാണ്. ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐക്ക് പുറമെ, ജമാഅത്തെ ഇ ഇസ്ലാമിയും ഇമ്രാനെ അനുകൂലിക്കുന്ന വിവിധ സംഘടനകളും ജാഥയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
