ന്യൂഡൽഹി: ഇന്ത്യയിൽ ഉഷ്ണതരംഗം കടുത്ത സാമ്പത്തിക പ്രതിസന്ധിക്കു കാരണമാകുമെന്നു വിദഗ്ധരുടെ മുന്നറിയിപ്പ്. കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) റിപ്പോർട്ടുകൾ പ്രകാരം ഡൽഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ താപനില ക്രമാതീതമായി ഉയരുന്നതു കേവലം ആരോഗ്യപ്രശ്നം മാത്രമല്ല, രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തെ (ജിഡിപി) ബാധിക്കുന്ന വലിയൊരു വിപത്തായി മാറുകയാണ്.
നിലവിലെ കണക്കുകൾ പ്രകാരം ജിഡിപിയിൽ 2.5 മുതൽ 4.5 ശതമാനം വരെ ഇടിവ് ഉഷ്ണതരംഗം മൂലം ഉണ്ടായേക്കമെന്നു ചൂണ്ടിക്കാണിക്കുന്നു. അമിതമായ ചൂടു കാരണം ഉത്പാദനക്ഷമത ഗണ്യമായി കുറയുന്നു എന്നതാണ് പ്രധാന വെല്ലുവിളി. പ്രതിവർഷം 160 ബില്യണിലധികം തൊഴിൽ മണിക്കൂറുകൾ ചൂടുമൂലം ഇന്ത്യയിൽ നഷ്ടപ്പെടുന്നുണ്ട്.
ഇത് ഏകദേശം 159 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടത്തിനു തുല്യമാണ്. കൃഷി, നിർമാണം, അസംഘടിത തൊഴിൽ മേഖല എന്നിവയെയാണ് ഏറ്റവും ദോഷകരമായി ബാധിക്കുന്നത്. പുറംജോലികളിൽ ഏർപ്പെടുന്നവർക്കു കൊടും ചൂടിൽ ജോലി ചെയ്യാൻ സാധിക്കാത്തത് അവരുടെ വരുമാനത്തെ സാരമായി ബാധിക്കുന്നു. താപനിലയിൽ ഉണ്ടാകുന്ന ഒരു ഡിഗ്രി സെൽഷ്യസിന്റെ വർധനപോലും ദിവസവേതനത്തിൽ 16 ശതമാനം വരെ കുറവുണ്ടാക്കുന്നുണ്ടെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു.
തൊഴിൽ നഷ്ടത്തിനു പുറമെ, ചൂടുസംബന്ധമായ അസുഖങ്ങൾ സാധാരണക്കാരുടെ സാമ്പത്തിക അടിത്തറ തകർക്കുന്നുണ്ട്. സൂര്യാഘാതമേൽക്കുന്ന രോഗിയുടെ ചികിത്സയ്ക്കായി ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം രൂപ വരെ ചെലവു വരുന്നു. ഇത് പല കുടുംബങ്ങളുടെയും സാന്പത്തിക അടിത്തറ തകർക്കുന്നു. ചിലർ കടക്കക്കെണിയിലകപ്പെടുന്നു. ചികിത്സാച്ചെലവ് കണ്ടെത്താനായി 40 ശതമാനം നഗരവാസികളും 60 ശതമാനം ഗ്രാമീണരും വായ്പയെടുക്കുകയോ ആസ്തികൾ വിൽക്കുകയോ ചെയ്യേണ്ടി വരുന്നു എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.
കാർഷിക മേഖലയിലും ഉഷ്ണതരംഗം വലിയ ആഘാതമാണു സൃഷ്ടിക്കുന്നത്. കടുത്ത ചൂട് നെല്ല് ഉത്പാദനത്തെയും ഭക്ഷ്യസുരക്ഷയെയും ബാധിക്കുന്നത് ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റത്തിനു കാരണമാകും. ഉത്പാദനം കുറയുന്നത് ഗ്രാമീണ സമ്പദ്വ്യവസ്ഥയെ തളർത്തും.
ഇത്തരം പ്രതിസന്ധികളെ നേരിടാൻ സമഗ്രമായ നയരൂപീകരണം ആവശ്യമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കൃത്യമായ ആക്ഷൻ പ്ലാനുകൾ, മെച്ചപ്പെട്ട തൊഴിൽ നിയമങ്ങൾ, ഇൻഷുറൻസ് പരിരക്ഷ, തണൽ എന്നിവ ഒരുക്കേണ്ടതുണ്ട്. കൃത്യമായ മുൻകരുതലുകൾ എടുത്താൽ 90 ശതമാനം സൂര്യഘാതങ്ങളും തടയാനാകുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
