ന്യൂഡൽഹി: പാക്കിസ്ഥാൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്കു നീട്ടി ഇന്ത്യ. പാക്കിസ്ഥാൻ എയർലൈൻസ് വിമാനങ്ങൾക്കും പാക്കിസ്ഥാനിലേക്ക് സർവീസ് നടത്തുന്ന കമ്പനികൾക്കുമുള്ള വിലക്ക് അടുത്ത 24 വരെയാണ് നീട്ടിയത്. കഴിഞ്ഞദിവസം ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് പാക്കിസ്ഥാൻ നീട്ടിയിരുന്നു.
ഇതിനുപിന്നാലെയാണ് ഇന്ത്യയുടെ നടപടി. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമപാത അടച്ചിടൽ ഒരുവർഷം പിന്നിടുകയാണ്.2025 ഏപ്രിൽ 22-ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തത്തുടർന്ന് നയതന്ത്രബന്ധം വഷളായതോടെയാണ് വ്യോമപാത അടച്ചിടാൻ തീരുമാനിച്ചത്.
2025 ഏപ്രിലിലാണ് ആദ്യ വിലക്കേർപ്പെടുത്തിയത്. പാക്കിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതോടെ വടക്കേ ഇന്ത്യയിൽനിന്ന് പശ്ചിമേഷ്യ, യൂറോപ്പ്, യുകെ, യുഎസ്എ എന്നിവടങ്ങളിലേക്കുള്ള യാത്രയ്ക്ക് ചുറ്റിക്കറങ്ങി പോകേണ്ട സ്ഥിതിയാണ്. ഇത് 15 മിനിറ്റ് മുതൽ ഒരു മണിക്കൂറിലധികം യാത്രാസമയം വർധിക്കുന്നതിനു കാരണമായിട്ടുണ്ട്.
