പരവൂർ: ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് ട്രെയിൻ യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി നിർണായക പ്രഖ്യാപനവുമായി ഇന്ത്യൻ റെയിൽവേ.കേന്ദ്ര വികലാംഗ ശാക്തീകരണ വകുപ്പ് നൽകുന്ന സാധുവായ യുണീക്ക് ഡിസെബിലിറ്റി ഐഡികാർഡ് കൈവശമുള്ളവർക്ക് മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലെ റിസർവ് ചെയ്യാത്ത പ്രത്യേക ‘ദിവ്യാംഗർ’ കോച്ചുകളിൽ യാത്ര ചെയ്യാൻ അനുമതി നൽകിയതായി റെയിൽവേ മന്ത്രാലയം അറിയിച്ചു.
ഇത്തരത്തിൽ ഔദ്യോഗിക യുഡിഐഡി കാർഡുള്ളവരെയോ റെയിൽവേയുടെ യാത്രാ ഇളവുകൾക്ക് അർഹതയുള്ളവരെയോ മാത്രമേ ഇനി മുതൽ ഈ പ്രത്യേക കോച്ചുകളിലെ സാധുവായ യാത്രക്കാരായി കണക്കാക്കുകയുള്ളൂ.പുതിയ മാർഗ നിർദേശ പ്രകാരം ദിവ്യാംഗർക്കായി പ്രത്യേകം തരംതിരിച്ചിട്ടുള്ള സെക്കൻഡ് ക്ലാസ് ലഗേജ്-കം-ബ്രേക്ക് വാൻ, ലഗേജ്-കം-സെക്കൻഡ് ക്ലാസ് ലഗേജ്-കം-ബ്രേക്ക് വാൻ കോച്ചുകളിലാണ് യാത്ര ചെയ്യാൻ അനുവാദമുള്ളത്.
യഥാർഥ ഗുണഭോക്താക്കൾക്ക് തടസമില്ലാതെ സീറ്റുകൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ റെയിൽവേ കർശന പരിശോധന നടത്തും.
ഭിന്നശേഷിക്കാർക്കായുള്ള ഈ പ്രത്യേക കോച്ചുകളിൽ അതിക്രമിച്ചു കയറുന്ന അനധികൃത യാത്രക്കാർക്കെതിരേ 1989-ലെ റെയിൽവേ നിയമത്തിലെ കർശന വ്യവസ്ഥകൾ പ്രകാരം കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കാൻ എല്ലാ സോണൽ റെയിൽവേകൾക്കും മന്ത്രാലയം നിർദശം നൽകിയിട്ടുണ്ട്.
ഇ-ടിക്കറ്റിംഗ് ഫോട്ടോ ഐഡന്റിറ്റി കാർഡ് കൂടിയായ ഈ ദിവ്യാംഗർ കാർഡുകൾ വഴി ഭിന്നശേഷിക്കാർക്ക് ട്രെയിൻ ടിക്കറ്റുകളിൽ വലിയ രീതിയിലുള്ള യാത്രാ ഇളവുകൾ സ്വന്തമാക്കാൻ സാധിക്കും. മെഡിക്കൽ ബോർഡ് നൽകുന്ന സാധുവായ വൈകല്യ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ ഈ കാർഡുകൾ അനുവദിക്കുന്നത്.
നിലവിലുള്ള കാർഡുകളുടെ പുതുക്കലുകളും പുതിയ അപേക്ഷകളും യാത്രക്കാർക്ക് റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയോ കേന്ദ്ര സർക്കാരിന്റെ പ്രത്യേക പോർട്ടലുകൾ വഴിയോ ഓൺലൈനായി സമർപ്പിക്കാമെന്നും റെയിൽവേ അധികൃതർ കൂട്ടിച്ചേർത്തു.
