പരവൂർ: ട്രെയിൻ യാത്രക്കാരായ സ്ത്രീകൾക്ക് വലിയ ആശ്വാസമേകുന്ന സുപ്രധാന ശുചിത്വ പരിപാടിയുമായി ഇന്ത്യൻ റെയിൽവേ.ആർത്തവ ശുചിത്വം ഉറപ്പാക്കുന്നതിനും സ്ത്രീകളുടെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിനുമായി രാജ്യത്തെ പ്രമുഖ റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ റെയിൽവേ സ്ഥാപിച്ചു തുടങ്ങി. കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) പദ്ധതിയുടെ ഭാഗമായി നോർത്തേൺ റെയിൽവേയും ഇൻഡസ് ടവേഴ്സും സംയുക്തമായാണ് 175 റെയിൽവേ സ്റ്റേഷനുകളിലായി 500 അത്യാധുനിക സ്മാർട്ട് വെൻഡിംഗ് മെഷീനുകൾ വിന്യസിക്കുന്നത്.
ദിവസത്തിലെ ഏത് സമയത്തും സ്ത്രീകൾക്ക് തടസമില്ലാതെ അവശ്യ ശുചിത്വ ഉത്പന്നങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഇന്റർനെറ്റ് ഓഫ് തിംഗ്സ് അധിഷ്ഠിത മെഷീനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.യാത്രയ്ക്കിടയിൽ സ്ത്രീകൾ നേരിടുന്ന പ്രധാന ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുന്ന ഈ പദ്ധതി ഡൽഹി, ഫിറോസ്പൂർ, അംബാല, മൊറാദാബാദ്, ലഖ്നൗ തുടങ്ങിയ പ്രധാന റെയിൽവേ ഡിവിഷനുകളിലെ സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കിയിട്ടുള്ളത്.
ദിവസേന ഈ സ്റ്റേഷനുകളെ ആശ്രയിക്കുന്ന ആയിരക്കണക്കിന് വനിതാ യാത്രക്കാർക്ക് ഇതിന്റെ പ്രയോജനം നേരിട്ട് ലഭിക്കും. ഇതിന് പുറമേ, മുംബൈയിലെ തിരക്കേറിയ സബർബൻ റെയിൽവേ സ്റ്റേഷനുകളിലും സമാനമായ രീതിയിൽ സ്ത്രീകളുടെ ശുചിമുറികളിൽ വെൻഡിംഗ് മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്. നിയർ അമയ എൻജിഒ, സിസിഐഎൽ (CCIL) എന്നിവയുടെ സഹകരണത്തോടെ വെൻഡിംഗ് മെഷീനുകൾക്കൊപ്പം നാപ്കിനുകൾ സുരക്ഷിതമായി സംസ്കരിക്കാനുള്ള ഡിസ്പോസൽ ബിന്നുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പൊതുജനാരോഗ്യ സംരക്ഷണത്തിനും ട്രെയിൻ യാത്രകൾ കൂടുതൽ സുരക്ഷിതവും സ്ത്രീസൗഹൃദവുമാക്കുന്നതിനും റെയിൽവേ നടത്തുന്ന ഈ ഇടപെടൽ വലിയ രീതിയിൽ സ്വാഗതം ചെയ്യപ്പെടുന്നുണ്ട്. യാത്രയ്ക്കിടയിലെ അടിയന്തര സാഹചര്യങ്ങളിൽ സാനിറ്ററി ഉത്പന്നങ്ങൾ തേടി അലയേണ്ടി വരുന്ന അവസ്ഥയ്ക്ക് ഇതോടെ പരിഹാരമാകും. ആർത്തവ ശുചിത്വത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിൽ വ്യാപിപ്പിക്കുന്നതിനൊപ്പം ഇത്തരം സംവിധാനങ്ങൾ അർഹരായവരിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും റെയിൽവേ മന്ത്രാലയം അധികൃതർ വ്യക്തമാക്കി
.
എസ് ആർ സുധീർ കുമാർ
