പരവൂർ: ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും തീപിടിത്തം ഉൾപ്പെടെയുള്ള അപകടങ്ങൾ തടയുന്നതിനും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുമായി ബഹുതല സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതായി കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചു. അപകടങ്ങളുണ്ടായാൽ ജീവൻ രക്ഷിക്കുന്നതിനും പരിക്കേറ്റവർക്ക് വേഗത്തിൽ വൈദ്യസഹായവും ദുരിതാശ്വാസവും എത്തിക്കുന്നതിനുമാണ് റെയിൽവേ പ്രഥമ പരിഗണന നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി.
എല്ലാ കോച്ചുകളിലും കുറഞ്ഞത് രണ്ട് ഫയർ എക്സ്റ്റിംഗുഷറുകൾ വീതം നിർബന്ധമാക്കിയിട്ടുണ്ട്. പാൻട്രി കാറുകളിലും പവർ കാറുകളിലും ഘട്ടം ഘട്ടമായി വാട്ടർ മിസ്റ്റ് ടൈപ്പ് ഫയർ എക്സ്റ്റിംഗുഷറുകളും സ്വയംപ്രവർത്തിത ഫയർ/സ്മോക്ക് ഡിറ്റക്ഷൻ സിസ്റ്റവും സ്ഥാപിച്ചു വരുന്നു.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുള്ള തീപിടുത്തത്തെ ചെറുക്കുന്ന ഫയർ റെസിസ്റ്റന്റ് സാമഗ്രികളാണ് സീറ്റുകൾ, ബെർത്തുകൾ, ഫ്ലോറിംഗ്, പാനലുകൾ എന്നിവയ്ക്കായി ഉപയോഗിക്കുന്നത്.
വന്ദേ ഭാരത് സ്ലീപ്പർ, അമൃത് ഭാരത് ട്രെയിനുകളിൽ കൂടുതൽ ആധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വന്ദേ ഭാരത് ട്രെയിനുകളിലെ ഓരോ കോച്ചിലും നാല് അടിയന്തര ടോക്ക് ബാക്ക് യുണിറ്റുകളുംപുഷ് ബട്ടണുകളും നൽകിയിട്ടുണ്ട്. കൂടാതെ, 24 മണിക്കൂറും പ്രവർത്തിക്കുന്ന 139 എന്ന റെയിൽ മദദ് ഹെൽപ്പ് ലൈൻ വഴി യാത്രക്കാർക്ക് അടിയന്തര സഹായം അഭ്യർഥിക്കാം. ഇലക്ട്രിക് സർക്യൂട്ടുകളിൽ വരുന്ന വോൾട്ടേജ് വ്യതിയാനങ്ങൾ തടയാൻ എംസിബി, എംപിസിബി തുടങ്ങിയ സുരക്ഷാ ഫ്യൂസുകളും ഇലക്ട്രിക് കാബിനറ്റുകളിൽ എയറോസോൾ അധിഷ്ഠിത ഫയർ സപ്രഷൻ സിസ്റ്റവും സ്ഥാപിച്ചിട്ടുണ്ട്.
സ്റ്റേഷനുകളിൽ പോർട്ടബിൾ ഫയർ എക്സ്റ്റിംഗുഷറുകൾ, മണലും വെള്ളവും നിറച്ച ബക്കറ്റുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. വലിയ സ്റ്റേഷനുകളിലെ റിലേ റൂമുകളിലും ഇലക്ട്രോണിക് ഇന്റർലോക്കിംഗ് മുറികളിലും ഓട്ടോമാറ്റിക് ഫയർ അലാറങ്ങൾ നൽകി. അടിയന്തര ഘട്ടങ്ങളിൽ പവർ സപ്ലൈ ഉടൻ വിച്ഛേദിക്കാൻ സ്റ്റേഷൻ മാസ്റ്റർമാർക്ക് ഡയറക്ട് കൺട്രോൾ ഫോണുകൾ ലഭ്യമാണ്. പ്ലാറ്റ്ഫോമുകളിൽ തീ ഉപയോഗിച്ചുള്ള പാചകം പൂർണമായും നിരോധിച്ചു.
യാത്രക്കാർ തീപിടിക്കുന്ന വസ്തുക്കൾ കൊണ്ടുപോകുന്നത് തടയാൻ ബാഗേജ് സ്കാനിംഗും പ്രത്യേക പരിശോധനകളും നടത്തുന്നുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ രാജ്യത്തുടനീളം വലിയ ദുരന്തനിവാരണ ശൃംഖലയാണ് റെയിൽവേ ഒരുക്കിയിട്ടുള്ളത്.
177 ആക്സിഡന്റ് റിലീഫ് ട്രെയിനുകൾ, 100 ഹൈ-കപ്പാസിറ്റി ബ്രേക്ക്ഡൗൺ ക്രെയിനുകൾ, പാളങ്ങളിൽ തന്നെ പ്രാഥമിക ചികിത്സയും വിദഗ്ധ പരിചരണവും ഉറപ്പാക്കുന്ന 170 ആക്സിഡന്റ് റിലീഫ് മെഡിക്കൽ എക്യുപ്മെന്റുകൾ, ആധുനിക മൊബൈൽ ആശുപത്രികൾ, ഇതിനുപുറമേ, ലോക്കോ പൈലറ്റുമാർ, സ്റ്റേഷൻ മാസ്റ്റർമാർ, ടിടിഇമാർ തുടങ്ങിയ ഫ്രണ്ട്ലൈൻ ജീവനക്കാർക്ക് ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ് വഴി ഫയർ ഫൈറ്റിംഗ്, ഫസ്റ്റ് എയ്ഡ്, ട്രോമ മാനേജ്മെന്റ് എന്നിവയിൽ പരിശീലനം നൽകിവരുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. 2025-26 വർഷത്തിൽ മാത്രം വിവിധ ഡിവിഷനുകളിലായി 71 പൂർണതോതിലുള്ള സുരക്ഷാ മോക്ക് ഡ്രില്ലുകളാണ് റെയിൽവേ നടത്തിയത്.
സുധീർ കുമാർ
