ന്യൂഡൽഹി: ഇന്ത്യൻ ഫോട്ടോഗ്രഫിയിലെയും ഫോട്ടോ ജേണലിസത്തിലെയും അതികായൻ രഘു റായ്(83) അന്തരിച്ചു. സമൂഹ മാധ്യമത്തിലൂടെ അദ്ദേഹത്തിന്റെ കുടുംബമാണ് മരണവിവരം അറിയിച്ചത്. ഭോപ്പാൽ ദുരന്തത്തിന്റെ മുഖചിത്രങ്ങളിലൊന്നായ കണ്ണുകൾ പാതി തുറന്ന പിഞ്ചു ബാലികയുടെ മൃതദേഹത്തിന്റെ ചിത്രം രഘു റായിയുടെ കാമറ കണ്ണുകളിലൂടെയാണ് ലോകം കണ്ടത്.
ഇന്ധിരാഗന്ധി മുതലുള്ള ഇന്ത്യയുടെ ഭരണാധികാരികളുടെ അത്യപൂർവമായ ചിത്രങ്ങളുടെ ശേഖരം രഘു റായുടെ പക്കലുണ്ട്. മദർ തെരേസയുടെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പകർത്തിയതും അദ്ദേഹമായിരുന്നു.
പഞ്ചാബിലെ ജംഗിൽ ആണ് രഘു റായ് ജനിച്ചത്. പാകിസ്താന്റെ ഭാഗമാണ് ഇന്ന് ഈ സ്ഥലം. രഘുനാഥ് റായ് ചൗധരി എന്നാണ് മുഴുവൻ പേര്. നാല് കുട്ടികളിൽ ഇളയവനായി ജനിച്ച അദ്ദേഹം സിവിൽ എഞ്ചിനീയറായി പരിശീലനം നേടി. മൂത്ത സഹോദരൻ ഫോട്ടോഗ്രാഫർ എസ്. പോളാണ് ആദ്യമായി അദ്ദേഹത്തിന് കാമറ സമ്മാനിച്ചത്. അന്നു മുതൽ ഇന്നു വരെയും റായ്യുടെ കാമറക്കണ്ണുകളിൽ പതിഞ്ഞ കാഴ്ചകൾ കാഴ്ചക്കാരന്റെ മനസിലും മായാതെമ നിൽക്കുന്നു.
1962 ൽ റായ് ന്യൂഡൽഹിയിലെ ദി സ്റ്റേറ്റ്സ്മാനിൽ ഫോട്ടോഗ്രഫറായി ചേർന്നു. 1977-ൽ, ഹെൻറി കാർട്ടിയർ-ബ്രെസൺ നാമനിർദ്ദേശം ചെയ്ത് മാഗ്നം ഫോട്ടോസിൽ ചേരാൻ ക്ഷണിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ ഫോട്ടോഗ്രാഫറായി രഘു റായ്. 1972-ൽ അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചു. തുടർന്നുള്ള ദശകങ്ങളിൽ, ടൈം, ലൈഫ്, ദി ന്യൂയോർക്ക് ടൈംസ്, ന്യൂസ് വീക്ക്, ദി ന്യൂയോർക്കർ എന്നിവയിൽ അദ്ദേഹത്തിന്റെ രചനകൾ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം 18-ലധികം പുസ്തകങ്ങൾ രചിച്ചു. വേൾഡ് പ്രസ് ഫോട്ടോയുടെ ജൂറിയിൽ മൂന്ന് തവണ സേവനമനുഷ്ഠിച്ചു, ലണ്ടൻ, പാരീസ്, ന്യൂയോർക്ക്, ടോക്കിയോ, സിഡ്നി എന്നിവിടങ്ങളിൽ പ്രദർശനം നടത്തി.
