ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ടീം ആദ്യമായി 300 കടക്കുമെന്നു തോന്നിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് സണ്‍റൈസേഴ്സ് ഹൈദരാബാദ് ആയിരുന്നു. കഴിഞ്ഞ രണ്ടു സീസണിലായി നാല് തവണയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് 275നു മുകളില്‍ സ്കോര്‍ അടിച്ചുകയറ്റിയത്. ഐപിഎല്‍ ചരിത്രത്തില്‍ മറ്റൊരു ടീമിനും ഇത്തരമൊരു പ്രകടനം അവകാശപ്പെടാനില്ല.
260നു മുതളില്‍ സ്കോര്‍ പടുത്തുയര്‍ത്തിയ മറ്റു ടീമുകള്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സും (272/7, 261/6) റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും (263/5, 262/7), പഞ്ചാബ് കിംഗ്സും (262/2) മാത്രം. അഞ്ച് തവണ ട്രോഫി സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനും മുംബൈ ഇന്ത്യന്‍സിനും ഇതുവരെ 250 കടക്കാന്‍ സാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയം.
ടോപ് 4 ടീം ടോട്ടല്‍
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ആദ്യ നാല് ടീം സ്കോറും സണ്‍റൈസേഴ്സ് ഹൈദരാബാദിനു സ്വന്തം. 2024ല്‍ മുംബൈ ഇന്ത്യന്‍സിന് എതിരേ 277/3, 2025ല്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരേ 278/3, രാജസ്ഥാന് റോയല്‍സിന് എതിരേ 286/6, 2024ല്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് എതിരേ 287/3. അതായത് 300 എന്ന മാന്ത്രിക സംഖ്യയിലേക്ക് ഉണ്ടായിരുന്ന അകലം 15 റണ്‍സില്‍ താഴെ മാത്രം. ഹൈവോള്‍ട്ട് ടീമായ സണ്‍റൈസേഴ്സ് 2026 സീസണില്‍ 300ല്‍ എത്തുമോ എന്നതാണ് കണ്ടറിയേണ്ടത്.
ഇഷാന് & അഭിഷേക്
2026 സീസണിന്റെ തുടക്കത്തില്‍ ഇഷാന് കിഷനും (ക്യാപ്റ്റന്‍) അഭിഷേക് ശര്‍മയും (വൈസ് ക്യാപ്റ്റന്‍) ചേര്‍ന്നാണ് സണ്‍റൈസേഴ്സിനെ നയിക്കുക. ഓസീസ് പേസറും സ്ഥിരം ക്യാപ്റ്റനുമായ പാറ്റ് കമ്മിന്‍സ് പരിക്കിന്റെ പിടിയില്‍നിന്നുള്ള മോചനത്തിനുശേഷം ടീമിനൊപ്പം ചേരാന്‍ വൈകുമെന്നതിനാലാണിത്.
ബാറ്റിംഗ് ലൈനപ്പില്‍ ടീമിന്റെ രണ്ട് കരുത്തരാണ് ഇഷാനും അഭിഷേകും. 2026 ട്വന്റി-20 ലോകകപ്പില്‍ ഇഷാന് കിഷന് നടത്തിയ പ്രകടനം ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണായകമായിരുന്നു. ലോകകപ്പ് ഫൈനലില്‍ മാത്രമാണ് യഥാര്‍ഥ അഭിഷേകിനെ കാണാന്‍ സാധിച്ചത്.
ട്രാവിസ് ഹെഡ്, ഹെന്റിച്ച് ക്ലാസന്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിങ്ങനെ നീളുന്നു ബാറ്റിംഗ് ലൈനപ്പ്. ലിയാം ലിവിംഗ്സ്റ്റണ്, ആര്. സമ്രാന്‍, അനികേത് വര്‍മ, ഹര്‍ഷ് ദുബെ, കമിന്ധു മെന്‍ഡിസ് എന്നിവരുടെ കടന്നാക്രമണവും സണ്‍റൈസേഴ്സ് ബാറ്റിംഗിനു കരുത്താകും. 2016 ചാമ്പ്യന്മാരാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്. രണ്ടാം കിരീടമാണ് ഇത്തവണത്തെ ലക്ഷ്യം.
ബൗളിംഗ് പ്രശ്നം
ഒറ്റവാക്കില്‍ ദുര്‍ബല ബൗളിംഗാണ് സണ്റൈസേഴ്സിനുള്ളതെന്നു പറയാം. പാറ്റ് കമ്മിന്‍സാണ് ബൗളിംഗ് സംഘത്തിന്റെ തലവന്‍. സീസണിന്റെ തുടക്കത്തില്‍ കമ്മിന്‍സിന്റെ സേവനം ഉണ്ടാകില്ല. ഹര്‍ഷല്‍ പട്ടേല്‍, ജയ്ദേവ് ഉനദ്കട്ട്, ശിവം മാവി, ശ്രീലങ്കയുടെ ഇഷാന് മലിംഗ എന്നിവരാണ് പേസ് നിരയിലുള്ള മറ്റു താരങ്ങള്‍. അമിത് കുമാര്‍, സീഷന്‍ അന്‍സാരി എന്നിവരാണ് സ്പിന്നര്‍മാര്‍. ഇഷാന് മലിംഗയ്ക്കും പരിക്കിന്റെ പ്രശ്നമുണ്ട്.
ഇംഗ്ലീഷ് താരം ലിയാം ലിവിംഗ്സ്റ്റണ്, കമിന്ധു മെന്‍ഡിസ്, അഭിഷേക് ശര്‍മ എന്നിവരുടെ സ്പിന്‍ ബൗളിംഗിനും നിര്‍ണായകമാകും. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് എതിരേ 28നാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ആദ്യ മത്സരം. 2026 ഐപിഎല്‍ സീസണിന്റെ ഉദ്ഘാടന മത്സരമാണിത്.
