ന്യൂഡൽഹി: ഇറാനിലെ ആഭ്യന്തര സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനുള്ള തയാറെടുപ്പുകൾ കേന്ദ്ര വിദേശകാര്യമന്ത്രാലയം ആരംഭിച്ചു. നാട്ടിലേക്കു മടങ്ങാൻ താത്പര്യമുള്ളവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനാണു നീക്കം. നിലവിൽ ഏകദേശം 10,000 ഇന്ത്യക്കാരാണ് ഇറാനിലുള്ളതെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക്.
മേഖലയിലെ സംഘർഷസാധ്യത കണക്കിലെടുത്ത് ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യ നേരത്തെ പൗരന്മാർക്കു നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇറാൻ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരാഗ്ചിയും ഫോണിലൂടെ നിലവിലെ സാഹചര്യം ചർച്ച ചെയ്തിരുന്നു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എംബസി
അതേസമയം, മുൻകരുതൽ നടപടിയെന്ന നിലയിലാണ് ഒഴിപ്പിക്കൽ പദ്ധതികൾ ആസൂത്രണം ചെയ്തതെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു. യുദ്ധസമാനമായ സാഹചര്യങ്ങളോ കൂടുതൽ സംഘർഷങ്ങളോ ഉണ്ടാകില്ലെന്ന ഔദ്യോഗിക സ്ഥിരീകരണത്തെത്തുടർന്ന് നേരത്തെ നിശ്ചയിച്ചിരുന്ന കൂട്ടായ ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തിവെച്ചതായി ജമ്മു കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ നാഷണൽ കൺവീനർ നാസിർ ഖുഹാമി അറിയിച്ചു.
എംബസി ഉദ്യോഗസ്ഥർ വിദ്യാർഥികളുമായി നേരിട്ടു ബന്ധപ്പെടുന്നുണ്ടെന്നും എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാൽ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനങ്ങൾ ഇപ്പോൾ രാഷ്ട്രീയ പരിഷ്കരണവാദമായി രാജ്യവ്യാപകമായി പടർന്നിരിക്കുകയാണ്.
പ്രതിഷേധക്കാർക്കെതിരേ ഇറാൻ സ്വീകരിക്കുന്ന നടപടികളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതോടെയാണ് മേഖലയിൽ യുദ്ധഭീതി ഉയർന്നത്. സൈനികനീക്കം ഉണ്ടായാൽ തിരിച്ചടിക്കുമെന്ന് ഇറാനും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യക്കാരുടെ സുരക്ഷ മുൻനിർത്തി കേന്ദ്ര സർക്കാർ നടപടികൾ വേഗത്തിലാക്കുന്നത്.
