വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമായി യുഎസിനു മുന്നിൽ പുതിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ മുന്നോട്ടുവച്ച് ഇറാൻ. പാക്കിസ്ഥാൻ മുഖേനയാണ് ഇറാൻ വ്യവസ്ഥകൾ വാഷിംഗ്ടണിനു കൈമാറിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആഗോള ഊർജ പ്രതിസന്ധി രൂക്ഷമാക്കുന്ന ഹോർമുസ് കടലിടുക്കിന്റെ ഉപരോധം അവസാനിപ്പിക്കുക. നിലവിലെ യുദ്ധം നിർത്തലാക്കുക എന്നിവയാണു പ്രധാന ലക്ഷ്യം. നിലവിലെ സംഘർഷം അവസാനിപ്പിക്കാൻ ദീർഘകാല വെടിനിർത്തൽ, അല്ലെങ്കിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത സ്ഥിരമായി അവസാനിപ്പിക്കൽ തുടങ്ങിയവ ഇറാന്റെ ലക്ഷ്യത്തിലുൾപ്പെടുന്നു.
ആണവ കരാർ ചർച്ചകൾ ഇപ്പോൾ വേണ്ടെന്ന നിലപാടിലാണ് ഇറാനെന്നും റിപ്പോർട്ടുണ്ട്. ഹോർമുസ് കടലിടുക്ക് തുറക്കുകയും ഉപരോധം നീക്കുകയും ചെയ്തശേഷം രണ്ടാംഘട്ടമായി ആണവ ചർച്ചകൾ ആരംഭിച്ചാൽ മതിയെന്നാണ് ഇറാന്റെ നിലപാട്.
അതേസമയം, ഇറാൻ മുന്നോട്ടുവച്ച നിർദേശത്തോട് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത്തരം തന്ത്രപ്രധാനമായ വിഷയങ്ങൾ മാധ്യമങ്ങളിലൂടെ ചർച്ച ചെയ്യാനില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് ഒലീവിയ വെയിൽസ് വ്യക്തമാക്കി. അമേരിക്കൻ ജനതയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും ഇറാനെ ആണവായുധം നിർമിക്കാൻ അനുവദിക്കില്ലെന്നും വൈറ്റ് ഹൗസ് വക്താവ് കൂട്ടിച്ചേർത്തു.
നേരത്തെ പാക്കിസ്ഥാൻ നടത്താനിരുന്ന സമാധാന ചർച്ചകളിൽനിന്ന് യുഎസ് പ്രസിഡന്റ് ട്രംപ് പിന്മാറിയിരുന്നു. ഇതിനിടെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പാക്കിസ്ഥാൻ സൈനിക മേധാവിയുമായും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും കൂടിക്കാഴ്ച നടത്തി.
