ടെഹ്റാൻ: ഭരണകൂട ഭീകരതയ്ക്കെതിരേ അന്താരാഷ്ട്ര ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഇറേനിയൻ യുവാവ് ജീവനൊടുക്കി. തെക്കൻ തുറമുഖ നഗരമായ ബുഷെഹ്റിൽ നിന്നുള്ള പുരിയ ഹമീദി എന്ന യുവാവാണ് ഇറാനുമായി യാതൊരുവിധ നയതന്ത്ര ചർച്ചകളും നടത്തരുതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് അഭ്യർഥിക്കുന്ന വീഡിയോ പുറത്തുവിട്ട ശേഷം ജീവനൊടുക്കിയത്.
പത്തു മിനിറ്റ് 44 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ തന്റെ യൂട്യൂബ് ചാനലിലാണ് ഹമീദി പങ്കുവച്ചത്. ഇറാന്റെ മോചനത്തിനായി വിദേശ ഇടപെടൽ അനിവാര്യമാണെന്നാണ് ഹമീദിയുടെ വാദം.അയത്തൊള്ള അലി ഖമനെയുടെ നേതൃത്വത്തിലുള്ള ഭരണകൂടവുമായി ചർച്ച നടത്തുന്നത് പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് ആളുകളെ ചതിക്കുന്നതിനു തുല്യമാണെന്ന് ഹമീദി പറഞ്ഞു. ഖമനെയുടെ സൈന്യത്തെ നേരിടാൻ സാധാരണക്കാരായ ഇറാൻ പൗരന്മാർക്കു കഴിയില്ലെന്നും, അമേരിക്ക ഇറാനെ ആക്രമിക്കുക എന്നതാണ് തങ്ങളുടെ അവസാന പ്രതീക്ഷയെന്നും യുവാവ് വീഡിയോയിൽ പറയുന്നു.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിലും ഇസ്രയേൽ-പാലസ്തീൻ സംഘർഷത്തിലും മരിച്ചവരേക്കാൾ കൂടുതൽ ആളുകൾ ഇറാനിലെ പ്രതിഷേധങ്ങൾക്കിടെ കൊല്ലപ്പെട്ടുവെന്ന് ഹമീദി വെളിപ്പെടുത്തുന്നു. 40,000ലേറെ ആളുകൾ കൊല്ലപ്പെട്ടതായാണ് ഹമീദി അവകാശപ്പെടുന്നത്. “ഇവിടെ ജനിച്ചതിൽ എനിക്ക് ചിരി വരുന്നു, ഭാവിയില്ലാത്ത ഒരിടം. എനിക്ക് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിയുന്നില്ല…’ എന്നിങ്ങനെ തന്റെ നിരാശയും ഹമീദി ലോകത്തോടു പങ്കുവയ്ക്കുന്നു. പൂർണമായും ഒറ്റപ്പെട്ടുപോയ ഒരവസ്ഥയിലാണ് ഇറാനിലെ ജനങ്ങളെന്നും അവർ പിന്തുണയ്ക്കണമെന്നും അഭ്യർഥിച്ചുകൊണ്ടാണ് ഹമീദി വീഡിയോ അവസാനിപ്പിക്കുന്നത്.
ഇറാനിൽ അറസ്റ്റ് തുടരുന്നു
ഇറാൻ ഭരണകൂടം രാജ്യത്ത് അടിച്ചമർത്തലുകൾ ശക്തമാക്കുന്നതിനിടയിലാണ് ഹമീദിയുടെ ആത്മഹത്യ.വീഡിയോ ലോകനേതാക്കൾക്കിടയിലും മനുഷ്യാവകാശ സംഘടനകൾക്കിടയിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദി ഉൾപ്പെടെയുള്ള പ്രമുഖർക്ക് കൂടുതൽ ജയിൽ ശിക്ഷ നൽകുകയും പ്രതിപക്ഷ നേതാക്കളുടെ തുറുങ്കിലടയ്ക്കുന്നതു തുടരുകയുമാണ്.അതേസമയം, മറുവശത്ത് ഒമാൻ വഴി അമേരിക്കയുമായി ആണവ ചർച്ചകൾ തുടരാനും ഇറാൻ ശ്രമിക്കുന്നുണ്ട്.
