ആലപ്പുഴ: യു. പ്രതിഭയ്ക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിൽ മറുപടിയുമായി ഇര്‍ഷാദ് ചക്കാലശേരി. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും തന്റെ പ്രസ്താവനയെ അത്തരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നും ഇര്‍ഷാദ് ചക്കാലശേരി പറഞ്ഞു. തന്റെ പരാമര്‍ശം ആര്‍ക്കെങ്കിലും വേദന ഉണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും ഇര്‍ഷാദ് വ്യക്തമാക്കി.
അതേസമയം യുഡിഎഫ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ. സ്ത്രീ സമൂഹത്തെ മുഴുവന്‍ അപമാനിക്കുന്ന പരാമര്‍ശമാണ് നടത്തിയതെന്ന് പ്രതിഭ പ്രതികരിച്ചു. പരാമർശത്തിനെതിരെ ഇലക്ഷൻ കമ്മീഷന് പരാതി നൽകുമെന്നും യു. പ്രതിഭ അറിയിച്ചു.
വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ വാക്ചാചതുര്യംകൊണ്ടും ശരീര അഴക് കൊണ്ടും വീണ്ടും തെരഞ്ഞെടുപ്പിലേക്ക് വരികയാണ് എന്നാണ് യുഡിഎഫ് മണ്ഡലം കൺവീനറും ലീഗ് നേതാവുമായ ഇർഷാദ് ചക്കാലശേരിയുടെ വിവാദ പരാമർശം. കായംകുളത്ത് നടന്ന യുഡിഎഫ് കൺവൻഷനിലായിരുന്നു ഇർഷാദിന്റെ പരാമർശം.
ഇതിനിടെ യു. പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. സ്ത്രീവിരുദ്ധവും അപമാനകരവുമായ പരാമർശമാണെന്നും രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ചയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
