അന്ന് സൈന്യത്തെ കല്ലെറിഞ്ഞ പെണ്‍കുട്ടി! ഇന്ന്, രാജ്യത്തെ പ്രതിനിധീകരിക്കുന്ന വ്യക്തി; ഒരൊറ്റ ചിത്രത്തിലൂടെ രാജ്യമെങ്ങും ചര്‍ച്ചയായ അഫ്‌സാന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം മാറിമറിഞ്ഞതിങ്ങനെ

അഫ്‌സാന്‍ ആഷിഖ് എന്ന പെണ്‍കുട്ടിയെ പെട്ടെന്നാരും മറക്കില്ല. കാരണം, രാജ്യത്തിന് കാവലാളുകളാവുന്ന സൈനികരെ പരസ്യമായി കല്ലെറിഞ്ഞുകൊണ്ടാണ് അവള്‍ ലോകത്തിന്റെ മുമ്പില്‍ എത്തിയത്. ജമ്മു കാഷ്മീരില്‍ പോലീസും പ്രക്ഷോഭകരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ അഫ്‌സാന്‍ എന്ന പെണ്‍കുട്ടി പോലീസിനെ കല്ലെറിയുന്ന ചിത്രമാണ് സോഷ്യല്‍മീഡിയകളിലൂടെ ആളുകള്‍ കണ്ടത്. നീല സല്‍വാര്‍ കമ്മീസണിഞ്ഞ്, ദുപ്പട്ടകൊണ്ട് മുഖം പാതിമറച്ച്, സ്‌കൂള്‍ ബാഗും തോളില്‍ തൂക്കി രോഷാകുലയായ അഫ്‌സാന്‍ സൈനികവാഹനത്തിനു നേരെ കല്ലെറിയുന്നതായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. അന്ന് അഫ്‌സാനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇന്ന് അഫ്‌സാന്റെ ജീവിതം ആകെപ്പാടെ മാറിയിരിക്കുകയാണ്. ജമ്മു കാഷ്മീര്‍ വനിതാ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനാണ് അഫ്‌സാനിപ്പോള്‍. ‘പഴയ കാര്യങ്ങള്‍ ഓര്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എന്റെ ജീവിതം മാറിക്കഴിഞ്ഞു. കല്ലെറിഞ്ഞ പെണ്‍കുട്ടി എന്നതിനെക്കാള്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചവള്‍ എന്ന് അറിയപ്പെടാനാണ് എന്റെ ആഗ്രഹം..’. അഫ്‌സാന്‍ പറയുന്നു.

കഴിഞ്ഞ ഏപ്രില്‍ 24ന് ഉണ്ടായ ഒരു സംഭവത്തെ തുടര്‍ന്നാണ് അഫ്‌സാന്‍ പോലീസിനു നേരെ കല്ലെറിഞ്ഞത്. കോത്തി ബാഗിലെ സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് കൂട്ടുകാരികള്‍ക്കൊപ്പം പരിശീലന മൈതാനത്തേക്കു നടന്നു പോവുകയായിരുന്നു അഫ്‌സാന്‍. പെട്ടെന്നാണ് റോഡില്‍ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. അഫ്‌സാനും കൂട്ടുകാരികളും അതില്‍ പെട്ടുപോയി. ഒരു പോലീസുകാരന്‍ അഫ്‌സാന്റെ കൂട്ടുകാരികളിലൊരാളെ അടിക്കുകയും ചെയ്തു.

എന്തു ചെയ്യണമെന്നറിയാതെ ആദ്യം പകച്ചുനിന്ന അഫ്‌സാന്‍ പിന്നീട് സങ്കടവും ദേഷ്യവും സഹിക്കവയ്യാതെ കയ്യില്‍ കിട്ടിയ കല്ലെടുത്തെറിയുകയായിരുന്നു. അതേക്കുറിച്ച് അഫ്‌സാന്‍ പറയുന്നതിങ്ങനെ..
ആ സമയത്ത് അപമാനിതയായിട്ടാണ് എനിക്കു തോന്നിയത്. പ്രതികരിക്കാതെ വയ്യ എന്ന് അപ്പോള്‍ തോന്നി. പക്ഷേ, കല്ലെറിയുന്ന തരത്തിലുള്ള പ്രതിഷേധങ്ങളൊന്നും കാഷ്മീരിലെ പ്രശ്‌നത്തിനു പരിഹാരമല്ല എന്ന് ഇപ്പോള്‍ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇന്ത്യന്‍ ടീമില്‍ കളിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും അഫ്‌സാന്‍ പറയുന്നു.

 

Related posts