പ്രളയത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മയായി ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’! കലാഭവന്‍ മണിയുടെ ആരാധകരെ സങ്കടപ്പെടുത്തി, സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ച് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നതിങ്ങനെ

ജീവിക്കാനായി ഓട്ടോ ഓടിച്ച് തുടങ്ങി, പിന്നീട് മിമിക്രിയിലൂടെ സിനിമയിലേയ്ക്ക് പിടിച്ചു കയറിയ വ്യക്തിയാണ് മലയാളികളെ ഏറെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത് കടന്നുപോയ കലാഭവന്‍ മണി.

പ്രളയകാലത്ത് ഏറ്റവും കൂടുതല്‍ കെടുതിയനുഭവിച്ച മണിയുടെ നാട്ടില്‍ ഓടിത്തളര്‍ന്ന ഈ ഓട്ടോയും തുരുമ്പെടുത്ത് നശിക്കുന്നു എന്ന് കാണിച്ചുകൊണ്ട് ചിത്രം സഹിതം പലരും ഇപ്പോള്‍ സമൂഹമാധ്യങ്ങളിലൂടെ രംഗത്തെത്തുന്നുണ്ട്. ചിത്രം കണ്ട് പലരും സങ്കടവും പങ്കുവച്ചിരുന്നു.

പ്രസ്തുത ചിത്രത്തെക്കുറിച്ച് അന്വേഷിച്ച ഒരു ന്യൂസ് ചാനലിനോട് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ അതിന്റെ സത്യവസ്ഥ വെളിപ്പെടുത്തുകയും ചെയ്തു. അദ്ദേഹം പറഞ്ഞതിങ്ങനെ…

ആ ഓട്ടോറിക്ഷ മണിച്ചേട്ടന്‍ മൂത്തചേട്ടന്റെ മകന് വാങ്ങിക്കൊടുത്തതാണ്. അവന്‍ അതോടിച്ചാണ് ജീവിച്ചിരുന്നത്. ചാലക്കുടിക്കാരന്‍ ചങ്ങാതിയെന്നാണ് ഓട്ടോയുടെ പേര്. 100 ആണ് അതിന്റെ നമ്പരും. മണിച്ചേട്ടന്‍ അവര്‍ക്ക് താമസിക്കാന്‍ ഒരു വീടും വാങ്ങി നല്‍കിയിരുന്നു. പുഴയുടെ തീരത്തായിരുന്നു വീട്. പ്രളയം വന്നപ്പോള്‍ ആ വീടും ഓട്ടോയും സഹിതം എല്ലാം മുങ്ങിപ്പോയി. ഇന്ന് ആ വീട്ടില്‍ താമസിക്കാന്‍ പോലും കഴിയില്ല. മൂത്ത ചേട്ടനും കുടുംബവും കലാഗൃഹത്തിലാണ് ഇപ്പോള്‍ കഴിയുന്നത്. പ്രളത്തില്‍ എല്ലം നഷ്ടപ്പെട്ടിട്ട് സര്‍ക്കാരില്‍ നിന്നും വേണ്ട സഹായം ഒന്നും ലഭിച്ചിട്ടില്ല. ഞങ്ങളെല്ലാവരും സാമ്പത്തികമായി തകര്‍ന്ന് നില്‍ക്കുകയാണ്. വീടും വരുമാനമാര്‍ഗവും നിലച്ച അവസ്ഥിയിലാണ്.

ഇപ്പോഴും ആരാധകര്‍ ചാലക്കുടിയിലെ വീട് തേടി എത്താറുണ്ട്. അവരില്‍ ആരോ എടുത്ത ചിത്രമാവണം ഇപ്പോള്‍ പ്രചരിക്കുന്നത്. ആ ഓട്ടോ ശരിയാക്കി അവന് ഓടിക്കാന്‍ കൊടുക്കണം എന്നുണ്ട്. പക്ഷേ അതിനുള്ള ഒരു സാഹചര്യം ഇപ്പോഴില്ല. പ്രളയം വന്‍നാശം വിതച്ചപ്പോഴും ചാലക്കുടിപ്പുഴ മണിച്ചേട്ടനോട് കാണിച്ച സ്‌നേഹം വേറൊന്നാണ്. അദ്ദേഹത്തിന്റെ പ്രതിമയ്ക്ക് ഒരു കേടുപാടും സംഭവിച്ചില്ല. ശക്തമായ ഒഴുക്കില്‍ പോലും ആ പ്രതിമയ്ക്ക് ചുറ്റും വച്ചിരുന്ന വസ്തുക്കളും ഒലിച്ചുപോയില്ല. അത് വലിയ അദ്ഭുതമായിരുന്നു. രാമകൃഷ്ണന്‍ പറഞ്ഞു.

Related posts