ശബരിമല കയറ്റം ബിന്ദുവിന്റെ തലവര മാറ്റി ! ബിന്ദുവിനു വേണ്ടി കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ഒരുങ്ങുന്നത് രാജകീയ സൗകര്യങ്ങള്‍; വെറുമൊരു ഗസ്റ്റ് ലക്ച്ചര്‍ക്കു വേണ്ടി യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ വളച്ചൊടിക്കുന്നതിങ്ങനെ…

ശബരിമല ദര്‍ശനത്തിലൂടെ വിവാദനായികയായ എ.ബിന്ദുവിന് ഇപ്പോള്‍ രാജയോഗം. ഒരു ഗസ്റ്റ് ലക്ച്ചറര്‍ക്കും ഒരു യൂണിവേഴ്‌സിറ്റിയും ഒരുക്കി നല്‍കാത്ത സൗകര്യങ്ങളാണ് ബിന്ദുവിനായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ഒരുങ്ങുന്നത്. ബിന്ദു ജോലി ചെയ്യുന്ന പാലയാട് ക്യാംപസില്‍ ഇപ്പോള്‍ ബിന്ദുവിന് ഇരിക്കാന്‍ സ്വന്തം കാബിന്‍ പണിയുന്നതിനുള്ള ഒരുക്കത്തിലാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി. ഇതിനായി യൂണിവേഴ്‌സിറ്റിയുടെ പിവിസി അടക്കമുള്ള ഉന്നതര്‍ ക്യാംപസ് സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

എന്നാല്‍ ബിന്ദുവിനൊപ്പം ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയുടെ സ്ഥിതി നേരെ മറിച്ചാണ്. വീട്ടില്‍ കയറാന്‍ പോലും കഴിയാതെ കനകദുര്‍ഗ്ഗ കഷായിക്കുമ്പോള്‍ ബിന്ദുവിന് യാതൊരു കുഴപ്പവുമില്ല.ഇതിനൊപ്പമാണ് ജോലി സ്ഥലത്തെ പ്രത്യേക പരിഗണന. പ്രത്യേക കാബിന്‍ അടക്കം ഒരുക്കുന്നതില്‍ അതൃപ്തിയും ശക്തമാണ്. ഇതൊന്നും വകവയ്ക്കാതെയാണ് യൂണിവേഴ്സിറ്റിയുടെ മുന്നോട്ട് പോക്ക്.

ബിന്ദു ഇരിക്കുന്ന ഹാളില്‍ വിഭജനം നടത്തി ഒരു പ്രത്യേക കാബിനായാണ് നീക്കം. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ബിന്ദുവിന് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് കാബിന്‍ എന്നാണ് പറയുന്നത്. വകുപ്പ് മേധാവികള്‍ക്ക് കാബിന്‍ ഇല്ലാത്ത ക്യാംപസ് ആണ് പാലയാട് ക്യാംപസ്. ഇവിടെ ബിന്ദുവിന് മാത്രം സുരക്ഷ ഒരുക്കുന്നത് മറ്റു വകുപ്പ് മേധാവികള്‍ക്കിടയിലും എതിര്‍പ്പിന് കാരണമായിട്ടുണ്ട്. ക്ലാസെടുക്കുമ്പോള്‍ ബിന്ദുവിന് എന്തു സുരക്ഷയാണ് നല്‍കാന്‍ കഴിയുന്നതെന്ന് ഇവര്‍ ചോദിക്കുന്നു.

ബിന്ദുവിനെ നായികയായി എഴുന്നള്ളിച്ച് കൊണ്ട് നടക്കുന്ന സിപിഎം നീക്കത്തിന്റെ ഭാഗമായാണ് കാബിന്‍ പണിയില്‍ എന്നും സിപിഎം നീക്കങ്ങള്‍ക്ക് ക്യാംപസിനെ കരുവാക്കുകയാണെന്നുമാണ് ആക്ഷേപം ഉയരുന്നത്. ബിന്ദുവിനു സ്ഥിരം ജോലി ഉറപ്പാക്കി നല്‍കാനാണ് സര്‍ക്കാര്‍-സിപിഎം നീക്കം. അതിനായി കണ്ണൂര്‍ സിപിഎം തലത്തില്‍ നിന്ന് തന്നെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലേക്ക് നിര്‍ദ്ദേശം പോയിട്ടുണ്ട്. ഈ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യൂണിവേഴ്‌സിറ്റി ഇപ്പോള്‍ ബിന്ദുവിനായി ഒരുക്കുന്ന കാബിന്‍ അടക്കമുള്ള സൗകര്യങ്ങള്‍.

പാലയാട് ക്യാമ്പസിലെ ഉദ്യോഗസ്ഥയാണെങ്കിലും മിക്കപ്പോഴും അവധിയിലാണ്. എന്തിനാണ് അവധിയെടുക്കുന്നതെന്നു മാത്രം ആര്‍ക്കുമറിയില്ല. എപ്പോള്‍ വരും എപ്പോള്‍ പോകും എന്ന കാര്യത്തിലും പാലയാട് അധികൃതര്‍ക്കുപോലും ഒരു നിശ്ചയവുമില്ല. അതുകൊണ്ട് തന്നെ ബിന്ദുവിന് പഴയ ക്ലാസ്സുകള്‍ നോക്കി മാക്സിമം ലീവ് നല്‍കാനും നീക്കമുണ്ട്. അതിനായി പഴയ ക്‌ളാസുകളും രേഖകളും ബിന്ദു പരിശോധിച്ച് കൊണ്ടിരിക്കുന്നുമുണ്ട്. പല ആവശ്യങ്ങള്‍ക്ക് ബിന്ദുവിന് ഇനിയും ലീവ് ആവശ്യമുള്ളപ്പോള്‍ വേതനം നഷ്ടമാകാതിരിക്കാനാണ് നീക്കം.

അതേസമയം ബിന്ദുവിനായി യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ വളച്ചൊടിക്കപ്പെടുന്നതില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ സിപിഎം ഉന്നതര്‍ക്കും പ്രതിഷേധമുണ്ട് എന്നാണ് സൂചന. അതുകൊണ്ട് തന്നെ ബിന്ദുവിന്റെ കാര്യത്തില്‍ശ്രദ്ധിച്ച് നീങ്ങാനാണ് യൂണിവേഴ്‌സിറ്റി തീരുമാനം. കോഴിക്കോട് നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ബിന്ദു ഇന്നലെ കോഴിക്കോട് പോയി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് വേണ്ടി നടത്തിയ പിഎസ്‌സി പരീക്ഷ എഴുതിയിട്ടുമുണ്ട്. അതേസമയം പൊയില്‍ക്കാവിലെ ഭര്‍തൃവീട്ടില്‍ കനത്ത പൊലീസ് സുരക്ഷയോടെ ബിന്ദു താമസം തുടങ്ങിയിട്ടുണ്ട്.

Related posts