കാട്ടാക്കട: കാപ്പാ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഭാര്യയുടെ വീട് പൂർണ്ണമായും അടിച്ചു തകർത്തു. പൂവച്ചൽ പഞ്ചായത്തിലെ പന്നിയോട് കഴിഞ്ഞ ദിവസം രാത്രി ഒന്നോടെയായിരുന്നു സംഭവം.
നിരവധി കേസുകളിലെ പ്രതിയും ലഹരിക്കടിമയുമായ പന്നിയോട് സ്വദേശി ചീങ്കണ്ണി അനീഷ് എന്ന് വിളിക്കുന്ന അനീഷ് കുമാർ (39) ആണ് വടിവാളുമായി ഭാര്യ വീട് തല്ലി തകർത്തത്. വീട് തല്ലിപൊളിക്കുന്ന ശബ്ദം കേട്ടുണർന്ന ഭാര്യ ആൻ ബേബിയും മക്കളും ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾ നിരന്തരം ഭാര്യയെ മർദ്ദിക്കാറുണ്ടായിരുന്നു.
ഇതിനെ തുടർന്നാണ് രണ്ട് ദിവസം മുൻപ് ആൻ ബേബി നാല് മക്കളേയും കൂട്ടി സ്വന്തം വീട്ടിലേക്ക് താമസം മാറിയത്. പ്രതിയെ അറസ്റ്റ് ചെയ്ത കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഇയാളെ കാപ്പാ ജാമ്യ വ്യവസ്ഥ ലംഘച്ചതിനും വീട് അടിച്ചു തകർത്തതിനും കൊലപാതക ശ്രമത്തിനും കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതി ആൻ ബേബിയുടെ പിതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭാര്യയെയും മക്കളെയും ആക്രമിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. വീടിനുള്ളിലെ ഫർണിച്ചറുകളും മറ്റ് ഗൃഹോപകരണങ്ങളും അടിച്ചു തകർത്തതായും പരാതിയിൽ പറയുന്നു.
