തനി നാടൻ കൃഷിയുമായി മാങ്കുളം

kar_2017feb16ma1പലഗ്രാമങ്ങളും ചരിത്രത്തിൽ സ്‌ഥാനം നേടുന്നത് ചില രുചികളിലൂടെയാണ്. രുചിയും ഗുണവുമുള്ള പച്ചക്കറികൾ മാങ്കുളത്തിന്റേതാണെന്ന് പറയുന്നവരുടെ എണ്ണം കൂടുകയാണ്. കർഷകരുടെ മനം നിറയ്ക്കുന്ന ഈ വാർത്തയാണ് മാങ്കുളത്തിന്റെ ജൈവകൃഷിയുടെ വിജയമന്ത്രം. ഇടുക്കി ജില്ലയിലെ മലയോരഗ്രാമമാണ് മാങ്കുളം. ഇവിടത്തെ ജനങ്ങളുടെ കാർഷിക ജീവിതത്തിന്റെയും അനുകൂല കാലാവസ്‌ഥയുടെയും മിശ്രണമാണ് ഈ പെരുമ.

മൂന്നാർ തേയിലത്തോട്ടങ്ങളുടെ ഭാഗമായി തേയിലകൃഷി നടന്നിരുന്ന പ്രദേശമായിരുന്നു മാങ്കുളം. സ്വകാര്യ വ്യക്‌തികളിൽ നിന്നും കണ്ണൻദേവൻ കമ്പനിയിൽ നിന്നുമൊക്കെ സർക്കാർ ഏറ്റെടുത്ത ഭൂമി, പിന്നീട് കർഷകർക്ക് നൽകുകയായിരുന്നു.

123 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മാങ്കുളത്ത് ആദിവാസികളാണ് ആദ്യം ഉണ്ടായിരുന്നത്. ഗതാഗത സൗകര്യങ്ങൾ ഇല്ലാതിരുന്ന ഈ ഗ്രാമത്തിലേക്ക് യാത്രാസൗകര്യം ലഭ്യമാക്കുന്നത് കർഷകർക്ക് സർക്കാർ ഭൂമി നൽകിയ 1999 നു ശേഷമാണ്. തുടർന്ന് തേയിലച്ചെടികൾ നശിപ്പിച്ച് കൃഷി ചെയ്യാൻ കർഷകർ തയാറായി. ഇന്ന് 90 ശതമാനത്തിലേറെ പ്രദേശങ്ങളിലും ജൈവകൃഷിയുണ്ട്.

കാർഷിക സമൃദ്ധിയും സ്വയം പര്യാപ്തതയും കർഷകരിൽ ഉണ്ടാക്കിയെടുക്കുവാനും, ജൈവകൃഷി ശാസ്ത്രീയമായി നടപ്പാക്കാനും കഴിയുന്ന പദ്ധതികളുമായി ആദ്യമെത്തിയത് കേരള അഗ്രിക്കൾച്ചറൽ ഡവലപ്മെന്റ് സൊസൈറ്റിയായിരുന്നു. അയൽ പ്രദേശങ്ങളുമായി കാര്യമായ ബന്ധങ്ങളൊന്നും ഇല്ലായിരുന്ന മാങ്കുളത്തെ ജൈവസമൃദ്ധി തിരിച്ചറിഞ്ഞാണ് തൊടുപുഴയിലെ കാഡ്സ് പ്രവർത്തകർ മാങ്കുളത്തെത്തുന്നത്. വാനിലയും കൊക്കോയും വൻതോതിൽ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. 2007 ൽ പതിനാറ് കർഷകരുടെ ഒരു കൂട്ടായ്മയുണ്ടാക്കി ജൈവകൃഷി സജീവമാക്കി. ഇവരിൽ ചിലർക്ക് ജൈവസാക്ഷ്യപത്രം കിട്ടിയെങ്കിലും തുടർന്ന് വിജയകരമായി കൊണ്ടുപോകാനോ മികച്ച വില നൽകി കർഷകരുടെ വിളകൾ സ്വീകരിക്കാനോ കഴിയാതെ വന്നു. പിന്നീട് കർഷകർ ചേർന്ന് ഒരു സമിതിയുണ്ടാക്കിയാണ് മാങ്കുളത്തെ പച്ചക്കറികൾ നഗരങ്ങളിൽ എത്തിച്ച് വില്പന നടത്തുന്നത്.

പച്ചക്കറികളുടെ രുചിഭേദങ്ങൾ തിരിച്ചറിയാൻ കഴിയുന്ന മലയാളികൾക്ക് പ്രിയപ്പെട്ടതായി മാങ്കുളത്തെ ജൈവ പച്ചക്കറി മാറി. കൊച്ചി നഗരത്തിലെ ഏതാനും കടകളിൽ മാത്രമാണ് മാങ്കുളത്തെ പച്ചക്കറികൾ ലഭിക്കുന്നത്.

സെബാസ്റ്റ്യൻ: മാങ്കുളത്തിന്റെ സ്വന്തം ജൈവ കർഷകൻ

വിഷം തീണ്ടിയിട്ടില്ലാത്ത കാർ ഷിക വിഭവങ്ങൾ ഉത്പാദിപ്പിക്കുന്ന കർഷകരിൽ മുൻനിരക്കാരനാണ് പനച്ചിനാനിക്കൽ പി.ജെ. സെബാസ്റ്റ്യൻ. 2008 ൽ ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ എത്തുമ്പോൾ ഏലമായിരുന്നു പ്രധാനകൃഷി. കൊക്കോയും കുരുമുളകും കൃഷിയിടത്തിലെ മറ്റു വിളകളായിരുന്നു. വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ മാത്രമുണ്ടായിരുന്ന ഈ കൃഷിയിടത്തിൽ ഇന്ന് പച്ചക്കറികളാണ് പ്രധാന വിള.

ജൈവ സംരംഭകരുടെ മുഖ്യ സംഘാടകനും രാഷ്ട്രീയ പ്രവർത്തകനുമായ സെബാസ്റ്റ്യൻ ഇന്ന് പൂർണകർഷകനാണ്. വൈവിധ്യമാർന്ന പച്ചക്കറികളോടൊപ്പം പഴയകാല വിളകളെ തിരികെ കൊണ്ടുവരാനുള്ള ശ്രമവും നടത്തുന്നു. ഏലച്ചെടികൾ നശിപ്പിച്ചു കളഞ്ഞശേഷമാണ് പച്ചക്കറിത്തോട്ടമൊരുക്കിയയത്. എട്ടേക്കറിൽ ഏലം പേരിനു മാത്രം. ജൈവവള നിർമാണത്തിന് പശുക്കളെയും ആടുകളെയും മുട്ടക്കോഴികളെയും വളർത്തുന്നുണ്ട്. മണ്ണിര കമ്പോസ്റ്റും നിർമിക്കുന്നു.

ജൈവ സമൃദ്ധമായ മണ്ണിൽ രാസകീടനാശിനികളും രാസവളങ്ങളും ഒഴിവാക്കി പരമ്പരാഗത വളപ്രയോഗ രീതി അവലംബിച്ചാൽ ആരോഗ്യം പകരുന്ന ഔഷധഗുണങ്ങളു്ള വിളകൾ ഉണ്ടാകുമെന്നാണ് സെബാസ്റ്റ്യന്റെ അഭിപ്രായം. ഒരു കാലത്ത് ഗ്രാമങ്ങളിൽ കണ്ടിരുന്ന അടതാപ്പ് കാച്ചിൽ, ചെറിയൊരു പന്തലൊരുക്കി കൃഷി ചെയ്തിട്ടുണ്ട്. ഉരുളക്കിഴങ്ങിന് പകരമായി പന്തലിൽ വിളയുന്ന അടതാപ്പ് ഉപയോഗിക്കാം. രണ്ടു സെന്റ് സ്‌ഥലത്ത് 1200 ചുവട് അടതാപ്പ് നട്ടിരിക്കുന്നു. മുളച്ച് പന്തലിൽ കയറിയാൽ നാലാം മാസം മുതൽ വിളവെടുക്കാം. പത്തു മാസം കഴിയുമ്പോൾ കടപറിക്കാം. കടയിൽ ഉണ്ടാകുന്ന കാച്ചിലും ഭക്ഷ്യയോഗ്യമാണ്. പന്തലിൽ ഉണ്ടാകുന്ന അടതാപ്പാണ് നടാനായി തെരഞ്ഞെടുക്കുന്നത്. ആദ്യ വിളവെടുപ്പിൽ 500 കിലോ ലഭിച്ചു. വിളവ് അവസാനിക്കുമ്പോൾ 250 കിലോ കൂടി ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ചുവട്ടിൽ നിന്ന് കുറഞ്ഞത് 2500 കിലോ കാച്ചിലും കിട്ടും. അടതാപ്പ് കിലോയ്ക്ക് 50 രൂപ നിരക്കിലാണ് വില്പന. അതിനു പുറമെ സോയാബീൻ, പയർ, ബീൻസ്, ആകാശവെള്ളരി, പാഷൻ ഫ്രൂട്ട് എന്നിവയ്ക്കും ചെറിയ പന്തലുകൾ ഉണ്ട്. നൂറോളം ഗ്രോബാഗുകളിൽ വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയവ കൃഷി ചെയ്തിരിക്കുന്നു.

ആധുനിക കൃഷിയുടെ ഭാഗമായി ഹോർട്ടിക്കൾച്ചർ മിഷന്റെ സഹായത്തോടെ അടുത്തകാലത്ത് ഒരുക്കിയ പോളിഹൗസിൽ കൃത്യതാ കൃഷിയാണ്. ആദ്യമായി നട്ടത് വള്ളിപ്പയറാണ്. 1200 കിലോ പയർ ഉത്പാദിപ്പിക്കാൻ കഴിഞ്ഞു. അല്പം കൂടി ശ്രദ്ധയും പരിചരണവും നൽകിയാൽ 2500 കിലോവരെ ഉത്പാദനം ലഭിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.

ആദ്യകാല കാർഷിക വിളകളായ കൊക്കോ, ജാതി, കുരുമുളക്, തെങ്ങ് തുടങ്ങിയവ ഇന്നും കൃഷിയിടത്തിലുണ്ട്. കൃഷിവകുപ്പിന്റെ സഹായത്തോടെ 16 സെന്റിൽ തീർത്ത വലിയ കുളത്തിൽ ഗൗര, കട്ല, നെട്ടർ, ഗ്രാസ്കാർപ്പ് തുടങ്ങിയ മൽസ്യങ്ങളെയാണ് വളർത്തുന്നത്. 3500 കുഞ്ഞുങ്ങൾ വളർന്ന് വലുതാകുന്നതോടെ അടുത്തവർഷം വിളവെടുക്കാൻ കഴിയും. മാങ്കുളത്തെ കർഷകർക്ക് മാതൃകയാണ് സെബാസ്റ്റ്യന്റെ കൃഷിരീതികൾ. ഫോൺ: പി. ജെ .സെബാസ്റ്റ്യൻ – 9495079233

ഷാന്റി തോമസിന്റെ ചെലവില്ലാകൃഷി

ചെലവില്ലാ കൃഷിരീതികളിലൂടെ നാടിന് അഭിമാനമായ കർഷകനാണ് മാളിയേക്കൽ ഷാന്റിതോമസ്. കൃഷിയിലും ബിസിനസിലും ഉണ്ടായ തകർച്ചയെ തുടർന്ന് നാടുവിട്ടെ ത്തിയത് മാങ്കുളത്തായിരുന്നു. വിവിധ ജോലികൾ ചെയ്തുണ്ടാക്കിയ പണം കൊണ്ട് സ്‌ഥലം വാങ്ങി, കൃഷി ആരംഭിച്ചു. റബറായിരുന്നു ആദ്യകാല കൃഷി. പിന്നീട് കൊക്കോയും കാപ്പിയും കൃഷിചെയ്തു തുടങ്ങി. പാറക്കെട്ടുകൾ കൊണ്ടു നിറഞ്ഞ അഞ്ചേക്കറിൽ നാടൻ കാപ്പിച്ചെടികളാണ് കൃഷിചെയ്യുന്നത്. കൃഷിപ്പണികൾക്കായി ആദിവാസികളും എത്തുന്നുണ്ട്.

കാട്ടുമൃഗങ്ങളെ നേരിട്ട്, നാടൻ ഇനങ്ങൾ കൃഷിചെയ്ത് മികച്ച നേട്ടം കൈവരിക്കുന്ന ഷാന്റി തോമസിന് 30 ഏക്കറിൽ ജൈവകൃഷിയുമുണ്ട്. വിളകൾക്ക് പച്ചിലകൾ മാത്രമാണ് വളമായി നിൽക്കുന്നത്. വർഷകാലത്ത് മലമുകളിൽ നിന്നുവരുന്ന എക്കലും ജൈവകൃഷിയുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. ഗുജറാത്തിൽ നഴ്സറി ജോലി ചെയ്തിരുന്ന ഭാര്യ ബിന്ദു ജോലി ഉപേക്ഷിച്ച് കൃഷിക്കാര്യങ്ങൾ നോക്കുന്നു. തക്കാളി, വഴുതന, ബീൻസ്, പയർ തുടങ്ങിയ പച്ചക്കറികളും സുഗന്ധവിളകളോടൊപ്പം കൃഷി ചെയ്യുന്നു.

വേനൽക്കാലത്ത് കാടുവെട്ടിത്തെളിക്കലും വിളവെടുക്കലുമാണ് പ്രധാന ജോലികൾ. പച്ചക്കറികൾക്ക് മാത്രമാണ് അല്പമെങ്കിലും ജൈവവളം നൽകുന്നത്. അതുകൊണ്ട് കിട്ടുന്ന വിളവ് ലാഭം തന്നെ. നാടൻ കാപ്പിക്ക് വില കുറവാണെങ്കിലും ഉത്പാദനം ഇരട്ടിയായതുകൊണ്ട് നഷ്ടമില്ല.
ഫോൺ: ഷാന്‍റി തോമസ് – 9446213483

നെല്ലി ചെങ്ങമനാട് 

Related posts