ചങ്ങനാശേരി: കടമറ്റത്തു കത്തനാര് അദ്ഭുതങ്ങള്‍ കാണിച്ച് കാണികളെ വിസ്മയിപ്പിച്ചെന്നാണ് ചരിത്രം. ദേ ഇവിടെ ഒരു കത്തനാര് സംഘം ക്രീസില്‍ വിസ്മയങ്ങള്‍ കാണിച്ച് കാണികളുടെ കൈയടി വാങ്ങാനൊരുങ്ങുന്നു. രാവിലെ പള്ളിയിലെ പ്രാര്‍ഥനകള്‍ കഴിഞ്ഞെത്തിയതാണ് ഫാ. ജോബി മൂലയില്‍. മുറിയുടെ മൂലയ്ക്കിരിക്കുന്ന ക്രിക്കറ്റ് ബാറ്റിലേക്കാണ് ചങ്ങനാശേരി അതിരൂപത കോര്‍പറേറ്റ് മാനേജര്‍ കൂടിയായ ഫാ. ജോബിയുടെ കണ്ണുപാഞ്ഞത്. ഗ്ലൗസും പാഡും ബാറ്റുമായി ജോബിയച്ചന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ബാക്കിയുള്ളവരും റെഡി.
ബാറ്റും ബോളുമൊക്കെയായി ക്രിക്കറ്റ് മൈതാനത്തേക്കാണ് സംഘത്തിന്റെ യാത്ര. ഇതു കത്തനാര് ക്രിക്കറ്റ് ക്ലബ് (കെസിസി). ചങ്ങനാശേരി അതിരൂപതയിലെ ക്രിക്കറ്റ് പ്രേമികളായ വൈദികര്‍ ചേര്‍ന്നു രൂപം നല്കിയ ക്രിക്കറ്റ് ക്ലബ്. ഇന്നു കളിക്കളത്തില്‍ കാണികള്‍ക്കു കൗതുകം പകരുകയാണ് ഈ ടീം.
കഴിഞ്ഞ ദിവസം കോര്‍പറേറ്റ് അധ്യാപകര്‍ക്കായി ചങ്ങനാശേരിയില്‍ സംഘടിപ്പിച്ച ടിസിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗസ്റ്റ് ടീം ആയി എത്തിയ കത്തനാര് ക്ലബ് കാണികളുടെ കൈയടി വാങ്ങിയാണ് മടങ്ങിയത്. നല്ല തയാറെടുപ്പും പരിശീലനവും കഴിഞ്ഞാണ് ഇവര്‍ കളിക്കാനായി ഇറങ്ങുന്നത്. സെമിനാരി പഠനകാലത്തെ ക്രക്കറ്റ് കമ്പമാണ് വൈദികരായ ശേഷവും ഇവര്‍ വിടാതെ പിന്തുടരുന്നത്.
സച്ചിന് മുതല്‍ വത്തിക്കാന്‍ വരെ
ക്ലബ്ബിലെ അംഗങ്ങള്‍ക്കു ക്രിക്കറ്റ് എന്നതു വെറുമൊരു തമാശക്കളിയല്ല. “സച്ചിന് തെണ്ടുല്‍ക്കറെ കണ്ടാണ് ഞങ്ങള്‍ ക്രിക്കറ്റിനെ പ്രണയിച്ചു തുടങ്ങിയത്. ഒരു നല്ല കളിക്കാരനായിരിക്കുക എന്നതുപോലെ പ്രധാനമാണ് നല്ലൊരു മനുഷ്യനാകുക എന്ന സച്ചിന്റെ വാക്കുകളും ഞങ്ങള്‍ക്ക് പ്രചോദനമാണ്”- ഫാ. ജോബി പറയുന്നു.
ഇതിനിടയില്‍ വത്തിക്കാന്‍ ക്രിക്കറ്റ് ടീമിനെക്കുറിച്ചുള്ള വാര്‍ത്തകളും കത്തനാര് സംഘത്തിന് ആവേശം പകര്‍ന്നു. ടീം ക്യാപ്റ്റന്‍ ഫാ. ജോജിന്‍ ഇലഞ്ഞിക്കലിന്റെ പക്കലുള്ള ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പിട്ട ബാറ്റ് ടീമിനു വലിയ പ്രചോദനമാണ്. വത്തിക്കാന്‍ ക്രിക്കറ്റ് ക്ലബ് ഉദ്ഘാടന വേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പിട്ട ടീമിന്റെ ഓഫീഷല്‍ ക്രിക്കറ്റ് ബാറ്റ് പിന്നീട് വത്തിക്കാന്‍ ടീമിലെ കളിക്കാര്‍ ഫാ. ജോജിന്‍ ഇലഞ്ഞിക്കലിനു സമ്മാനിക്കുകയായിരുന്നു.
സ്പോര്‍ട്സ് എന്ന മരുന്ന്
ഇന്നത്തെ തലമുറ മൊബൈല്‍ ഫോണുകള്‍ക്കു മുന്നില്‍ തളയ്ക്കപ്പെടുമ്പോള്‍, അവരെ മൈതാനങ്ങളിലേക്കു തിരികെ എത്തിക്കുക എന്ന വലിയ ലക്ഷ്യം കൂടി ഈ വൈദികര്ക്കുണ്ട്. “തോല്‍വികള്‍ എങ്ങനെ അഭിമുഖീകരിക്കണമെന്നു കളി മൈതാനങ്ങള്‍ നമ്മെ പഠിപ്പിക്കും. അതു ജീവിതത്തിലെ വലിയ സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ കുട്ടികളെ സഹായിക്കും”- ഫാ. ജോസഫ് പുതുവീട് പറയുന്നു. ഇടവക പ്രവര്‍ത്തനങ്ങളുടെയും ഔദ്യോഗിക തിരക്കുകളുടെയും ഇടയില്‍ മനസും ശരീരവും ഫിറ്റ് ആയി നിര്‍ത്താന്‍ ക്രിക്കറ്റ് കളി സഹായിക്കുമെന്ന് ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നു.
51-ാം വയസിലും പന്തെറിയാന്‍ എത്തുന്ന ഫാ. ഡൊമിനിക് മുരിയന്കാവുങ്കലിനെപ്പോലുള്ളവര്ക്കു ക്രിക്കറ്റ് ഒരു പാഷന് ആണ്. നിലവില്‍ നാല്പതോളം വൈദികര്‍ ഈ കൂട്ടായ്മയിലുണ്ട്. പൗരോഹിത്യ ജീവിതത്തിനൊപ്പം സ്പോര്‍ട്സ്മാന്‍ സ്പിരിറ്റും ചേര്‍ത്തുവച്ചു യുവതലമുറയ്ക്കു പ്രചോദനമാവുകയാണ് കത്തനാര് ക്രിക്കറ്റ് ക്ലബ്.
മാത്യു ആന്റണി
