തിരുവനന്തപുരം: തെരഞ്ഞെടുപ്പുഫലം വരുന്നതുവരെ മുഖ്യമന്ത്രി പദത്തെ ചൊല്ലി ആരും പരസ്യ അഭിപ്രായ പ്രകടനം നടത്തരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ്. മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യത്തില്‍ മാതൃക പുലര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. നേതാക്കള്‍ അഭിപ്രായങ്ങള്‍ പറയേണ്ടത് പാര്‍ട്ടിവേദികളില്‍ മാത്രമായിരിക്കണം.
ആദ്യം തെരഞ്ഞെടുപ്പ് ഫലം വരട്ടെ. അതിനുശേഷം മുഖ്യമന്ത്രിയാരെന്നതിനെക്കുറിച്ച് ജയിച്ചുവരുന്ന എംഎല്‍എമാരുടെ അഭിപ്രായം അനുസരിച്ച് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരസ്യ അഭിപ്രായപ്രകടനങ്ങള്‍ നടത്തേണ്ട സമയം ഇതല്ലന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിപദത്തെക്കുറിച്ച് നേതാക്കള്‍ നടത്തുന്ന അഭിപ്രായങ്ങളെ കെ.മുരളീധരന് രൂക്ഷമായി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പുഫലം വരുന്നതിനുമുന്പ് മുഖ്യമന്ത്രിയാരെന്ന് പരസ്യചര്‍ച്ച നടത്തുന്നത് യുഡിഎഫിന് വോട്ട് ചെയ്ത വോട്ടര്‍മാര്‍ക്കും ജനങ്ങള്‍ക്കും ഇഷ്ടപ്പെടില്ല. രാഹുല്‍ ഗാന്ധി പറഞ്ഞ അഭിപ്രായമാണ് ഇക്കാര്യത്തില്‍ തനിക്കു പറയാനുള്ളത്.
സംഘനൃത്തം നടത്തുമ്പോള്‍ ആരും സിംഗിള്‍ ഡാന്‍സ് കളിക്കരുതെന്നും അദ്ദേഹം പറഞ്ഞു. റിസള്‍ട്ട് വരുന്നതിന് മുന്‍പുള്ള അഭിപ്രായപ്രകടന ങ്ങളി ലൂടെ ജനങ്ങളെക്കൊണ്ട് മോശം കാര്യങ്ങള്‍ പറയിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിയാകുന്നതിനെ അനുകുലിച്ച് കെ.സുധാകരന് ഫേസ് ബുക്ക് പോസ്റ്റിട്ടതിൽ ഒരു വിഭാഗം നേതാക്കള്‍ ചേരിതിരിഞ്ഞ് അഭിപ്രായങ്ങള്‍ പറയുന്നതിലേക്ക് എത്തിയിരുന്നു. കോണ്‍ഗ്രസിലെ മുഖ്യമന്ത്രിപദ ചര്‍ച്ചകളില്‍ ഹൈക്കമാന്‍ഡിനും ഘടകകക്ഷി നേതാക്കള്‍ക്കും അമര്‍ഷമുണ്ട്.
