നിങ്ങള്‍ മൂന്നോ നാലോ സുഹൃത്തുക്കള്‍ ചേരുമ്പോഴുണ്ടാവുന്നതല്ല യഥാര്‍ത്ഥ ലോകം! കേരളാ പോലീസ് നല്‍കുന്ന മുന്നറിയിപ്പ്; യുവതലമുറ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടത്

ഇന്നത്തെ യുവതലമുറ എങ്ങോട്ടാണ് ഈ പായുന്നത്. താന്തോന്നികളും, തന്നിഷ്ടക്കാരും, അഹങ്കാരികളും, സാമൂഹികപ്രതിബദ്ധത തീരെ ഇല്ലാത്തവരും ആയി അവര്‍ അധ:പ്പതിക്കുവാനുള്ള കാരണക്കാര്‍ ആരൊക്കെയാണ്. ഇന്നത്തെ ലോകം ചര്‍ച്ച ചെയ്യുന്ന പ്രധാനവിഷയങ്ങളാണിതൊക്കെ. ആഡംബര വാഹനങ്ങളും വിലകൂടിയ മൊബൈല്‍ഫോണുകളും സ്വന്തമായി ഇല്ലാത്ത യുവാക്കള്‍ ഇന്ന് തീര്‍ത്തും കുറവാണ്. വാഹനമോടിക്കുമ്പോഴുള്ള അമിതമായ അത്മവിശ്വാസവും തത്ഫലമായി ഇക്കൂട്ടര്‍ വരുത്തിവയ്ക്കുന്ന അപകടങ്ങളും വളരെയധികമാണ്. ചെറുപ്പക്കാരുടെ ആവേശംമൂലം സംഭവിക്കുന്ന അപകടങ്ങള്‍ക്കെല്ലാം സാക്ഷികളാകുന്നവരില്‍ ഒരുകൂട്ടരാണ് സംസ്ഥാനത്തെ പോലീസുകാര്‍. ഈയവസരത്തിലാണ് ഇത്തരം അപകടങ്ങള്‍ അടിയ്ക്കടി വര്‍ദ്ധിക്കുന്നതിന്റെ കാരണങ്ങളും അവ ഇല്ലാതാക്കാന്‍ യുവാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വ്യക്തമാക്കികൊണ്ട് കേരളാ പോലീസ് തന്നെ രംഗത്തെത്തിയിരിക്കുന്നത്. അതിങ്ങനെയാണ്…

ഹേയ് ഒരുപറ്റം കൊച്ചനുജന്‍മാരെ…. നിങ്ങള്‍ മൂന്നോ നാലോ,അല്ലെങ്കില്‍ പത്തോ സുഹൃത്തുക്കള്‍ ഒത്ത് ചേരുമ്പോഴുണ്ടാകുന്ന ഒരു ലോകമുണ്ടല്ലോ, അതല്ല യഥാര്‍ത്ഥലോകം! മാതാപിതാക്കളെ അനുസരിക്കാത്ത, മുതിര്‍ന്നവരെ മാനിക്കാത്ത, ഒത്തുചേര്‍ന്നാല്‍ താന്തോന്നിത്തരങ്ങള്‍ മാത്രം കാണിക്കുന്ന നിങ്ങളുടെ ലോകമുണ്ടല്ലോ, അത് വെറും വിഡ്ഢിലോകം മാത്രം! നിങ്ങള്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ ആണെന്നുള്ള തിരിച്ചറിവ് ഇനി എന്നാണുണ്ടാകുക? നിങ്ങള്‍ പൊതുനിരത്തുകളില്‍ കാട്ടിക്കൂട്ടന്ന ബൈക്ക് അഭ്യാസങ്ങള്‍ നിങ്ങളുടെ കഴിവായ് ബുദ്ധിയുള്ളവര്‍ ഒരിക്കലും കാണില്ല. അതൊരു സാമൂഹിക വിപത്താണ് എന്ന് എന്തേ നിങ്ങള്‍ തിരിച്ചറിയുന്നില്ല? നിങ്ങള്‍ പൊതു നിരത്തുകളില്‍ക്കൂടി നാടുംകാടും ഇളക്കി പ്രപഞ്ചത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ബൈക്ക് പറപ്പിക്കുന്ന ശബ്ദം,ഒരു പൗരന്‍േറയും ചെവിക്ക് അലോസരമല്ലാതെ ഒരിമ്പവും നല്കുന്നില്ല! അതിനെ സാമൂഹിക വിരുദ്ധതയെന്നേ പറയാന്‍ കഴിയൂ!

തിരക്കുള്ള റോഡുകളില്‍ വലിയ വാഹനങ്ങള്‍ ചീറിപ്പായുന്നതിന്നിടയിലൂടെ, എല്ലാ ട്രാഫിക് നിയമങ്ങളും കാറ്റില്‍ പറത്തി, ഭ്രാന്തമായ ആവേശത്തില്‍ നിങ്ങള്‍ കാണിക്കുന്ന മുടിനാരിഴ ഭാഗ്യപരീക്ഷണങ്ങളില്‍, നിങ്ങള്‍ പലപ്പോഴും രക്ഷപെടുന്നത് നിങ്ങളുടെ കഴിവായ് തോന്നുന്നുവെങ്കില്‍, നീയാണ് ഈ നൂറ്റാണ്ടിലെ പമ്പരവിഡ്ഢി എന്നുള്ളതിന്ന് സംശയമുണ്ടോ??? എതിരെ വരുന്ന വലിയ വാഹനക്കാരന്‍, അല്ലെങ്കില്‍ , അലക്ഷ്യമായും നിയമം ലംഘിച്ചും നീ മറികടക്കാന്‍ ശ്രമിക്കുന്ന വാഹനക്കാരന്‍, നിന്നെപ്പോലെ ഒരു മാനസികരോഗിയാണെങ്കില്‍, അവനൊന്നു ബലം പിടിച്ചാല്‍, അവിടെ ഒടുങ്ങാനുള്ളതേയുള്ളൂ നിന്റെ എല്ലാ ശൗര്യവും! നിന്റെ കൂടെ എല്ലാ തോന്നിവാസത്തിനും, എല്ലാ കൊള്ളരുതായ്മയ്ക്കും,നിനക്ക് കൂട്ടുനിന്ന, നിന്നെ പ്രോത്സാഹിപ്പിച്ച നിന്റെ മാതാപിതാക്കളെക്കാള്‍, ഉടപിറപ്പുകളേക്കാള്‍ ഒരുപക്ഷെ നീ സ്നേഹിച്ച, കോലംതിരിഞ്ഞ, ആണാണോ, പെണ്ണാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധമുള്ള നിന്റെ റോള്‍മോഡല്‍ ഫ്രീക്കന്‍ ഫ്രണ്ട്സ് ഉണ്ടല്ലോ, അവര്‍ കരയും നിന്റെ വിയോഗത്തില്‍!

എത്ര ദിവസം എന്ന് നിനക്കറിയണോ? അങ്ങേ അറ്റം മൂന്നേമൂന്ന് ദിവസം! പിന്നെ അവര്‍ നിനക്കുവേണ്ടി ഒരു വലിയ കാര്യം കൂടിചെയ്യും…നീ തെരുവീഥിയില്‍ മരണം ഇരന്ന് വാങ്ങാന്‍ പോകയല്ലെ? അതിന്ന് മുമ്പേ, നീ അത് കൂടി അറിഞ്ഞിട്ട് പൊയ്ക്കോ. നിന്റെ ചിരിക്കുന്ന ഒരു സുന്ദര ഫോട്ടോ അവന്‍മാര്‍ ഫേസ്ബുക്കിലും വാട്ട്സപ്പിലും ഇടും. എന്നിട്ട് ഒരടിക്കുറിപ്പും ”പ്രിയ കൂട്ടുകാരാ നീ ഒരിക്കലും മരിക്കില്ലാ, ഞങ്ങളുടെ ഓര്‍മ്മകളില്‍ നീ എന്നും ജീവിക്കും.” അതോടെ അവന്‍മാരുടെ പണി തീര്‍ന്നു! നിനക്ക് ചിരി വരുന്നില്ലേ? അവന്‍മാരുടെ ഓര്‍മ്മയില്‍ നീ ജീവിക്കും എന്ന് കേട്ടിട്ട്? ലഹരിക്ക് അടിമപ്പെട്ട് മസ്തിഷ്‌കം മരവിച്ച് കഴിയുന്ന അവന്‍മാര്‍ക്ക്, ഓര്‍മ്മ പോയിട്ട് പൊക്കണം പോലുമില്ലന്നുള്ളത്, മറ്റുള്ളവരേക്കാള്‍ നന്നായി അവരുടെ സന്തത സഹചാരി എന്ന നിലയ്ക്ക് നിനക്കല്ലേ കൂടുതല്‍ അറിവ്?

സോഷ്യല്‍ മീഡിയകളില്‍ നിന്റെ ചരമവാര്‍ത്ത ഫോട്ടോസഹിതം വൈറലാകുമ്പോഴും, നീ ഒരു പക്ഷേ മുള്‍മുനയില്‍ നിര്‍ത്തിയും, നിരാഹാരം കിടന്നും, ഭീഷണിപ്പെടുത്തിയും, അവസാനം ഗതികേട് കൊണ്ട് വകതിരിവാകാത്ത നിന്റെ ചെറുപ്രായത്തില്‍ നിനക്ക് ബൈക്ക് വാങ്ങിത്തരാന്‍ നിര്‍ബന്ധിതരായ നിമിഷത്തെ, അല്ലെങ്കില്‍ കൂട്ടുകാരന്റെ ബൈക്ക് ഒരു വേള കടമെടുക്കാന്‍ നിനക്ക് തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ട് നിന്റെ മാതാപിതാക്കളും,നിന്റെ ഉടപ്പിറപ്പുകളും തലതല്ലി കരയുന്നുണ്ടാകും; വീട്ടിന്നുള്ളിലെ ഏതെങ്കിലും കോണുകളില്‍! സങ്കടത്താല്‍ കണ്ണീരിനു പകരം ചങ്ക് പൊട്ടിയൊലിച്ച രക്തം അവരുടെ കണ്ണുകളില്‍ക്കൂടി ഒലിച്ചിറങ്ങുന്നത് കാണാന്‍ കഴിയാതെ, നീ അകലെയുള്ള ഏതെങ്കിലും ഹോസ്പിറ്റലിന്റെ മോര്‍ച്ചറിയില്‍, പോസ്റ്റ്മോര്‍ട്ടം ടേബിളില്‍, വിജയശ്രീലാളിതനായ് നെഞ്ചുംവിരിച്ച്, തലപൊട്ടിത്തകര്‍ന്ന് ചെവിയിലൂടെയും,മൂക്കിലൂടെയും,വായിലൂടെയും ചോര വാര്‍ന്നിറങ്ങി, കണ്ണ് പുറത്തേക്കുന്തിയവനായ് വീണ്ടുമൊരു അറുത്ത് മുറിക്കലും പ്രതീക്ഷിച്ച്, ധിക്കാരിയായിരുന്ന നീ നിസ്സഹായനായ്, മലര്‍ന്നങ്ങനെ കിടക്കുന്നുണ്ടാകും!

ജീവിതത്തിന്റെ സൗരഭ്യത്തിലേക്ക്, ഉത്തരവാദിത്വങ്ങളിലേക്ക് , വിവാഹകുടുംബജീവിതത്തിലേക്ക്, ജീവിതം എന്തെന്ന് ആസ്വദിച്ചറിയാന്‍ തുടങ്ങുന്നതിന്ന് നാഴികകള്‍ മാത്രം ബാക്കി ആയിരിക്കെ, നിന്റെ അഹങ്കാരവും, അഹംഭാവവും, നിന്റെ നിഷേധഭാവവും, ഈഗോയും കാരണം അകാലത്തില്‍ മരണം ഇരന്നുവാങ്ങിയ പമ്പരവിഡ്ഢിയായ്, നീ അങ്ങനെ കിടക്കുന്നുണ്ടാകും! പൊന്നനുജന്‍മാരെ ….നിങ്ങള്‍ ഇനിയെങ്കിലും മാറേണ്ടിയിരിക്കുന്നൂ. നിങ്ങള്‍ നിങ്ങളുടെ വീടിന്റെ പ്രതീക്ഷകളാകുന്നു. വാര്‍ധക്യത്തില്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്ക് താങ്ങും,തണലുമാകേണ്ടവരാണ് നിങ്ങള്‍! അവരെ തീരാദു:ഖത്തിലാക്കി അകാലത്തില്‍ തെരുവില്‍ ഒടുങ്ങേണ്ടവര്‍ അല്ല നിങ്ങള്‍! ഭ്രാന്തമായ ആവേശത്തില്‍ മുന്‍ പിന്‍ നോക്കാതെ നിങ്ങള്‍ പായുമ്പോള്‍, അപ്പോഴും രണ്ട് ചക്രങ്ങളേ ബൈക്കിനുണ്ടാകൂ എന്നോര്‍ക്കുക! ശ്രദ്ധയില്‍പെടാത്ത ഒരു ചെറുകല്ല് മതി, നിങ്ങളുടെ അവസ്ഥ എന്നെന്നേക്കുമായി നരക തുല്യമാകാന്‍ . എല്ലാവരും വായിച്ചിരിക്കണം അറിഞ്ഞിരിക്കണം

 

 

Related posts