കൊല്ലം: കാവനട് അരവിളയിൽ കെട്ടിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടിൽ നിന്ന് കാവനാട് കായലിൽ വീണ് കാണാതായ അതിഥി മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പാറശാല സ്വദേശി കിരൺ ആണ് മരിച്ചത്.
നങ്കൂരമിട്ടിരുന്ന ബോട്ടിൽ വിശ്രമിക്കുകയായിരുന്ന കിരൺ പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി കായലിലേക്ക് വീഴുകയായിരുന്നു. ശക്തമായ ഒഴുക്ക് കാരണം ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ രക്ഷാപ്രവർത്തനം വിജയിച്ചില്ല.
കടപ്പാക്കടയിൽ നിന്നെത്തിയ ഫയർഫോഴ്സിന്റെ സ്കൂബ ടീം തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
തുടർനടപടികൾക്കായി ഫയർഫോഴ്സ് പുറത്തെടുത്ത മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
