കൊല്ലം: വിസ്മയ കേസ് പ്രതി കിരൺ കുമാറിനെ (34) വീട് കയറി ആക്രമിച്ചു. സംഭവത്തിൽ നാല് പേർക്കെതിരേ കേസെടുത്ത് ശൂരനാട് പോലീസ്. ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി എട്ടിനാണ് സംഭവം.
കിരണിന്റെ വീടിനു മുൻപിലെ റോഡിലൂടെ നടന്നു പോവുകയായിരുന്നു നാല് യുവാക്കൾ കേസിന്റെ കാര്യം പറഞ്ഞ് പ്രകോപനപരമായി സംസാരിച്ചു. ഇവരുടെ സംസാരം കേട്ട് വീടിനു പുറത്തേക്കിറങ്ങിയതായിരന്നു കിരൺ. ഇയാളെ കണ്ടതോടെ സംഘം ചേർന്ന് നാലും പേരും കിരണിനെ തല്ലിച്ചതച്ചു. അടിച്ച് താഴെയിട്ട ശേഷം മൊബൈൽ ഫോൺ കവർന്നു. തുടര്‍ന്ന് കിരണിന്റെ കുടുംബം പോലീസില്‍ പരാതി നല്കി.
ഇതിനു മുൻപും സമാന രീതിയിൽ കിരണിനെ യുവാക്കൾ പ്രകോപിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. കണ്ടാൽ അറിയുന്നവരായ നാലു പേർക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തതെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
2021 ജൂണ്‍ 12നായിരുന്നു ബിഎഎംഎസ് വിദ്യാര്‍ഥിനിയായിരുന്ന വിസ്മയയെ ഭർത്താവ് കിരണ്‍കുമാറിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ കിരണിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് വിസ്മയയുടെ വാട്സ്ആപ്പ് സന്ദേശങ്ങളടക്കം നിരത്തി കുടുംബം രംഗത്തെത്തി. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയും കിരണ്‍കുമാറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കിരണ്‍കുമാറിന് കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നേടിയ ശേഷം സ്വന്തം വീട്ടിലാണ് കിരൺ കഴിയുന്നത്.
