സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിപ്പിച്ചതിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് നടൻ കിഷോർ സത്യ. സഹോദരിമാരെ, നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവുമ്പോൾ വീഡിയോ എടുത്തോളൂ. കാരണം കോടതിയിൽ തെളിവ് വേണമല്ലോ. പക്ഷെ അതെടുത്തു ഇൻസ്റ്റയിലോ ഫേസ്ബുക്കിലെ യൂട്യൂബിലോ ഇടരുത്. തെളിവ് സഹിതം പോലീസിൽ പരാതി കൊടുക്കുക. നിങ്ങൾ പറഞ്ഞ കുറ്റവാളിക്കും ഒരു ഭാഗം പറയാൻ ഉണ്ടായിരിക്കും. നിയമം തീരുമാനിക്കട്ടെ എന്ന് കിഷോർ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം സംബന്ധിച്ച് പറഞ്ഞത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം…
അവൾക്കൊപ്പമല്ല, അവനൊപ്പം. ഒരു സ്ത്രീ തന്റെ മാനത്തിന്റെ കാര്യത്തിൽ നുണ പറയില്ല എന്ന പൊതുബോധത്തിന്റെ അടിസ്ഥാനത്തിലാണ് പീഡന പരാതികളിൽ നിയമം സ്ത്രീയുടെ പക്ഷത്ത് നിൽക്കുന്നത്.
സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ആയിരുന്ന ശ്രീമതി ഫാത്തിമ ബീവിയുടെ കാലത്താണ് ഇത്തരമൊരു സമീപനം സ്വീകരിച്ചു തുടങ്ങിയത് എന്നൊരു വക്കീൽ എന്നോട് എപ്പോഴോ പറഞ്ഞിരുന്നു (തെറ്റുണ്ടെങ്കിൽ തിരുത്താം). പക്ഷെ ഇന്ന് സ്ഥിതിഗതികൾ ഒരുപാട് മാറിയിരിക്കുന്നു. പുരുഷനെ കുടുക്കാനുള്ള ആയുധമായി ഇതിനെ ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം ഏറെ വർധിച്ചിരിക്കുന്നു.
ഇത്തരക്കാർ മൂലം യഥാർഥ ഇരകൾക്ക് നീതി നിഷേധവും പൊതുമണ്ഡലത്തിൽ അപമാനവും നേരിടുന്നു. ഇന്ത്യയിലെ സ്ത്രീ പീഡന പരാതികളിൽ 50% ൽ അധികവും വ്യാജമാണ് എന്നൊരു ആർട്ടിക്കിൾ 2017 ൽ ബിബിസി പ്രസിധീകരിച്ചിരുന്നു. (പക്ഷെ ഈ കാര്യത്തിൽ ഔദ്യോഗിക കണക്കുകളൊന്നും ഇതുവരെ ലഭ്യമല്ല).
പുരുഷന് എതിരെയുള്ള വ്യാജ പരാതികളിൽ പ്രതികരിക്കുന്നവരെ പോലും സ്ത്രീ വിരുധർ ആയി മുദ്രകുത്തപ്പെടുമെന്നുള്ള ഭയത്തലാണ് പലരും മൗനം പാലിക്കുന്നത്. അതിനിടയിലാണ് എങ്ങനെയും വൈറൽ ആവാനും അതിലൂടെ പണം നേടാനുമുള്ള വ്യഗ്രതയിൽ “പൊതു ഇടത്തിൽ ഉപദ്രവിക്കുന്ന പുരുഷ വീഡിയോകൾ” എന്ന പുതിയ പ്രതിഭാസം ഉടലെടുത്തിരിക്കുന്നതിന്. അതിന്റെ ആദ്യ “ഇരയാണ്” ദീപക്. അപമാന ഭാരത്താൽ നിലച്ച ആ ശ്വാസം തിരിച്ചു നൽകാൻ ഒരു സമൂഹ മാധ്യമത്തിനും ആവില്ലല്ലോ…!
പ്രിയപ്പെട്ട സഹോദരിമാരെ, നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവുമ്പോൾ വീഡിയോ എടുത്തോളൂ. കാരണം കോടതിയിൽ തെളിവ് വേണമല്ലോ. പക്ഷെ അതെടുത്തു ഇൻസ്റ്റയിലോ ഫേസ്ബുക്കിലെ യൂട്യൂബിലോ ഇടരുത്. തെളിവ് സഹിതം പോലീസിൽ പരാതി കൊടുക്കുക. നിങ്ങൾ പറഞ്ഞ കുറ്റവാളിക്കും ഒരു ഭാഗം പറയാൻ ഉണ്ടായിരിക്കും. നിയമം തീരുമാനിക്കട്ടെ.
പൊതുവിചാരണ ചെയ്ത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണം നിറയ്ക്കാനുള്ള ടൂൾ ആയി അതുപയോഗിക്കരുത്. ആ പണം കൊണ്ട് ദീപക്കിന്റെ ജീവൻ തിരികെ വാങ്ങി കൊടുക്കാൻ സഹോദരി നിങ്ങൾക്ക് ആവില്ല… ഇനിയും മറ്റൊരു ദീപക് മരിക്കാതിരിക്കട്ടെ…. ബാലചന്ദ്രൻ മേനോൻ സാറിനെതിരെയുള്ള പീഡന പരാതിയിൽ അദ്ദേഹത്തിന് ജാമ്യം നൽകിയപ്പോൾ ഹൈകോടതി സിംഗിൾ ബെഞ്ച് അതിൽ ഒരു വരി എഴുതിച്ചേർത്തിരുന്നു. “….സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്റെ അന്തസിനും വിലയുണ്ട്….. “
