എംഎല്‍എ സ്ഥാനം എറിഞ്ഞു വീഴ്ത്തി കൃഷ്ണ പൂനിയ വീണ്ടും ‘ചാമ്പ്യന്‍’! ഇന്ത്യയുടെ അഭിമാന ഡിസ്‌ക്കസ് ത്രോ താരം ഇനി രാജസ്ഥാനിലെ എംഎല്‍എ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിച്ച അഞ്ച് സംസ്ഥാനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരികയും അര്‍ഹിച്ച വിജയം മത്സരിച്ച പാര്‍ട്ടികളെല്ലാം നേടുകയും ചെയ്തു. കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പും ബിജെപിയുടെ തകര്‍ച്ചയും മോദിയുടെ വീഴ്ചയും രാഹുലിന്റെ ഉയര്‍ച്ചയുമെല്ലാമാണ് ഇത്തവണ പ്രധാനമായും ചര്‍ച്ചകള്‍ക്ക് വിധേയമായതും ഏവരുടെയും ശ്രദ്ധയില്‍ പതിഞ്ഞതുമായ കാര്യങ്ങള്‍.

എന്നാല്‍ മുമ്പ് തന്നെ പ്രശസ്തയായിരുന്നു, രാജ്യത്തിന്റെ അഭിമാനം പലവട്ടം ഉയര്‍ത്തിയിട്ടുള്ള ഒരു വ്യക്തിയുടെ തെരഞ്ഞെടുപ്പിലെ വിജയം പലരും ശ്രദ്ധിച്ചിരുന്നില്ല. ഇന്ത്യയുടെ ഡിസ്‌ക്കസ് ത്രോ താരം കൃഷ്ണ പൂനിയ ആണ് ആ താരം.

കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജസ്ഥാന്‍ നിയമസഭയിലേക്ക് മത്സരിച്ച പൂനിയ സിറ്റിംഗ് എം.എല്‍.എയായ ബി.എസ്.പിയിലെ മനോജ് ന്യാന്‍ഗലിനെ 18,084 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

സാധുല്‍പുര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച പൂനിയ 70020 വോട്ടുകള്‍ നേടി. 2013-ല്‍ ഇതേ മണ്ഡലത്തില്‍ കൃഷ്ണ പൂനിയ കോണ്‍ഗ്രസിന് വേണ്ടി മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ കായികമന്ത്രിയുടെ സ്ഥാനത്തേക്ക് കൃഷ്ണ പൂനിയയുടെ പേരും ഉയര്‍ന്നു വന്നേക്കാം.

ഹരിയാന സ്വദേശിയാണ് കൃഷ്ണ പൂനിയ. അവരുടെ ഭര്‍ത്താവിന്റെ നാടാണ് സാധുല്‍പുര്‍. 2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 61.51 മീറ്റര്‍ ഡിസ്‌ക് എറിഞ്ഞ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയ താരമാണ് കൃഷ്ണ പൂനിയ. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ 63.62 ദൂരം കുറിച്ച് അവര്‍ ആറാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.

സ്‌പോട്‌സ് പോലെ തന്നെ ക്ഷമയും കഠിനാധ്വാനവും വേണ്ട മേഖലയായതിനാല്‍ ജനപ്രതിനിധി എന്ന നിലയില്‍ തനിക്ക് ശോഭിക്കാനാവുമെന്ന് തന്നെയാണ് 36 കാരിയായ കൃഷ്ണയുടെ വിശ്വാസം. ഒമ്പത് വയസുകാരനായ മകനാണ് കൃഷ്ണയ്ക്കുള്ളത്.

Related posts