വിടവാങ്ങിയ ഫാ. ജോര്‍ജ് ഊന്നുകല്ലില്‍ വിശുദ്ധ കുര്‍ബാനയുടെ പ്രാരംഭഗീതമായ ‘അന്നാ പെസഹാ തിരുനാളില്‍’ രചിച്ച ഗാനരചയിതാവ്, നൂറുകണക്കിന് ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിത്വത്തിലൂടെ

വിടവാങ്ങിയ ഫാ. ജി.ടി. ഊന്നുകല്ലില്‍ വിശുദ്ധ കുര്‍ബാനയുടെ പ്രാരംഭഗീതമായ ‘അന്നാ പെസഹാ തിരുനാളില്‍’ രചിച്ച ഗാനരചയിതാവ്, നൂറുകണക്കിന് ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിത്വത്തിലൂടെ

‘പാരിജാത മലരേ… പാപത്തിന്‍ പാഴ്മണ്ണില്‍ പൊട്ടിവിടര്‍ന്ന പാരിജാത മലരേ ദൈവമാതാവേ….’ വര്‍ഷങ്ങള്‍ക്കു മുമ്പു രചിക്കപ്പെട്ട ഈ മരിയഭക്തിഗാനം ഇന്നും ഭക്തമനസുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. ഇതുള്‍പ്പെടെ നിരവധി വരികള്‍ക്കു ജീവന്‍ പകര്‍ന്ന തൂലിക നിശ്ചലമായി. ഭക്തഗാനരംഗത്തു ശ്രദ്ധേയനായ ഫാ. ജി.ടി. ഊന്നുകല്ലില്‍ എന്ന ഫാ. ജോര്‍ജ് ഊന്നുകല്ലില്‍ വിടപറഞ്ഞു. ദീര്‍ഘകാലമായി ഇത്തിത്താനം പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിച്ചിരുന്ന ഈ വൈദികന്‍ ഇന്നലെ ഉച്ചയ്ക്കാണ് അന്തരിച്ചത്.

വിശുദ്ധ കുര്‍ബാനയുടെ പ്രരംഭഗീതമായ ‘അന്നാ പെസഹാ തിരുനാളില്‍…’ രചിച്ച ത് ഫാ. ഊന്നുകല്ലിലാണ്. സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന ക്രമത്തിലെ നിരവധി ഗീതങ്ങളും യാമപ്രാര്‍ഥനാ ഗീതങ്ങളും ഉള്‍പ്പെടെ മൂവായിരത്തിലേറെ ഗാനങ്ങളാണ് അദ്ദേഹത്തിന്റെ തൂലികയി ല്‍നിന്നു പിറന്നത്.

എന്‍ ഹൃദയ സ്പന്ദനം…, നിന്റെ നാമ കീര്‍ത്തനം…, എന്‍ മനസില്‍ പൂവനം.., നാഥ നിന്റേതാകണം…, ഒരു നെയ്ത്തിരിയായ് എരിയും ഞാന്‍…, അള്‍ത്താരയില്‍ നാഥാ … തുടങ്ങി ഫാ. ഊന്നുകല്ലിലിന്റെ ഗാനങ്ങള്‍ ഓര്‍മയിലെ മായാത്ത വരികളാണ്.

മികച്ച ഗായകന്‍ കൂടിയായിരുന്ന അദ്ദേഹം കാല്‍നൂറ്റാണ്ടോളം ആകാശവാണിയില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. സംഗീതരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് ചങ്ങനാശേരി മാര്‍ത്തോമ്മ വിദ്യാനികേതന്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ഫാ. ഊന്നുകല്ലിലിന്റെ എട്ടു സഹോദരങ്ങളില്‍ ജ്യേഷ്ഠസഹോദരി സിസ്റ്റര്‍ മൈക്കിള്‍ സിഎംസി ചങ്ങനാശേരി സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹൈസ്‌കൂളില്‍ ദീര്‍ഘകാലം പ്രധാനാധ്യാപികയായിരുന്നു.

ഈ സ്‌കൂളിന്റെ ജൂബിലിഗാനവും മാര്‍ച്ച്പാസ്റ്റ് ഗാനവും ഫാ. ഊന്നുകല്ലില്‍ സംഭാവന ചെയ്ത വരികളാണ്. നൂറിന്റെ നിറവില്‍ ചങ്ങനാശേരി സെന്റ് ജോസഫ്‌സ് മഠത്തില്‍ കഴിയുന്ന സിസ്റ്റര്‍ മൈക്കിളും നിരവധി ഭക്തിഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. ഊന്നുകല്ലില്‍ അച്ചന്റെ വിശുദ്ധ കുര്‍ബാനയര്‍പ്പണം വിശ്വാസികള്‍ക്കു മഹനീയമായ അനുഭവമായിരുന്നു. തിങ്കളാഴ്ച രാവിലെ 9.30ന് തടിയൂര്‍ സെന്റ് ആന്റണീസ് പള്ളിയിലാണ് സംസ്‌കാരം.

Related posts