പത്തു പൈസ പോലും ചെലവാക്കാതെ വീട് എയര്‍കണ്ടീഷന്‍ ചെയ്യാന്‍ പറ്റുമോ? കുഞ്ഞുമോന്‍ ആ സീന്‍ എന്നേ വിട്ടതാണ്, ചൂടിനെ തളയ്ക്കുന്ന കുഞ്ഞുമോന്റെ എസി വീടിനെപ്പറ്റി അറിയാം

acകടുത്ത ചൂടില്‍ കേരളം കത്തിക്കൊണ്ടിരിക്കുകയാണ്. രാത്രിയിലും പകലും വീടിനകത്ത് എസിയില്ലാതെ താമസിക്കാന്‍ പറ്റാത്ത അവസ്ഥ. നാട്ടുകാര്‍ ചൂടിനെ കുറ്റംപറഞ്ഞ് സമയം കളയുമ്പോള്‍ എസിയെ വെല്ലുന്ന തണുപ്പില്‍ വീട്ടില്‍ സുഖമായി കിടന്നുറങ്ങുകയാണ് കുഞ്ഞുമോന്‍ എന്ന മണ്ണാര്‍ക്കാട് സ്വദേശി.
കുഞ്ഞുമോന്റെ എസി വീടിനെപ്പറ്റി കഴിഞ്ഞവര്‍ഷം രാഷ്ട്രദീപിക വാര്‍ത്ത നല്കിയതാണ്. ഇപ്പോള്‍ ചൂട് വീണ്ടും തലപൊക്കിയതിനാലും വായനക്കാര്‍ക്ക് ഉപകാരപ്രദമായതിനാലും കുഞ്ഞുമോനെ പറ്റിയും വീടിനെപ്പറ്റിയും വീണ്ടും പ്രസിദ്ധീകരിക്കുന്നുവെന്ന് മാത്രം. ഇനി കുഞ്ഞുമോന്റെ ടെക്‌നിക്കിലേക്ക് വരാം. ആര്‍ക്കും വേണ്ടാതെ പറമ്പില്‍ നശിച്ചു പോകുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് കുഞ്ഞുമോന്‍ വീടിന്റെ എസി നിര്‍മിച്ചിരിക്കുന്നത്. പറമ്പില്‍ സുലഭമായി കാണുന്ന പോതപ്പുല്ലും വാഴക്കച്ചിയുമാണത്. ടെറസില്‍ വാഴക്കച്ചിയും പോതപുല്ലും നിറച്ച് വെള്ളം തളിച്ചു നിര്‍ത്തിയപ്പോള്‍ വീടിനുള്ളിലെ ചൂടു തീര്‍ത്തും കുറഞ്ഞു.

വാഴക്കച്ചി ആദ്യം ടെറസില്‍ നല്ല കനത്തിന് നിരത്തി. അതിനു മുകളില്‍ കനത്തില്‍ തന്നെ പോതപ്പുല്ലും നിരത്തി. അതിനുശേഷം ചെറിയ നനവിനായി വെള്ളം തളിച്ചു കൊടുത്തു. ചുട്ടു പഴുത്ത് കിടക്കുന്ന ടെറസ് ശാന്തമാകുന്നതോടെ വീട് മെല്ലെ തണുത്ത് തുടങ്ങും. എത്രത്തോളം തണല്‍ കൂടുന്നോ അത്രത്തോളം ചൂടു കുറയുമെന്ന് കുഞ്ഞുമോന്‍ അവകാശപ്പെടുന്നു. തന്നെ അനുകരിച്ച് വീട് എയര്‍ കണ്ടീഷന്‍ ചെയ്യാനിറങ്ങിയ അയല്‍വാസികള്‍ക്കും നാട്ടുകാര്‍ക്കും എല്ലാവിധ സഹായങ്ങളും ചെയ്യാന്‍ കുഞ്ഞുമോന്‍ സാന്നദ്ധനാണ്.

കുഞ്ഞുമോന്റെ വീടിന്റെ തണുപ്പു തേടിയെത്തുന്ന സന്ദര്‍ശകര്‍ക്ക് അറിയേണ്ടത് എസി റൂമുകളിലേതു പോലുള്ള ഈ തണുപ്പിന്റെ ഉറവിടമാണ്. പ്രകൃതി വിഭവങ്ങള്‍ മാത്രം ഉപയോഗിച്ചുള്ള എയര്‍കണ്ടീഷന്‍ ആണിതെന്നു അറിയുമ്പോള്‍ അവര്‍ക്കും അത്ഭുതം. ഇനി നമ്മുക്കും ഒന്നു ശ്രമിക്കാവുന്നതാണ് ഈ വിദ്യ.

Related posts