തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി പെയ്യുന്ന കനത്ത മഴയിൽ കനത്ത നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തുമായി ഉണ്ടായ ഉരുൾപൊട്ടലുകളിൽ മൂന്ന് പേർ മരിച്ചു.
ഇടുക്കിയിൽ രണ്ട് മരണങ്ങളും കോട്ടയത്ത് ഒരു മരണവുമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. കൂടാതെ കോട്ടയം പൂഞ്ഞാറിൽ രണ്ടുപേരെക്കൂടി കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമങ്ങൾ തുടരുകയാണ്.
ഇടുക്കി തൊടുപുഴ കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതിയാണ് മരിച്ചത്. പുലർച്ചെ രണ്ടോടെയാണ് സംഭവം. ശക്തമായ മലവെള്ളപ്പാച്ചിലിൽ സുമതിയുടെ വീട് പൂർണ്ണമായും ഒലിച്ചുപോവുകയും മണ്ണിനടിയിൽപ്പെടുകയും ചെയ്തു.
അപകടസമയത്ത് ഭർത്താവ് രവിയും മകൻ രതീഷും വീട്ടിലുണ്ടായിരുന്നുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. എന്നാൽ സുമതി മണ്ണിനടിയിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.
ഇടുക്കി വാഗമണ്ണിലുണ്ടായ മണ്ണിടിച്ചിലിൽ വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു. വീടിനു മുകളിലേക്ക്മണ്ണും പാറയും ഇടിഞ്ഞുവീഴുകയായിരുന്നു. പ്രഭാകരൻ നായരുടെ മൃതദേഹം ഇതുവരെ പൂർണമായും പുറത്തെടുക്കാനായിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കോട്ടയം ജില്ലയിലും മഴക്കെടുതി രൂക്ഷമാണ്. ജില്ലയുടെ വിവിധ മലയോര മേഖലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങ, കൊക്കയാർ, മൂന്നിലവ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്.
പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ മണപ്പാട്ട് ജോണിയുടെ വീടിനു മുകളിലേക്ക് മലവെള്ളത്തോടൊപ്പം മണ്ണും കല്ലും വന്നിടിച്ചാണ് ദുരന്തമുണ്ടായത്. സംഭവസമയത്ത് വീട്ടിൽ ജോണിയുടെ മകൻ ജോസഫിൻ ഭാര്യ റെജീനയുമാണ് ഉണ്ടായിരുന്നത്. ഇതിൽ ജോസഫിനിന്റെ മൃതദേഹം കണ്ടെത്തി. റെജീനയ്ക്കായി തിരച്ചിൽ തുടരുകയാണ്.
ഉപ്പുതറ മത്തായിപ്പാറയിൽ പോലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ഉദ്യോഗസ്ഥർ സമയോചിതമായി പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. വണ്ടിപ്പെരിയാറ്റിൽ തോട് കരകവിഞ്ഞു. എൻഎച്ച് 183 ഉൾപ്പെടെ പ്രധാന പാതകളിൽ വെള്ളം കയറി.
തൊടുപുഴ നഗരത്തിലും മുട്ടം, അങ്കണവാടി, ചള്ളാവയൽ, മാക്കിൽ കോളനി എന്നിവിടങ്ങളിലും വീടുകളിൽ വെള്ളം കയറി ആളുകൾ ഒറ്റപ്പെട്ടു. അടിമാലി ദേവിയാർ കോളനി, ചാറ്റുപാറ, മച്ചിപ്ലാവ് പ്രദേശങ്ങളിൽ വ്യാപകമായി വെള്ളം കയറി. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ചാക്കോച്ചി വളവിൽ വെള്ളപ്പാച്ചിലും റോഡിലേക്ക് പാറക്കല്ലുകൾ പതിക്കുകയും ചെയ്തു.
മൂലമറ്റം – വാഗമൺ റോഡ്, വാഗമൺ – ഈരാറ്റുപേട്ട, വാഗമൺ – ഉപ്പുതറ പാതകളിൽ മണ്ണിടിച്ചിൽ മൂലം ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു.മൂലമറ്റം – ആശ്രമം – ഉളൂപ്പൂണി റോഡിലും, മച്ചിപ്ലാവ് മഴുമറ്റം പടിയിലും മണ്ണിടിച്ചിലും മരം വീണും റോഡ് ബ്ലോക്കായി. വണ്ടിപ്പെരിയാർ വള്ളക്കടവ് ഭാഗത്ത് പെരിയാർ നദി കരകവിഞ്ഞൊഴുകുകയാണ്.
ഡാമിലേക്കുള്ള നീരൊഴുക്ക് അതിശക്തമായതിനെ തുടർന്ന് മലങ്കര ഡാമിന്റെ നാല് ഷട്ടറുകൾ 2.50 മീറ്റർ വരെ ഘട്ടംഘട്ടമായി ഉയർത്തും.തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കടന്നു.
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്തസാധ്യതയുള്ള മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചുവരികയാണ്.
