കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട അസിസ്റ്റന്റ് പ്രൊഫസർക്ക് ഗ്രാമർ ക്ലാസെടുത്ത് നെറ്റിസൺസ്. ഇംഗ്ലീഷിലും എഡ്യൂക്കേഷനിലും ബിരുദാനന്തര ബിരുദവും , ബിഎഡും ഉള്ള താൻ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുകയാണെന്ന് അവകാശപ്പെട്ട് പശ്ചിമ ബംഗാൾ സ്വദേശിയായ അർപിത ചാറ്റർജി എന്ന അധ്യാപിക പങ്കുവെച്ച പോസ്റ്റാണ് ട്രോളുകൾക്ക് ഇരയായത്.
രാഹുൽ ഗാന്ധി ‘അന്ധഭക്തരെ’ മണ്ടന്മാർ എന്ന് വിളിച്ചതിനെ ചോദ്യം ചെയ്താണ് അർപിത എക്സിൽ കുറിപ്പിട്ടത്. താനൊരു അന്ധഭക്തയാണെന്നും താൻ ഒരു മണ്ടിയാണോ എന്നും ഇവർ രാഹുൽ ഗാന്ധിയോട് പോസ്റ്റിലൂടെ ചോദിച്ചിരുന്നു. എന്നാൽ ഇവർ ഉന്നയിച്ച രാഷ്ട്രീയ വിഷയത്തേക്കാൾ ഉപരിയായി, ഇംഗ്ലീഷ് അധ്യാപികയായ ഇവരുടെ പോസ്റ്റിലെ ഗുരുതരമായ ഗ്രാമർ തെറ്റുകളിലേക്കാണ് ആളുകളുടെ ശ്രദ്ധ പോയത്.
“two master’s degree” എന്നതിന് പകരം “two master’s degrees” എന്നും, “pursuing PhD” എന്നതിന് പകരം “pursuing a PhD” എന്നും വേണം ഉപയോഗിക്കാനെന്ന് ഉപയോക്താക്കൾ തിരുത്തിക്കൊടുത്തു. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദമുള്ള ഒരാൾക്ക് ഇത്തരം അടിസ്ഥാനപരമായ തെറ്റുകൾ പറ്റിയത് വലിയ അയറണിയാണെന്ന് കളിയാക്കിയ സോഷ്യൽ മീഡിയ, രാഷ്ട്രീയ ചോദ്യം ചോദിക്കാൻ വന്നയാൾക്ക് ഒടുവിൽ വ്യാകരണ പാഠം പഠിക്കേണ്ടി വന്നുവെന്ന് പരിഹസിക്കുകയും ചെയ്തു.



