58-കാരിക്ക് രാവിലെ മുതൽ അസഹനീയമായ തുമ്മലും കഠിനമായ തലവേദനയും മൂക്കൊലിപ്പും. തുമ്മൽ കഠിനമായപ്പോൾ മൂക്കിൽ എന്തോ തടയുന്നത് ശ്രദ്ധയിൽപ്പെട്ടു. എടുത്തു നോക്കിയപ്പോൾ ഒരിഞ്ച് നീളമുള്ള വിര. ഗ്രീസിലെ ഒരു ഗ്രാമത്തിലാണഅ സംഭവം.
കഴിഞ്ഞ സെപ്റ്റംബറിൽ ആടുകൾ മേയുന്ന ഒരു പാടത്തിന് സമീപത്ത് ജോലി ചെയ്യുകയായിരുന്നു ഇവർ. ജോലിക്കിടയിൽ ഈച്ചകൾ അവരുടെ മുഖത്തിന് ചുറ്റും പറക്കുന്നത് ശ്രദ്ധിച്ചു. എന്നാൽ, ഇതത്രെ കാര്യമായി എടുത്തില്ല. പക്ഷേ ഒരാഴ്ചയ്ക്ക് ശേഷം അവർക്ക് കഠിനമായ തല വേദനയും ചുമയും അനുഭവപ്പെട്ടു. പനിയുടെയോ മറ്റ് അസുഖത്തിന്റേയോ ലക്ഷണങ്ങൾ ഒന്നുമില്ലാത്തതിനാൽ അവർ ഇതും അവഗണിച്ചു.
ഒക്ടോബർ 15 -ന് ഇവർ ശക്തമായി തുമ്മിയപ്പോൾ മൂക്കിൽ നിന്നും ഒരു വിര പുറത്തേക്ക് വന്നു. പേടിച്ചുപോയ അവർ ഉടനെ തന്നെ ഒരു ഇഎൻടി സ്പെഷ്യലിസ്റ്റിനെ സമീപിച്ചു. ശസ്ത്രക്രിയയിലൂടെ അവരുടെ മൂക്കിനുള്ളിൽ നിന്നും 10 ലാർവകളെയും ഒരു പ്യൂപ്പയെയും ഡോക്ടർമാർ പുറത്തെടുത്തു.
ഇവ ‘ഓസ്ട്രസ് ഓവിസ്’ അഥവാ ‘ഷീപ്പ് ബോട്ട് ഫ്ലൈ’ എന്ന ഈച്ചകളുടെ ലാർവകളാണെന്ന് പരിശോധനയിൽ കണ്ടെത്തി. സാധാരണയായി ആടുകളുടെയും മൂക്കിലാണ് ഇവ വളരുക, മനുഷ്യരിൽ ഇവ വളരുന്നത് വളരെ അപൂർവമാണ്. കൃത്യസമയത്ത് ചികിത്സ തേടിയതിനാൽ ലാർവകളെ മുഴുവനായും ഇവരുടെ മൂക്കിൽ നിന്ന് നീക്കം ചെയ്യാൻ സാധിച്ചു. സ്ത്രീ ഇപ്പോൾ ചികിത്സയ്ക്ക് ശേഷം പൂർണാരോഗ്യവതിയാണ് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
