കണ്ണൂർ: മാസങ്ങളായി കണ്ണൂർ ജില്ലയിലെ കേളകം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ച് ഭീതിപരത്തിയിരുന്ന പുലി ഒടുവിൽ കൂട്ടിലായി. പൊയ്യമല വട്ടക്കാട്ടിലെ കുഞ്ഞിന്റെ റബർ തോട്ടത്തിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് തിങ്കളാഴ്ച രാത്രി എട്ടരയോടെ പുലി കുടുങ്ങിയത്.
ഭീതിയിലായിരുന്ന പ്രദേശവാസികൾക്ക് പുലി കുടുങ്ങിയതോടെ വലിയ ആശ്വാസമായി. പുലിയെ ആറളം ആർആർടി മെഡിക്കൽ സെന്ററിലെത്തിച്ച് ആരോഗ്യപരിശോധനയ്ക്കു വിധേയമാക്കി.
പരിശോധനാഫലവും മറ്റു സാഹചര്യങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും പുലിയെ ഏതു വനമേഖലയിലാണ് തുറന്നുവിടേണ്ടതെന്ന് വനംവകുപ്പ് തീരുമാനിക്കുക.
