ആർപ്പൂക്കര: ആർപ്പൂക്കരയിൽ വെള്ളപ്പാച്ചിൽ വീണ രണ്ടര വയസുകാരനെയും അമ്മയെയും മാതൃമാതാവിനെയും യുവാവ് രക്ഷപ്പെടുത്തി. ആർപ്പൂക്കര മുക്കേൽ പാലത്തിന് സമീപം പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ട കോട്ടയം കഞ്ഞിക്കുഴി സ്വദേശികളായ മിനി രാജീവ് (52), മകൾ ബെയാന (26), ബെയാനയുടെ രണ്ടര വയസുള്ള ജോഹാൻ ജോബി എന്നിവരാണ് കഴിഞ്ഞ ദിവസം മഴയെ തുടർന്ന് വെള്ളം നിറഞ്ഞൊഴുകി കൊണ്ടിരുന്ന പെണ്ണാർ തോട്ടിൽ വീണത്.
സംഭവത്തെ തുടർന്ന് നാട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ ആർപ്പൂക്കര വെസ്റ്റ് തൊള്ളായിരം ചിറ ബിനോയി ടി. കുര്യാക്കോസാണ് പുഴയിൽ ചാടി മൂന്നു പേരെയും രക്ഷപ്പെടുത്തിയത്. ആർപ്പൂക്കര ന്യൂ ഇന്ത്യ ബൈബിൾ ചർച്ചിലെ പാസ്റ്ററായ രാജീവിന്റെ ഭാര്യയും മകളും മകളുടെ മകനുമാണ് വെള്ളത്തിൽ വീണത്.
കഴിഞ്ഞ ദിവസം പാസ്റ്റർ രാജീവും കുടുംബവും ആർപ്പൂക്കരയിൽ പ്രാർഥനയ്ക്കെത്തിയതായിരുന്നു. പ്രാർത്ഥന കഴിഞ്ഞ് പാസ്റ്റർ രാജീവ് പ്രാർഥനക്കെത്തിയവരെ ഓട്ടോയിൽ വീട്ടിൽ കൊണ്ടാക്കാനായി പോയി. ഈ സമയം ആർപ്പൂക്കര മുക്കേൽ പാലത്തിന് സമീപം മിനിയും ബെയാനയും ജോഹാനും നിൽക്കുകയായിരുന്നു. ജോഹാൻ ഈ സമയം സമീപത്തു കൂടി പതഞ്ഞൊഴുകുന്ന പെണ്ണാർ തോട്ടിലേക്ക് വീണു.
ഇത് കണ്ട് ബെയാന കുഞ്ഞിനെ രക്ഷപ്പെടുത്താൻ തോട്ടിലേക്ക് ചാടി. പുറകെ മിനിയും തോട്ടിലേക്ക് ചാടി. ഇവർക്ക് നീന്തൽ അറിയില്ലായിരുന്നു.
തുടർന്ന് സമീപത്തുണ്ടായിരുന്ന സ്ത്രീകൾ അലമുറയിട്ട് കരഞ്ഞു. ഈ സമയം സമീപത്തെ ബസ് സ്റ്റോപ്പിലിരിക്കുകയായിരുന്ന ബിനോയി ഓടിയെത്തി തോട്ടിലേക്ക് ചാടി മൂന്നു പേരെയും രക്ഷപെടുത്തുകയായിരുന്നു.
ബെയാന ഒഴുക്കിൽപ്പെട്ട് കൂറെ ദൂരം ഒഴുകി പോയിരുന്നു. എന്നാൽ ബിനോയി നീന്തി ബെയാനയേയും രക്ഷപെടുത്തുകയായിരുന്നു.ബിനോയുടെ സമയോചിതമായ ഇടപെടലാണ് ഈ മഴക്കാലത്ത് മൂന്നു ജീവനുകളുടെ രക്ഷയ്ക്ക് ഇടയായത്. ഭാര്യയും മക്കളും രക്ഷപ്പെട്ടതിൽ പാസ്റ്റർ രാജീവും കുടുംബവും പ്രാർഥനയിലാണ്.
