രാഷ്ട്രീയത്തിൽ പ്രവേശിക്കണമെന്ന് ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ലന്ന് ലോറൻസ്. താൻ വിശ്വസിക്കുന്ന ഒരാൾ രാഷ്ട്രീയത്തിലേക്ക് വന്നാൽ അദ്ദേഹത്തോടൊപ്പം നിന്ന് സമൂഹത്തിന് വേണ്ടി പ്രവർത്തിക്കാനാണ് ആഗ്രഹിച്ചിരുന്നതെന്നും ഒരിക്കലും താൻ പണത്തിനോ പദവിക്കോ വേണ്ടി ലക്ഷ്യമിട്ടിട്ടുമില്ലന്നും അദ്ദേഹം പറഞ്ഞു. ലോറൻസിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
2017ലെ ജെല്ലിക്കെട്ട് പ്രതിഷേധ സമയത്താണ് രാഷ്ട്രീയത്തെ കൂടുതൽ അടുത്തറിയാൻ തുടങ്ങിയത്. യുവജനങ്ങളുടെ വലിയ പ്രക്ഷോഭം തന്നെ അദ്ഭുതപ്പെടുത്തി. തുടർന്ന് സീമാൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിക്കാനായി. തമിഴകത്തിന്റെ സൂപ്പർ സ്റ്റാർ രജനികാന്ത് എന്റെ അച്ഛനെ അല്ലെങ്കിൽ മൂത്ത സഹോദരനെ പോലെയാണ്, രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപന സമയത്ത് താൻ പൂർണ പിന്തുണ നൽകിയിരുന്നു. എന്നാൽ, മന്ത്രിസ്ഥാനം പോലുള്ള പദവികൾ ഒരിക്കലും ലക്ഷ്യമാക്കിയിരുന്നില്ല.
ഞാൻ വിദ്വേഷ രാഷ്ട്രീയത്തിനെതിരേ ഉറച്ച നിലപാടുള്ള ആളാണ്. ജനങ്ങൾക്ക് നല്ലത് ചെയ്യുക മാത്രമാണ് എന്റെ ലക്ഷ്യം. എന്നാൽ, രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള എന്റെ ആഗ്രഹത്തെ ആദ്യം ശക്തമായി എതിർത്തത് അമ്മയാണ്. രാഷ്ട്രീയം മലിനമായ മേഖലയാണെന്ന് പറഞ്ഞ് അമ്മ എന്നെ പിന്തിരിപ്പിച്ചു. അമ്മയാണ് എനിക്ക് എല്ലാം. അതിനാൽ ഞാൻ തീരുമാനം മാറ്റിവച്ചു.
വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതോടെ ഞാൻ ഏറെ ആവേശഭരിതനായിരുന്നു. ഞങ്ങളുടെ സൗഹൃദം സിനിമാ ഗാനങ്ങളുടെ കൊറിയോഗ്രാഫി ചെയ്ത കാലം മുതൽ തുടങ്ങിയതാണ്. വിജയ് കഠിനാധ്വാനം ചെയ്യുന്ന ആളാണെന്ന് എനിക്കറിയാം. അദ്ദേഹത്തിന്റെ വിജയം കണ്ടപ്പോൾ അമ്മയ്ക്കും വിശ്വാസം വന്നു. അതോടെയാണ് അമ്മ രാഷ്ട്രീയ പ്രവേശനത്തിന് അനുമതി നൽകിയത് എന്ന് ലോറൻസ് പറഞ്ഞു.
