വീടു കത്തിച്ചിട്ടും പതറാതെ പിടിച്ചു നിന്ന അസ്‌ക്കറിന് ഒടുവില്‍ പ്രണയസാഫല്യം ! എംബിബിഎസ് വിദ്യാര്‍ഥിനിയും മത്സ്യവില്‍പ്പനക്കാരനും തമ്മിലുള്ള വിവാഹത്തിന് സാക്ഷ്യം വഹിക്കാനെത്തിയത് നൂറുകണക്കിന് ആളുകള്‍…

 കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായ അതിരകത്തെ മുഹമ്മദ് അസ്‌ക്കറിന്റെയും കക്കാട് സ്വദേശിനി ഷഹലയ്ക്കും ഒടുവില്‍ പ്രണയ സാഫല്യം. കക്കാട് ജുമാഅത്ത് പള്ളിയില്‍ വെച്ച് ഇവരുടെ നിക്കാഹ് നൂറുക്കണക്കിന് സുഹൃത്തുക്കളുടേയും അസ്‌ക്കറിന്റെ ബന്ധുക്കളുടേയും സാന്നിധ്യത്തില്‍ നടന്നു. എന്നാല്‍ വധുവിന്റെ വീട്ടുകാരും ബന്ധുക്കളും ചടങ്ങില്‍ നിന്ന് വിട്ടു നിന്നു. പ്രണയത്തിന്റെ പേരില്‍ വീടും വാഹനവും അഗ്‌നിക്കിരയാക്കപ്പെട്ട സംഭവത്തില്‍ ഒടുവിലാണ് അസ്‌ക്കറിന് ഷഹലയെ സ്വന്തമാക്കാന്‍ കഴിഞ്ഞത്.

ഇന്നലെ വൈകിട്ടോടെ കോടതി വഴിയാണ് അസ്‌ക്കറിനൊപ്പം പോകാന്‍ പെണ്‍കുട്ടി തയ്യാറായത്. വീരാജ് പേട്ടയില്‍ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിനിയായ ഷഹലയുമായുള്ള പ്രണയത്തിന്റെ പേരില്‍ ഷഹലയുടെ ബന്ധുക്കള്‍ അസ്‌ക്കറിന്റെ വീടിന് തീവയ്ക്കുകയും തീവെക്കപ്പെടുകയും ബൈക്ക് കത്തിക്കുകയും ചെയ്തിരുന്നു. യുവതിയുമായുള്ള പ്രണയത്തിന് എതിരു നില്‍ക്കുന്ന ബന്ധുക്കളാണ് ഇതിന് പിറകിലെന്ന് അസ്‌ക്കര്‍ ആരോപിച്ചിരുന്നു.

കഴിഞ്ഞ മാസം ഇരുവരും ഒളിച്ചോടിയെങ്കിലും തിരിച്ചു വന്നാല്‍ വിവാഹം നടത്തിത്തരാമെന്ന് സമ്മതിച്ചതിനെത്തുടര്‍ന്ന് നാട്ടില്‍ മടങ്ങിയെത്തുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിന്നീട് വാക്കുമാറുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ അസുഖ ബാധിതയെന്ന് പറഞ്ഞ് യുവതിയെ വീട്ടുകാര്‍ പ്രവേശിപ്പിച്ചിരുന്നു. വിവരമറിഞ്ഞ് എത്തിയ അസ്‌ക്കര്‍ പെണ്‍കുട്ടിയെ മോചിപ്പിച്ച് വനിതാസെല്ലിലേക്ക് ഏല്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് അസക്കറിന് നേരെ മര്‍ദ്ദനവും വീടിനു നേരെ തീവെപ്പും നടത്തിയത്.

എന്നാല്‍ ഇന്നലെ വൈകീട്ട് പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ബന്ധുക്കളാരും എത്തിയിരുന്നില്ല. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ എത്തിയ പെണ്‍കുട്ടി അസ്‌ക്കറിനൊപ്പം പോകാന്‍ താത്പര്യം അറിയിക്കുകയായിരുന്നു. കോടതി മുമ്പാകെ യുവതിയെ ഇന്ന് തന്നെ വിവാഹം കഴിക്കുമെന്നും അസ്‌ക്കര്‍ അറിയിച്ചു. അത് പ്രകാരം ഇന്ന് കക്കാട് ജുമാ മസ്ജിദില്‍ വെച്ച് ഇരുവരുടേയും നിക്കാഹ് നടന്നു.

എം.ബി.ബി.എസ് പൂര്‍ത്തിയാക്കാന്‍ ഇനി രണ്ട് വര്‍ഷം കൂടി ഉണ്ടെങ്കിലും തുടര്‍ന്ന് വിദ്യാര്‍ഥിനിയെ പഠിപ്പിക്കുമെന്നും ഡോക്ടറാക്കുമെന്നും അസ്‌ക്കര്‍ പറഞ്ഞു. അസ്‌ക്കറിന്റെ വീട് അഗ്‌നിക്കിരയായതിനാല്‍ ബന്ധുവീട്ടില്‍ താമസം ഒരുക്കിയിരിക്കയാണ്. ലക്ഷങ്ങള്‍ മുടക്കി പുതുതായി നിര്‍മ്മിച്ച വീടാണ് പ്രണയപ്പകയില്‍ എരിഞ്ഞമര്‍ന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. കണ്ണൂര്‍ കക്കാട് മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനണ് അസ്‌ക്കര്‍.

കഴിഞ്ഞ മൂന്നു വര്‍ഷമായി തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് അസ്‌ക്കര്‍ പറഞ്ഞു. ഈ പ്രണയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞത് മുതല്‍ എതിര്‍പ്പ് തുടങ്ങി. ഇവരെ പിന്തിരിപ്പിക്കാന്‍ വേണ്ടിയായി തുടര്‍ന്നുള്ള പരിശ്രമങ്ങള്‍. ഇവരെ പിന്തിരിപ്പിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബം പരിശ്രമിച്ചിരുന്നു. ഇത് നടക്കാതെ വന്നിലുള്ള അമര്‍ഷമാണ് അക്രമത്തിലേക്കും കയ്യാങ്കളിയിലേക്കും കടന്നത്. പെണ്‍കുട്ടിയുടെ സഹോദരന്‍ കുത്താനുള്ള ശ്രമം തടയാന്‍ ശ്രമിക്കവേ തന്റെ സുഹൃത്തിന് പരിക്കേറ്റതായും അസ്‌ക്കര്‍ പറയുന്നു. ഇതിനു പിന്നാലെയാണ് രാത്രിയില്‍ വീടിന് തീയിട്ടതും. എന്തായാലും ഇരുവരുടെയും പ്രണയം സഫലമായതിന്റെ നിര്‍വൃതിയിലാണ് സുഹൃത്തുക്കളും ഇവരുടെ അഭ്യുദയകാംക്ഷികളും.

Related posts