നൂറിലധികം കുഴിബോംബുകളും മറ്റ് സ്ഫോടകവസ്തുക്കളും കണ്ടെത്തി ഒട്ടേറെപ്പേരുടെ ജീവൻ രക്ഷിച്ച മാഗവ എന്ന എലിയുടെ സ്മരണയ്ക്കായി പ്രതിമ സ്ഥാപിച്ച് കംബോഡിയ. ലോകപ്രശസ്ത അങ്കോർ വാട്ട് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സിയം റീപ്പിലാണ് പ്രതിമ.
ആഫ്രിക്കൻ ജയന്റ് പൗച്ചഡ് എന്ന എലി ഇനത്തിൽപ്പെട്ട മാഗവയ്ക്ക് ബെൽജിയത്തിലെ അപോപോ എന്ന സംഘടനയാണ് കുഴിബോംബ് കണ്ടെത്താൻ പരിശീലനം നല്കിയത്. 2016ൽ കംബോഡിയയ്ക്കു കൈമാറി. വിയറ്റ്നാം യുദ്ധകാലത്തും ഖമർ റൂഷ് ഭരണകാലത്തും കംബോഡിയയിൽ സ്ഥാപിക്കപ്പെട്ട കുഴിബോംബുകൾ കണ്ടെത്തുകയായിരുന്നു മാഗവയുടെ ദൗത്യം.
2021 വരെയുള്ള അഞ്ചു വർഷത്തെ സേവനത്തിനിടെ മാഗവ 1.41 ലക്ഷം ചതുരശ്ര മീറ്റർ പ്രദേശം പരിശോധിച്ച് കുഴിബോംബുകൾ കണ്ടെത്തി. 2021 ജനുവരിയിൽ റിട്ടയർ ചെയ്ത മാഗവ 2021 ജൂണിൽ ചത്തു.
2020ൽ ബ്രിട്ടനിലെ പിഡിഎസ്എയുടെ (പീപ്പിൾസ് ഡിസ്പെൻസറി ഫോർ സിക്ക് ആനിമൽസ്) ഗോൾഡ് മെഡൽ മാഗവയ്ക്കു ലഭിച്ചു. മനുഷ്യന് ഉപകാരം ചെയ്യുന്ന ജീവികൾക്കു നല്കുന്ന ഏറ്റവും വലിയ പുരസ്കാരമാണിത്.
