തിരുവനന്തപുരം: ഡൽഹിയിലെ ചെങ്കോട്ടയിൽ ചെങ്കൊടി നാട്ടുമെന്ന് പറഞ്ഞിരുന്ന സിപിഎം നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു കഴിയുന്നതോടെ ദേശീയ പാർട്ടി അല്ലാതാവുമെന്നു ചെറിയാൻ ഫിലിപ്പ്.
ഇന്ത്യയിലെ രണ്ടാമത്തെ രാഷ്ട്രീയ പാർട്ടിയായിരുന്ന സിപിഎം ഇപ്പോൾ പതിമൂന്നാമത്തെ പാർട്ടിയാണ്. ലോക്സഭയിൽ 4 സീറ്റും വോട്ട് 1.76 ശതമാനവും മാത്രം. ഒരു ദേശീയ പാർട്ടിയാകുന്നതിനുള്ള മാനദണ്ഡങ്ങളിലൊന്ന് നാലു സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയാകണമെന്നതാണ്.
കേരളത്തിൽ തുടരുമെങ്കിലും പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിൽ സിപിഎം സംസ്ഥാന പാർട്ടിയാകാൻ സാധ്യതയില്ല. സംസ്ഥാന പാർട്ടിയാകണമെങ്കിൽ കുറഞ്ഞത് ആറു ശതമാനം വോട്ടും രണ്ടു നിയമസഭാ സീറ്റും നേടണം.
മൂന്നു സംസ്ഥാനങ്ങളിൽ നിന്നായി 11 ലോക്സഭാ സീറ്റും കുറഞ്ഞത് രണ്ടു ശതമാനം വോട്ടും നേടണമെന്നതാണ് മറ്റൊരു മാനദണ്ഡം.അല്ലെങ്കിൽ, നാലു സംസ്ഥാനങ്ങളിൽ നിന്നായി നാലു ലോക്സഭാ സീറ്റും ആറു ശതമാനം വോട്ടും നേടണം.
ഈ രണ്ടു മാനദണ്ഡപ്രകാരവും സിപിഎമ്മിന് ദേശീയ പാർട്ടിയാകാൻ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം അർഹതയില്ലെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
