ശിവസേന-ബിജെപി സഖ്യം അസാധ്യമാക്കിയത് ഫട്‌നാവിസിന്റെ കടുംപിടിത്തം ! ഒടുവില്‍ എന്‍സിപിയുമായി സഖ്യമുണ്ടാക്കിയത് പ്രധാനമന്ത്രിയുടെ നിര്‍ബന്ധപ്രകാരം; അമിത്ഷാ ഇത്തവണ കളത്തിലിറങ്ങിയത് മനസ്സില്ലാ മനസ്സോടെ ?

അതീവ നാടകീയ രംഗങ്ങള്‍ക്കാണ് മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ആരും പ്രതീക്ഷിക്കാത്ത സഖ്യം രൂപീകരിച്ചുകൊണ്ടാണ് ബിജെപിയുടെ ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തത്. ശിവസേനയെ ഒപ്പം നിര്‍ത്തിയുള്ള സര്‍ക്കാര്‍ രൂപീകരണമാണ് അമിത് ഷാ ആഗ്രഹിച്ചത്. എന്നാല്‍ ശിവസേനയുമായി മുഖ്യമന്ത്രി പദം പങ്കിടില്ലെന്ന് ദേവേന്ദ്ര ഫട്‌നാവിസ് കടുംപിടിത്തം നടത്തിയതോടെയാണ് അമിത്ഷായുടെ മോഹം പൊലിഞ്ഞത്.

അതോടെ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് പിന്‍വലിയുകയും ചെയ്തു. എന്നാല്‍ എന്തു വിലകൊടുത്തും മഹാരാഷ്ട്ര നിലനിര്‍ത്തണമെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചതോടെ കളത്തിലിറങ്ങാന്‍ അമിത് ഷാ നിര്‍ബന്ധിതനായി. ഇതിന്റെ ബാക്കിപത്രമായിരുന്നു എന്‍സിപിയുമായി ചേര്‍ന്നുള്ള സര്‍ക്കാര്‍ രൂപീകരണം.

എന്നാല്‍ വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാവുമോ എന്ന സംശയം ഇപ്പോഴും ബിജെപിയ്ക്കും അമിത്ഷായ്ക്കുമുണ്ട്. തെരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി ഭൂപീന്ദര്‍ യാദവാണ് അജിത് പവാറിനെ ഒറ്റ രാത്രികൊണ്ട് ബിജെപി പാളയത്തിലെത്തിച്ചത്.

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ശിവസേന അധികാരത്തിലെത്തുന്നത് മോദിയ്ക്ക് ഒരു തരത്തിലും സഹിക്കാനാവുമായിരുന്നില്ല. ബിജെപിയുടെ പ്രമുഖ നേതാക്കള്‍ പോലും എന്‍സിപിയുമായുള്ള സഖ്യം അറിഞ്ഞിരുന്നില്ല. ഫട്‌നാവിസ് വീണ്ടും മുഖ്യമന്ത്രിയാകുന്നത് അമിത് ഷായ്ക്ക് ഇഷ്ടമല്ലായിരുന്നു എന്നാണ് വിവരം.

ശിവസേനയോടുള്ള അയിത്തം കോണ്‍ഗ്രസില്‍ ഇല്ലാതാവുന്നതിന്റെ വാര്‍ത്തകളും വന്നതോടെ എന്‍സിപിയെ ചാക്കിട്ട് പിടിച്ച് ഭരണത്തിലേറാമെന്ന് ബിജെപി കണക്കു കൂട്ടുകയായിരുന്നു. സഹകരണബാങ്ക് കുംഭകോണത്തില്‍ കുറ്റാരോപിതനാണെന്നതും അജിത് പവാറിനെ മെരുക്കാന്‍ ബിജെപിയ്ക്ക് അനുകൂലമായ ഘടകമായി. എന്തായാലും ഭൂരിപക്ഷം തെളിയിക്കാന്‍ ഫട്‌നാവിസ് സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ അമിത്ഷായുടെ പരാജയമായേ അത് വ്യാഖ്യാനിക്കപ്പെടുകയുള്ളൂ.

Related posts