കേരളത്തില്‍ തൊഴിലില്ലായ്മ ഇത്രയും രൂക്ഷമാണെന്ന് ഇപ്പോഴാണറിയുന്നത്! സ്വന്തം വീട്ടിലെ ഒരാള്‍ക്കാണ് ഈയവസ്ഥ വന്നതെങ്കില്‍ അതും ആസ്വദിക്കുമോ; നടി മല്ലിക സുകുമാരന്‍ പറയുന്നു

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ കണ്ടുവരുന്ന ഒരു പ്രത്യേകതയാണ് ട്രോളുകള്‍. വ്യത്യസ്തമായി തോന്നുന്ന എന്തിനെയും എടുത്തങ്ങ് ട്രോളുക. ഇത്തരത്തില്‍ സോഷ്യല്‍മീഡിയയുടെ ട്രോളുകള്‍ക്ക് ഇരയായിട്ടുള്ള നിരവധിയാളുകളുണ്ട്. ഇന്ന് ഞാന്‍ നാളെ നീ എന്ന രീതിയിലാണ് ട്രോളുകള്‍ക്ക് ആളുകള്‍ ഇരകളാവുന്നത്.

അക്കൂട്ടത്തിലൊരാളാണ് നടി മല്ലിക സുകുമാരന്‍. താരങ്ങളുടെ വീടുകളിലെ വാഹനങ്ങളെ വിഷയമാക്കി ഒരു ചാനല്‍ നടത്തിയ പ്രോഗ്രാമില്‍ മല്ലിക നടത്തിയ ചില പരാമര്‍ശങ്ങളാണ് ട്രോളന്മാര്‍ എടുത്തുപയോഗിച്ചത്. പിന്നാലെ പ്രളയസമയത്ത് ചെമ്പില്‍ കയറി മല്ലിക യാത്ര ചെയ്തതിനെയും ആളുകള്‍ ട്രോളുകയുണ്ടായി.

ഇക്കാര്യത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായമാണ് ഇപ്പോള്‍ മല്ലിക വ്യക്തമാക്കിയിരിക്കുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക ഇക്കാര്യം വ്യക്തമാക്കിയത്.

സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകളില്‍ ഭൂരിഭാഗവും വെറുപ്പും വിദ്വേഷവും ഉളവാക്കുന്നതാണെന്നാണ് മല്ലിക പറയുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക മനസ്സു തുറന്നത്. മല്ലികയുടെ വാക്കുകള്‍ ഇങ്ങനെ…

‘ഞാന്‍ കഴിവതും ഇതിനൊന്നും പ്രതികരിക്കാന്‍ പോകാറില്ല. കേരളത്തിലെ തൊഴിലില്ലായ്മ ഇത്രത്തോളം രൂക്ഷമാണെന്നു ബോധ്യപ്പെട്ടത് ഈ ട്രോളുകള്‍ കണ്ട ശേഷമാണ്. ഇനി അതിലൂടെ കുറച്ചു പേര്‍ക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ അങ്ങനെയാകട്ടെ.

പരിഹസിക്കുന്നവരോട് എനിക്ക് പറയാനുള്ളത്, അവരുടെ നിലപാടില്‍ സത്യസന്ധത വേണമെന്നാണ്. ഒന്നുകില്‍ ശുദ്ധമായ നര്‍മമായിരിക്കണം. അല്ലെങ്കില്‍ കാമ്പുള്ള വിമര്‍ശനങ്ങളായിരിക്കണം. സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വരുന്ന പല ട്രോളുകളും വെറുപ്പും വിദ്വേഷവും ഉളവാക്കുന്നതാണ്.

അമ്മയെ തല്ലിയാലും മലയാളികള്‍ക്ക് രണ്ടു പക്ഷമുണ്ട്. നിലപാടുകള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ നേരത്തെ രാജുവിന്റെ നേര്‍ക്കായിരുന്നു ആക്രമണം. സ്വന്തം വീട്ടിലെ ആരെയെങ്കിലുമാണ് ഇതുപോലെ ട്രോളുന്നത് എങ്കില്‍ എത്രപേര്‍ക്ക് സഹിക്കാനാവും.

അഹങ്കാരി, താന്തോന്നി എന്നിങ്ങനെയായിരുന്നു അവനെ വിശേഷിപ്പിച്ചിരുന്നത്. പിന്നീട് ഈ ആക്രമിച്ചവര്‍ തന്നെ അതെല്ലാം മാറ്റിപ്പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളായി എന്റെ നേരെയാണ് ആക്രമണം’- മല്ലിക പറഞ്ഞു.

Related posts